- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശാസ്തമംഗലത്തെ നവീൻ മാർബിൾസ് ഉദ്ഘാടനം ചെയ്യാൻ എത്തിയത് കോൺസുൽ ജനറൽ നേരിട്ട്; കാട്ടക്കടയിലെ മാർബിൾ മുതലാളിയുമായി അനിൽ നമ്പ്യാർക്കുള്ളത് ആത്മ ബന്ധം; സ്വർണ്ണ കടത്തിലെ കള്ളപ്പണം ഒഴുകിയ വഴി തേടി പോയ കേന്ദ്ര ഏജൻസികൾ എത്തിയത് മാർബിൾ കടയ്ക്ക് മുന്നിലോ? സ്വപ്നയുടെ മൊഴിക്കൊപ്പം ജനം ടിവി കോ-ഓർഡിനേറ്റിങ് എഡിറ്ററെ കുടുക്കാൻ കോൺസുലേറ്റുമായുള്ള ബന്ധത്തിന് തെളിവായി സുഹൃത്തിന്റെ കട ഉദ്ഘാടനവും; നിർണ്ണായക ചിത്രങ്ങൾ മറുനാടന്
കൊച്ചി: സ്വപ്നാ സുരേഷിന്റെ മൊഴിയിൽ കുടുങ്ങി ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കുടുക്കുന്നത് നവീൻ മാർബിൾസ്. നവീൻ മാർബിൾ ഉടമയും അനിൽ നമ്പ്യാരും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. നവീൻ മാർബിൾസിന്റെ ശാസ്തമംഗലത്തെ കടയുടെ ഉദ്ഘാടനത്തിനാണ് കോൺസുൽ ജനറൽ നേരിട്ട് എത്തിയത്. ഇത് നയതന്ത്ര ചട്ട ലംഘനവുമാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ ഇത്തരത്തിൽ ഒരു പരിപാടിക്ക് പങ്കെടുക്കാനാകൂ. സാധാരണ ഇത്തരം പരിപാടികളിൽ കോൺസുൽ ജനറൽ പങ്കെടുക്കാറില്ല. എന്നാൽ അനിൽ നമ്പ്യാരുടെ യുഎഇ കോൺസുലേറ്റിലെ അടുപ്പമാണ് ഇതിന് കാരണം. ഈ ഉദ്ഘാടനത്തിന്റെ ഫോട്ടോകൾ മറുനാടന് ലഭിച്ചു.
കാട്ടക്കടയിലാണ് നവീൻ മാർബിൾസിന്റെ കേന്ദ്രം. ഇതിന്റെ ശാസ്തമംഗലത്തെ ഓഫീസ് ഉദ്ഘാടനമാണ് വിവാദമാകുന്നത്. അനിൽ നമ്പ്യാരും നാല് സുഹൃത്തുക്കളും കൂടി പാർട്ണർഷിപ്പ് ബിസിനസ് ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസ് മനസ്സിലാക്കുന്നത്. ഈ ബിസിനസിൽ നഷ്ടമുണ്ടായപ്പോൾ കേസുണ്ടായി. യുഎഇയിലെ ഈ കേസാണ് സ്വപ്നാ സുരേഷ് ഒതുക്കി തീർത്തത്. നവീൻ മാർബിൾസിന്റെ ഉടമയുമായുള്ള അടുത്ത ബന്ധമാണ് അനിൽ നമ്പ്യാരെ കുടുക്കുന്നത്. സ്വപ്നാ സുരേഷും സരിത്തും സന്ദീപുമായും ഈ സ്ഥാപനത്തിന് അടുത്ത ബന്ധമുണ്ട്. ഇതെല്ലാം കേന്ദ്ര അന്വേഷണ ഏജൻസി കണ്ടെത്തിയതായാണ് സൂചന.
അനിൽ നമ്പ്യാരുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്ന സ്വപ്നയുടെ മൊഴിയാണ് നിർണ്ണായകം. അനിൽ നമ്പ്യാർക്ക് യുഎഇയിലേക്കുള്ള യാത്രാ വിലക്കുണ്ടായിരുന്നു. ഇത് നീക്കി കൊടുത്തത് താനാണ്. ടൈൽസ് കടയുടെ ഉദ്ഘാടനത്തിന് കോൺസുൽ ജനറൽ എത്തിയതും അനിൽ നമ്പ്യാരുടെ ഇടപെടിലലൂടെയാണെന്നും മൊഴിയിലുണ്ട്. മൊഴി പകർപ്പ് പുറത്തു വന്നു. ഇത് അസ്വാഭാവികമാണ്. ഈ സാഹചര്യത്തിൽ യുഎഇ കോൺസുലേറ്റിലെ അനിൽ നമ്പ്യാരുടെ ബന്ധം വ്യക്തമാണെന്നാണ് പുറത്തു വരുന്ന സൂചന.
സ്വർണക്കടത്ത് കേസിൽ ആർഎസ്എസ് ചാനൽ മേധാവി അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതോടെ ഉന്നത ബിജെപി നേതാക്കളും സംശയനിഴലിലാണെന്ന് ദേശാഭിമാനിയും റിപ്പോർട്ട് ചെയ്തു. മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുമായി ബിജെപി നേതാക്കൾക്കുള്ള അടുത്ത ബന്ധം സംബന്ധിച്ച് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ കിട്ടിയതായി സൂചനയുണ്ട്. സ്വപ്ന സുരേഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അനിൽ നമ്പ്യാരെ അന്വേഷണസംഘം ചോദ്യംചെയ്തത്.
അനിൽ നമ്പ്യാരുമായി 2018 മുതൽ ബന്ധമുണ്ടെന്നും സ്വർണക്കടത്ത് പിടിക്കപ്പെട്ട അന്ന് അനിൽ നമ്പ്യാർ തന്നെ വിളിച്ച് സ്വർണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് കൊടുത്ത മൊഴിയിൽ പറയുന്നു.
അറ്റ്ലസ് രാമചന്ദ്രൻ ദുബായിൽ ജയിലായ സമയത്താണ് അനിൽ നമ്പ്യാരുമായി പരിചയപ്പെടുന്നതെന്ന് സ്വപ്ന സുരേഷ് പറയുന്നു. ദുബായിൽ ഒരു വഞ്ചനാക്കേസ് നിലനിൽക്കുന്നതിനാൽ അറസ്റ്റ് ഭയന്ന് അനിൽ നമ്പ്യാർക്ക് ഇവിടേക്ക് വരാൻ സാധിക്കുമാരുന്നില്ല. അറ്റ്ലസ് രാമചന്ദ്രനുമായി ഇന്റർവ്യൂ നടത്തുന്നതിനായി അനിൽ നമ്പ്യാർക്ക് യുഎഇയിലേക്ക് പോകേണ്ടതുമുണ്ടായിരുന്നു. എന്നാൽ കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അത് സാധിക്കുമായിരുന്നില്ല.
അതിനാൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഈയൊരു കാര്യത്തിന് വേണ്ടി രണ്ട് വർഷം മമ്പ് അനിൽ നമ്പ്യാർ സരിത്തിനെ വിളിച്ചിരുന്നു. സരിത്ത് തന്നെ വിളിക്കുകയും വിഷയം താൻ വഴി കോൺസുലേറ്റ് ജനറലിന് മുമ്പിലെത്തിക്കുകയുമായിരുന്നു. കോൺസുലേറ്റ് ജനറലാണ് ദുബായിലെ തന്റെ സ്വാധീനം ഉപയോഗിച്ച് അനിൽ നമ്പ്യാർക്ക് വേണ്ടി പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കിയത്. ഇതിന്റെ നന്ദി അറിയിക്കാനായി 2018-ൽ താജ് ഹോട്ടലിൽ വെച്ച് അനിൽ നമ്പ്യാർ തനിക്ക് അത്താഴവിരുന്ന് നൽകിയെന്നും ഒരുമിച്ച് മദ്യം കഴിച്ചുവെന്നും സ്വപ്ന പറയുന്നു. ഈ മൊഴി അനിൽ നമ്പ്യാർക്ക് വിനയാണ്.
ഇന്ത്യയിലെ യുഎഇയുടെ നിക്ഷേപങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ആരായുകയും ബിജെപിക്ക് വേണ്ടി കോൺസുലേറ്റിന്റെ പിന്തുണ ലഭിക്കാൻ സഹായം ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല അനിൽ നമ്പ്യാരുടെ സുഹൃത്തിന്റെ സ്ഥാപനമായ നവീൻ ടൈൽസിന്റെ ഉദ്ഘാടനത്തിനായി കോൺസുലേറ്റ് ജനറലിനെ എത്തിക്കാനാകുമോയെന്നും ആരാഞ്ഞിരുന്നു. അക്കാര്യം ശരിയാക്കി കൊടുക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
തുടർന്ന് ഞങ്ങൾ വീണ്ടും കാണുന്നത് നവീൻ ടൈൽസിന്റെ ഉദ്ഘാടന വേളയിലാണ്. കോൺസുലേറ്റ് ജനറലിന് എന്ത് സമ്മാനമാണ് നൽകേണ്ടതെന്ന് അനിൽ നമ്പ്യാർ ആരാഞ്ഞിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഉദ്ഘാടന ചടങ്ങിൽ വെച്ച് ആപ്പിളിന്റെ മാക് ബുക്ക് സമ്മാനമായി നൽകി. ഇതിന് ശേഷം ഇടയ്ക്കൊക്കെ അനിൽ നമ്പ്യാർ സൗഹൃദം പുതുക്കുന്നതിന് വേണ്ടി വിളിക്കാറുണ്ടായിരുന്നുവെന്നും സ്വപ്ന നൽകിയ മൊഴിയിൽ പറയുന്നു. അങ്ങനെയിരിക്കെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം പിടികൂടിയ സംഭവം വരുന്നത്. തുടർന്ന് ദുബായിൽ നിന്ന് കോൺസുലേറ്റ് ജനറൽ വിളിച്ച് വാർത്തകൾ അധികം പുറത്തുവരാതിരിക്കാൻ വേണ്ടത് ചെയ്യാൻ നിർദ്ദേശിച്ചു. എന്നാൽ ഞാൻ നിസ്സഹായ ആയിരുന്നു. ഇതിനിടെയാണ് അനിൽ നമ്പ്യാർ തന്നെ വിളിക്കുന്നത്. സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനിൽ നമ്പ്യാർ വിളിച്ചത്. ടി.വിയിൽ വാർത്തകൾ വരുന്നത് കണ്ടാണ് ഇങ്ങനെ വിളിച്ചതെന്നാണ് അനിൽ നമ്പ്യാർ തന്നോട് പറഞ്ഞത്.
തുടർന്ന് അനിൽ നമ്പ്യാർ പറഞ്ഞ വിവരം കോൺസുലേറ്റ് ജനറലിനെ അറിയിച്ചു. തുടർന്ന് പ്രസ്താവന എഴുതി തയ്യാറാക്കി നൽകാൻ അനിൽ നമ്പ്യാരോട് ആവശ്യപ്പെടാൻ കോൺസുലേറ്റ് ജനറൽ നിർദ്ദേശിച്ചു. ഇക്കാര്യം അനിലിനെ അറിയിക്കുകയും അദ്ദേഹം അക്കാര്യം എഴുതി മെയിൽ അയയ്ക്കുകയും ചെയ്തു. സ്വന്തം സുരക്ഷയെ കരുതി ഇക്കാര്യത്തിന് പിന്നാലെ പോയതുമില്ലെന്നും സ്വപ്ന പറയുന്നു. സ്വർണക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ ജനം ടി.വി കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയത്. സ്വർണം വന്നത് നയതന്ത്രബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോൺസുൽ ജനറലിനെക്കൊണ്ട് വാർത്താക്കുറിപ്പിറക്കാൻ സ്വപ്നയെ അനിൽ നമ്പ്യാർ ഉപദേശിച്ചു. കോൺസുൽ ജനറലിന്റെ നിർദ്ദേശപ്രകാരം ഈ വാർത്താക്കുറിപ്പ് തയാറാക്കി നൽകാമെന്ന് അനിൽ നമ്പ്യാർ ഉറപ്പും നൽകി.
സ്വപ്നയുടെ ഈ മൊഴിയിൽ കൃത്യമായ വിശദീകരണം നൽകാൻ അനിൽ നമ്പ്യാർക്ക് കഴിഞ്ഞില്ലെന്നാണ് സൂചന. ആരോപണം എല്ലാം അനിൽ നമ്പ്യാർ നിഷേധിച്ചു. എന്നാൽ കസ്റ്റംസ് ഇത് വിശ്വസിച്ചിട്ടില്ല. ഇതിനൊപ്പമാണ് നവീൻ മാർബിൾസുമായുള്ള ബന്ധം ചർച്ചയാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ