ദമ്മാം: ജോലിസ്ഥലത്തുണ്ടായ അപകടത്തിൽപ്പെട്ട് കിടപ്പിലായ പശ്ചിമ ബംഗാൾ സ്വദേശി, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

കൽക്കട്ട സ്വദേശിയായ ബാദൽ മണ്ഡൽ പത്തു വർഷമായി സൗദിയിൽ പ്രവാസിയാണ്. കുറേക്കാലം ഒരു സ്‌പോൺസറിന്റെ കീഴിൽ ജോലി ചെയ്തിരുന്നെങ്കിലും, പിന്നീട് അവിടെ നിന്ന് ഒളിച്ചോടിയതിനാൽ, സ്‌പോൺസർ ഹുറൂബ് ആക്കി. ഇവിടെത്തന്നെ ജോലി ചെയ്യുന്ന സഹോദരനുമൊത്ത് കൂലിപ്പണി ചെയ്തായിരുന്നു ജീവിതം.

ഒരു മാസം മുൻപ്, ഒരു ജോലിസ്ഥലത്ത് പണി ചെയ്യുന്നതിനിടയിൽ, സ്‌കാഫോൾഡിങ്ങിൽ നിന്നും വീണ് ബാദലിന് ഗുരുതരമായി പരിക്കേറ്റു. കോബാർ ഷിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട അയാൾ, നട്ടെല്ലിനും, കാലിനും പൊട്ടൽ ഉണ്ടായതിനാൽ കുറച്ചു കാലം കിടപ്പിലായി. ഇൻഷുറൻസ് ഇല്ലാതിരുന്ന ബാദലിനെ ഷിഫ ആശുപത്രി അധികൃതർ നന്നായി സഹായിച്ചു. അവിടത്തെ ചികിത്സയിലൂടെ നിവർന്ന് ഇരിക്കാനും, വീൽചെയറിൽ സഞ്ചരിക്കാനും കഴിയുന്ന അവസ്ഥയായി. തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് അയയ്ക്കാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു.

ഹുറൂബിൽ ആയിരിക്കുകയും, പാസ്സ്‌പോർട്ടും ഇക്കാമയും കാലാവധി കഴിഞ്ഞതിനാലും, നാട്ടിലേയ്ക്ക് മടങ്ങാൻ നിയമകുരുക്കുകൾ ഏറെയായിരുന്നു. തുടർന്ന് ബാദലിന്റെ സഹോദരൻ നവയുഗം ജീവകാരുണ്യപ്രവർത്തകരായ പത്മനാഭൻ മണിക്കുട്ടനെയും മഞ്ജു മണിക്കുട്ടനെയും ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു.

മണിക്കുട്ടനും, മഞ്ജു മണിക്കുട്ടനും കൂടി ഈ കേസ് ഏറ്റെടുത്തു. അവർ ഇന്ത്യൻ എംബസ്സിയെ ബന്ധപ്പെട്ട് ബാദലിന് ഔട്ട് പാസ്സ് എടുത്തു കൊടുത്തു. തർഹീലുമായി ബന്ധപ്പെട്ട് ഫൈനൽ എക്‌സിറ്റും അടിച്ചു. എയർലൈൻസുമായി ബന്ധപ്പെട്ട് വീൽചെയറിൽ വിമാനയാത്ര ചെയ്യാനുള്ള അനുമതി നേടി എടുത്തു. ബാദലിന്റെ സഹോദരൻ കൂടെ യാത്ര ചെയ്യാൻ തയ്യാറായി.

അങ്ങനെ എല്ലാ നിയമനടപടികളും പൂർത്തിയാക്കി, പത്തുവർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച്, ബാദൽ നാട്ടിലേയ്ക്ക് മടങ്ങി.