ദമ്മാം: മോശം ആരോഗ്യാവസ്ഥ മൂലം ദുരിതത്തിലായ വൃദ്ധയായ വീട്ടുജോലിക്കാരി നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയായ അലിയാരു കുഞ്ഞു ലൈല ബീവി നാല് വർഷങ്ങൾക്ക് മുൻപാണ് സൗദി അറേബ്യയിലെ ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ ജോലിക്ക് എത്തിയത്. കരാർ കാലാവധിയൊക്കെ കഴിഞ്ഞിട്ടും സ്‌പോൺസർ ഒരു പ്രാവശ്യം പോലും നാട്ടിലേയ്ക്ക് അവരെ അയച്ചില്ല. അറുപതു വയസ്സുള്ള അവർക്ക് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം ടോയ്ലെറ്റിൽ കാൽ തെറ്റി വീണു പോയ അവർക്ക് നടക്കാൻ പോലും ബുദ്ധിമുട്ട് ആയി. എന്നാൽ സ്‌പോൺസർ വേണ്ടത്ര ചികിത്സ പോലും നൽകാതെ അവരെ അവഗണിക്കുകയായിരുന്നു..

ലൈല ബീവിയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ സാമൂഹ്യപ്രവർത്തകനായ അസീസ് ഉസ്താദ്, നവയുഗം ജീവകാരുണ്യ പ്രവർത്തകയായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട്, അവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിയാക്കാനായി സഹായം അഭ്യർത്ഥിച്ചു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നിർദ്ദേശപ്രകാരം മഞ്ജുവും, പത്മനാഭൻ മണിക്കുട്ടനും ഏറെ അവശയായിരുന്ന ലൈല ബീവിയെ കോബാർ പൊലീസ് സ്റ്റേഷനിലും,പിന്നീട് ദമ്മാം വനിതാ അഭയകേന്ദ്രത്തിലും ഹാജരാക്കി കേസ് റിപ്പോർട്ട് ചെയ്തിട്ട്, ജാമ്യത്തിൽ എടുത്ത് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോയി. ഒരാഴ്ച മഞ്ജുവിന്റെ കുടുംബത്തിന്റെ പരിചരണത്തിൽ കഴിഞ്ഞപ്പോൾ, അവരുടെ ആരോഗ്യനില ഏറെ മെച്ചപ്പെടുകയും വീൽചെയറിന്റെ സഹായമില്ലാതെ നടക്കാൻ കഴിയുന്ന അവസ്ഥയിൽ ആകുകയും ചെയ്തു.

മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് ലൈല ബീവിക്ക് ഔട്ട്പാസ് എടുക്കുകയും, തർഹീലുമായി ബന്ധപ്പെട്ട് ഫൈനൽ എക്‌സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. നിയമനടപടികൾ പൂർത്തിയായപ്പോൾ, അസീസ് ഉസ്താത് തന്നെ വിമാനടിക്കറ്റ് എടുത്തു കൊടുത്തു.

അങ്ങനെ ഒരാഴ്ച കൊണ്ട് തന്നെ ലൈല ബീവിക്ക് നാട്ടിലേയ്ക്ക് പറക്കാൻ കഴിഞ്ഞു.