ന്യൂഡൽഹി: ക്രിക്കറ്റിന്റെ ആഘോഷപ്പൊലിമയ്ക്കും ബിസിസിഐയുടെ പണക്കൊഴുപ്പിനും മുന്നിൽ പഴയ കാല പ്രതാപത്തിന്റെ ഓർമകളിലേക്ക് പിൻവാങ്ങിയ ഇന്ത്യയുടെ ദേശീയ കായിക വിനോദമായ ഹോക്കിക്ക് ഒളിമ്പിക്‌സ് വെങ്കല മെഡൽ സമ്മാനിക്കുന്നത് പുനർജനി.

ഹോക്കിക്ക് സമാനമായി ബാഡ്മിന്റണിലും ടെന്നീസിലും, കബഡിയിലുമെല്ലാം അവിസ്മരണീയ നേട്ടങ്ങളുമായി ഇന്ത്യയുടെ പേരും പ്രശസ്തിയും കായികതാരങ്ങൾ ഉയർത്തുമ്പോഴും ക്രിക്കറ്റിനൊപ്പം സഞ്ചരിച്ച ബഹുഭൂരിപക്ഷം കായിക ആരാധകർക്ക് നൽകുന്ന തിരിച്ചറിവുകൂടിയാണ് ഹോക്കിയിലെ സ്വർണത്തോളം പോന്ന വെങ്കല നേട്ടം.

ഇന്ത്യയുടെ ദേശീയ കായിക ഇനമായ ഹോക്കിയെ വീണ്ടും പ്രതാപത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തുന്നതിൽ രാജ്യം കടപ്പെട്ടിരിക്കുന്നത് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനോട്.
കുട്ടിക്കാലത്ത് കൂടെക്കൂട്ടിയ ഹോക്കി എന്ന അഭിനിവേശത്തെ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയപ്പോഴും കൈവിടാതെ കരുതലോടെ ചേർത്തു നിർത്താൻ നവീൻ പട്‌നായിക്ക് കാണിച്ച നല്ല മനസ്സാണ് ടോക്യോയിൽ മെഡലിന്റെ രൂപത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയത്.

41 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ പുരുഷ ടീം മെഡൽ നേടി. പെൺപടയുടെ തീപാറുന്ന പോരാട്ടം കണ്ട് ത്രസിച്ചിരിക്കുകയാണ് ഒരു ജനത. വിജയത്തിന് അവകാശികൾ പലരുണ്ടാകാമെങ്കിലും നവീൻ പട്‌നായിക്കാണ് ഒളിംപിക്‌സിലെ ഇന്ത്യൻ ഹോക്കി മുന്നേറ്റത്തിന്റെ നേരവകാശി.

2018 മുതൽ ജൂനിയർ, സീനിയർ ടീമുകളുടെ ഔദ്യോഗിക സ്‌പോൺസറാണ് ഒഡീഷ. ഒരു ദേശീയ ടീമിനെ സ്‌പോൺസർ ചെയ്ത ആദ്യ സംസ്ഥാനം. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ പുരുഷ, വനിത ടീമുകളുടെ ജീവശക്തിയാണ് നവീൻ പട്‌നായിക്ക്. ഒളിംപിക് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ പാർലമെന്റ് നവീൻ പട്‌നായക്കിനോട് നന്ദി പറഞ്ഞു.



1995 മുതൽ സഹാറയായിരുന്നു ഇന്ത്യൻ ഹോക്കിയുടെ സ്‌പോൺസർ. സാമ്പത്തിക പ്രതിസന്ധിമൂലം സഹാറ സ്‌പോൺസർഷിപ്പിൽ നിന്ന് പിന്മാറിയപ്പോൾ 2018ൽ ഒഡീഷ സർക്കാർ മുന്നോട്ടുവന്നു. നവീൻ പട്‌നായിക്കിന്റെ ആ തീരുമാനം ഭ്രാന്താണെന്നായിരുന്നു പലരും വിമർശിച്ചത്.

പ്രകൃതിദുരന്തങ്ങൾ നിരന്തരം വേട്ടയാടുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു സംസ്ഥാനത്തിന് ഇത്തരം ഒരു ബാധ്യതകൂടി ഏറ്റെടുക്കാൻ കഴിയുമോയെന്ന ചോദ്യം ഉയർന്നു. 100 കോടി രൂപ സംസ്ഥാന ഖജനാവിൽ നിന്ന് ധൂർത്തടിക്കുന്നുവെന്ന് പരിഹസിച്ചവരുണ്ട്. ''ഇന്ത്യൻ ഹോക്കിയുടെ മുന്നേറ്റ യാത്രയിൽ ഒഡീഷയും പങ്കാളിയാകുന്നു'' എന്ന വാക്കുകളോടെ പത്ര പരസ്യം നൽകിയാണ് നവീന് പട്‌നായിക് വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടി നൽകിയത്.

അഞ്ച് വർഷത്തേയ്ക്ക് 150 കോടി രൂപയുടെ സ്‌പോൺസർഷിപ്പ്. സഹാറ പിന്മാറിയതോടെ നിരാലംബമായ ടീമിന് നവീൻ പട്‌നായിക്കിന്റെ ഇച്ഛാശക്തി താങ്ങായി. പഴയ പ്രതാപത്തിന്റെ നഷ്ടബോധത്തിൽ അവഗണനയിലേയ്ക്ക് എല്ലാവരും തള്ളിമാറ്റിയപ്പോൾ അർഥവും അടിസ്ഥാന സൗകര്യവും നൽകി ഇന്ത്യൻ ഹോക്കിയുടെ തലവരമാറ്റാൻ മുന്നിട്ടിറങ്ങി.

ചാംപ്യൻസ് ട്രോഫി, ഹോക്കി വേൾഡ് ലീഗ് തുടങ്ങി നിരവധി മൽസരങ്ങൾക്ക് ഒഡീഷ ആതിഥേയരായി. സർക്കാർ ഉടമസ്ഥതയിൽ ഭുവനേശ്വർ ആസ്ഥാനമായ കലിംഗ ലാൻസേഴ്‌സ് ക്ലബും. 'കായിക മേഖലയ്ക്കുള്ള നിക്ഷേപം യുവത്വത്തിനുള്ള നിക്ഷേപമാണ്. ഭാവിയിലേയ്ക്കുള്ള നിക്ഷേപമാണ്. ഞങ്ങളുടെ സുന്ദർഗഡ് ജില്ലയിലേയ്ക്ക് ഒന്നു പോയി നോക്കൂ. കുട്ടികൾ ഹോക്കി സ്റ്റിക്കുമായി നടക്കുന്നത് കാണാം'' നവീൻ പട്‌നായിക്ക് പറഞ്ഞു.

പൊതുവേ മിതഭാഷിയും ലജ്ജാശീലനുമായ നവീൻ പട്‌നായിക്ക് ഹോക്കിയെ പിന്തുണയ്ക്കാൻ അരയുംതലയും മുറക്കി പൊതുവേദികളിലെത്തി. ട്രൗസറും ടീ ഷർട്ടുമൊക്കെ ധരിച്ച്. വനിത, പുരുഷ ടീമുകളെ നിരന്തരം പ്രചോദിപ്പിച്ചു. ഒളിംപിക്‌സ് സെമിഫൈനലിൽ പരാജയം നേരിട്ടപ്പോൾ ആത്മബലം നൽകി. ഹോക്കി കുട്ടിക്കാലത്തെ ശീലം കൂടിയായിരുന്നു നവീൻ പട്‌നായിക്കിന്.

ഡൂൺ സ്‌കൂളിലെ ഗോൾ കീപ്പർ. 1970 മുതൽ തിരിച്ചടി നേരിടാൻ തുടങ്ങിയ ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവ് നവീൻ പട്‌നായിക്കിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു. മുഖ്യമന്ത്രിയുടെ ഒരോ ചുവടുവയ്‌പ്പിലും ഒഡീഷയിലെ ജനങ്ങൾ ഒപ്പം നിന്നു. മഴയും വെയിലും വകവയ്ക്കാതെ നിറഞ്ഞ സ്റ്റേഡിയങ്ങളിൽ ഹോക്കിയെ ഒഡീഷക്കാർ നെഞ്ചോടുചേർത്തു.

ദിലീപ് ടർക്കിയെന്ന ഹോക്കി താരത്തെ രാജ്യസഭാംഗമാക്കിയ ചരിത്രവും നവീൻ പട്‌നായക്കിന്റെ പാർട്ടിയായ ബിജെഡിക്കുണ്ട്. രാജ്യത്തിന്റെ കായിക ഭൂപടത്തിൽ നവീൻ പട്‌നായിക്കും തലയുയർത്തി നിൽക്കുന്നു. ഇന്ത്യൻ ഹോക്കിയുടെ പുതിയ മുന്നേറ്റങ്ങൾക്കൊപ്പം.