ഛണ്ഡിഗഡ്: പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിലെ 'തർക്കങ്ങളിൽ' താൽക്കാലിക വെടിനിർത്തലെന്ന് സൂചന. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായുള്ള തർക്കങ്ങളുടെ മഞ്ഞുരുകുന്നതിനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടുന്നതാണ് നവ്ജോത് സിങ് സിദ്ദുവിന്റെ പുതിയ ട്വീറ്റുകൾ.

സംസ്ഥാനത്തെ ഊർജപ്രതിസന്ധിയിൽ അമരീന്ദർ സിങ് അടക്കമുള്ളവരെ നിശിതമായി വിമർശിച്ച സിദ്ദു, ഒരാഴ്ചയ്ക്കുശേഷം ഇത് കോൺഗ്രസിന്റെ എതിരാളികളിലേക്ക് മാത്രമായി ആക്രമണം ചുരുക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ബാദൽ കുടുംബം നേതൃത്വം നൽകുന്ന അകാലി ദൾ എന്നിവർക്കെതിരെ മാത്രമാണ് സിദ്ദു ശനിയാഴ്ച രംഗത്തെത്തിയത്. രണ്ടു ട്വീറ്റുകളിലും അമരീന്ദർ സർക്കാരിനെതിരെ ഒരു പരാമർശവുമില്ല.

കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ ശ്രമങ്ങൾ ഇരുവർക്കുമിടയിലുള്ള ബന്ധത്തിൽ പുരോഗതിയുണ്ടാക്കിയിട്ടുണ്ടാകാമെന്ന് അനുമനിക്കാൻ ഇതുതന്നെ ധാരാളമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച ഊർജ പ്രതിസന്ധിയിൽ അമരീന്ദറിനെ വിമർശിച്ച് സിദ്ദു ഒരുപറ്റം ട്വീറ്റുകൾ നടത്തിയിരുന്നു. 'പഞ്ചാബിൽ പവർകട്ടിന്റെയോ, മുഖ്യമന്ത്രിക്ക് ഓഫിസ് സമയത്തിലും സാധാരക്കാർക്ക് എസി ഉപയോഗത്തിലും നിയമന്ത്രണത്തിന്റെയോ ആവശ്യമില്ല... നമ്മൾ ശരിയായ ദിശയിൽ പ്രവർത്തിച്ചാൽ' എന്ന് മുൻ ക്രിക്കറ്റ് താരം ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ സിദ്ദു എട്ടുലക്ഷം രൂപ വൈദ്യുതി കുടിശിക അടയ്ക്കാനുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു. തുടർന്ന് ഡൽഹിയിലെത്തി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അമരീന്ദർ കോൺഗ്രസ് ഹൈക്കമാന്റ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതും വെടിനിർത്തലിലേക്ക് നീങ്ങുന്നുവെന്ന സൂചനയായി. കഴിഞ്ഞയാഴ്ച പ്രിയങ്കയും രാഹുലുമായി സിദ്ദുവും രാജ്യതലസ്ഥാനത്ത് ചർച്ച നടത്തിയിരുന്നു.