തിരുവനന്തപുരം: നാവിഗന്റ് ബി പി എം (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഭവാനി ബിൽഡിങ്ങിൽ ആരംഭിച്ച പുതിയ കേന്ദ്രത്തിലൂടെ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ചു. ആരോഗ്യ പരിരക്ഷ, സാമ്പത്തിക സേവനം, സാങ്കേതിക പരിശീലനം എന്നീ മേഖലകളിലായി 800ൽ അധികം ജീവനക്കാരെ ഉൾക്കൊള്ളുന്ന നാവിഗന്റ് ഇന്ത്യ ക്യാമ്പസിന്റെ പുത്തൻ വിഭാഗമാണിത്.

2018 ഫെബ്രുവരി 27ന് നടന്ന ഉദ്ഘാടന ചടങ്ങിൽ ഡോ.ശശി തരൂർ എം പിയാണ് അധ്യക്ഷത വഹിച്ചത്. നാവിഗന്റ് ഇന്ത്യ കൺട്രി ഹെഡ് മഹേന്ദ്ര സിങ് റാവത്ത് , ബി പി എം പരിശീലന മേധാവി ബിൽ ജോൺസ് എന്നിവരും മുതിർന്ന നേതൃത്വ സംഘത്തിലെ അംഗങ്ങളും സന്നിഹിതരായിരുന്നു.

പരമ്പരാഗതമായ പൂക്കളം, ശിങ്കാരി മേളം, കേരളീയ കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ് എന്നിവയെല്ലാമുൾപ്പെട്ട വർണാഭമായ ആഘോഷങ്ങളും ഉദ്ഘാടനത്തിന് മാറ്റ് കൂട്ടി. നഗർകോവിലിലും, ടെക്‌നോപാർക്കിലെ പമ്പ, നിള, ഗംഗ എന്നിവിടങ്ങളിലേയും കേന്ദ്രങ്ങളിലാണ് നാവിഗന്റ് ഇന്ത്യ പ്രവർത്തിച്ചു വരുന്നത്. പുത്തൻ കേന്ദ്രം വഴി 1900 ജീവനക്കാരോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന തരത്തിലേക്ക് സ്ഥാപനം ശക്തിപ്പെടും.

ടെക്നോപാർക്കിലെ ഭവാനിയിൽ തങ്ങളുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിൽ സന്തുഷ്ടനാണെന്ന് പറഞ്ഞ ബിൽ ജോൺസ്, ആഗോള നിലവാരം കൈവരിക്കുന്നതിനും വളർച്ചയുടെ പാതയിലേക്ക് തങ്ങളെ നയിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.നാവിഗന്റ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഒരു ദശാബ്ദത്തിന് മുൻപ് തന്നെ ആരംഭിച്ചതാണെന്നും ടെക്‌നോപാർക്കിലെ തങ്ങളുടെ വിവിധ ഓഫീസുകളിൽ പ്രാദേശിക യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും നാവിഗന്റ് കൺട്രി ഹെഡ് മഹേന്ദ്ര സിങ് റാവത്ത് അഭിപ്രായപ്പെട്ടു. ഭവാനിയിൽ വിശാലമായ ഓഫീസ് തുറക്കുന്നതിലൂടെ തങ്ങളുടെ പ്രവർത്തനങ്ങളെയും ഭാവി വളർച്ചയെയും ഏകീകരിപ്പിക്കുവാൻ സാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം, തന്റെ സാന്നിധ്യത്താൽ ചടങ്ങിനെ മഹനീയമാക്കിയ ഡോ ശശി തരൂരിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.