- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീനിനെ വിളിച്ചപ്പോൾ ഫോൺ എടുത്തത് ഒരു യുക്രെയിൻ വനിത; ഈ ഫോണിന്റെ ഉടമയെ മോർച്ചറിയിലേക്ക് മാറ്റുന്നു എന്ന ചങ്കുതകരുന്ന വാർത്ത; ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു അവൻ; മെഡിക്കൽ വിദ്യാർത്ഥിക്ക് സംഭവിച്ചത് വിവരിച്ച് സ്റ്റുഡന്റ് കോർഡിനേറ്റർ പൂജ
കീവ്: ഇന്ത്യൻ വിദ്യാർത്ഥി നവീൻ റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിലാണ്. നവീൻ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ വേണ്ടി പുറത്ത് പോയപ്പോഴാണ് ജീവൻ നഷ്ടമായതെന്ന് ഖർകീവിലെ സ്റ്റുഡന്റ് കോർഡിനേറ്റർ പൂജ പ്രഹ്രാജ് എൻഡി ടിവിയോട് പറഞ്ഞു.
അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് പൂജ. ' ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു അവൻ. ഹോസ്റ്റലിൽ ഉള്ള മറ്റുള്ള വിദ്യാർത്ഥികൾക്ക് ഞങ്ങൾ ഇവിടെ ഭക്ഷണം കൊടുക്കാറുണ്ട്. എന്നാൽ, നവീൻ താമസിച്ചിരുന്നത്, ഗവർണറുടെ വസതിക്ക് തൊട്ടുപിന്നിലുള്ള ഫ്ളാറ്റിലാണ്. സൂപ്പർ മാർക്കറ്റിലെ ക്യൂവിൽ ഒന്നോ രണ്ടോ മണിക്കൂറായി നിൽക്കുകയായിരുന്നു അവൻ. അപ്പോഴാണ് പെട്ടെന്ന് വ്യോമാക്രമണം ഉണ്ടായത്. ഗവർണറുടെ വസതി ആ ഷെല്ലാക്രമണത്തിൽ തകർന്നു. ഒപ്പം നവീനിന്റെയും ജീവനെടുത്തു', പൂജ പറഞ്ഞു.
നവീനിനെ വിളിച്ചപ്പോൾ ഒരു ഉക്രെയിനിയൻ വനിതയാണ് ഫോൺ എടുത്തത്. ഈ ഫോണിന്റെ ഉടമയെ ഇപ്പോൾ മോർച്ചറിയിലേക്ക് മാറ്റുകയാണെന്ന് ആ വനിത പറഞ്ഞതായും സ്റ്റുഡന്റ് കോർഡിനേറ്റർ അറിയിച്ചു.
കർണാടകക്കാരനായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ (21) ആണ് ഹർകീവിൽ കൊല്ലപ്പെട്ടത്. ഹർകീവ് മെഡിക്കൽ സർവകലാശാലയിൽ നാലാംവർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്.
വിദേശ കാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. മന്ത്രാലയം ഈ വിദ്യാർത്ഥിയുടെ കുടുംബവുമായി ബന്ധപ്പെട്ടു. ഹർകീവിലും മറ്റ് യുക്രെയിൻ നഗരങ്ങളിലും ഉള്ള ഇന്ത്യൻ പൗരന്മാരെ അടിയന്തരമായി സുരക്ഷിതമായി പുറത്തെത്തിക്കാൻ വിദേശകാര്യ സെക്രട്ടറി റഷ്യ, ഉക്രെയിൻ അംബാസഡർമാരെ വിളിച്ച് ആവശ്യപ്പെട്ടു. ഇവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാരും ഇക്കാര്യത്തിൽ പരിശ്രമം തുടരുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു.
റഷ്യൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഹർഖീവ് നഗരത്തിൽ തുടക്കം മുതൽ റഷ്യ കടുത്ത ആക്രമണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ഷെല്ലാക്രമണത്തിന് അൽപം ശമനം വന്നതോടെ വിദ്യാർത്ഥികൾ പലരും പുറത്തിറങ്ങുകയും ഭക്ഷണവും വെള്ളവും മറ്റും ശേഖരിക്കുകയും ചെയ്തിരുന്നു. ചില വിദ്യാർത്ഥികൾ ഹർകീവിൽ നിന്നും ട്രെയിൻ പിടിച്ച് പടിഞ്ഞാറൻ നഗരമായ ലീവിവിലേക്ക് മാറ്റാനും ആലോചിച്ചിരുന്നു. ആറ് ദിവസമായി ഹർഖീവിലെ ഷെൽട്ടറുകളിൽ അഭയം പ്രാപിച്ച ഇന്ത്യൻ വിദ്യാത്ഥികൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടതോടെ ഇന്നും ഇന്നലെയുമായി പുറത്തേക്ക് ഇറങ്ങിയത് എന്നാണ് സൂചന. ഇക്കാര്യത്തിൽ വ്യക്തത വരാനുണ്ട്.
We have confirmed from MEA the unfortunate demise of Naveen Shekharappa in #Ukraine. He was from Chalageri, Haveri; had left for a nearby store to buy something. Later his friend got a call from a local official that he (Naveen) has died: Manoj Rajan, Commissioner, Karnataka SDMA pic.twitter.com/S9iEyYzrx8
- ANI (@ANI) March 1, 2022
കീവ്,ഹർഖീവ്, സുമി നഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് അവിടെ തന്നെ തുടരാൻ ആണ് നേരത്തെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരുന്നു. എന്നാൽ റഷ്യൻ സൈന്യത്തിന്റെ വൻപട കീവിലേക്ക് തിരിച്ചെന്ന വാർത്ത വന്നതോടെ കീവിലെ വിദ്യാർത്ഥികളോട് എത്രയും പെട്ടെന്ന് പടിഞ്ഞാറൻ അതിർത്തിയിലേക്ക് നീങ്ങാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർഖീവിലുള്ളവരോട് അവിടെ തുടരാൻ തന്നെയാണ് നിർദ്ദേശിച്ചത്. ഹർകീവ് നഗരം റഷ്യയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ വിദ്യാർത്ഥികൾ റഷ്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കണമെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ