ദമ്മാം: പ്രശസ്ത സിനിമ അഭിനേതാവും, നാടക പ്രവർത്തകനുമായ പി.സി.സോമന്റെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കലാവേദി അനുശോചിച്ചു.

മികച്ച നടനും നല്ലൊരു മനുഷ്യസ്‌നേഹിയുമായിരുന്നു പി സി സോമൻ.
ട്രാൻവൻകൂർ ടൈറ്റാനിയത്തിലെ ജീവനക്കാരൻ ആയിരുന്ന പി സി സോമൻ ജോലിയോടൊപ്പം നാടകപ്രവർത്തനങ്ങളും സജീവമായി മുന്നോട്ട് കൊണ്ട് പോയി. അമച്വർ നാടകങ്ങളുൾപ്പെടെ മുന്നൂറ്റി അൻപതോളം നാടകങ്ങളിലും, നൂറുകണക്കിന് സീരിയലുകളിലും, റേഡിയോ നാടകങ്ങളിലും, ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. പഴയ ദൂരദർശൻ സീരിയലുകളിൽ അദ്ദേഹം അവതരിപ്പിച്ച ശക്തമായ വേഷങ്ങൾ ഇന്നും ഒരു തലമുറയുടെ ഓർമ്മകളിൽ സജീവമാണ്

അടൂർ ഗോപാലകൃഷ്ണന്റെ ആദ്യസിനിമയായ സ്വയംവരം ആയിരുന്നു പി സി സോമന്റെയും ആദ്യ സിനിമ. അതിനു ശേഷം അടൂർ ഗോപാലകൃഷ്ണൻ സിനിമകളിലെ സ്ഥിര സാന്നിധ്യമായി അദ്ദേഹം മാറി. ജനാധിപത്യം, ധ്രുവം, നരിമാൻ, കൗരവർ, മുതലായ പല വാണിജ്യസിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ചെയ്ത വേഷങ്ങളോടൊക്കെ നീതി പുലർത്തിയ മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ച വെച്ചത്.

പി സി സോമന്റെ നിര്യാണത്തോടെ മികച്ച ഒരു അഭിനേതാവിനെയാണ് മലയാളത്തിന് നഷ്ടമായതെന്നും, അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും നവയുഗം കലാവേദി പ്രസിഡന്റ് നിസാർ ആലപ്പുഴയും, സെക്രട്ടറി സഹീർ ഷായും പറഞ്ഞു.