ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ പഞ്ചാബിലെ പാർട്ടിക്കുള്ളിലെ രൂക്ഷമായ തർക്കം പരിഹരിക്കാൻ ഒത്തുതീർപ്പ് ഫോർമുലയുമായി കോൺഗ്രസ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ പ്രധാന എതിരാളി നവജ്യോത് സിങ് സിദ്ധുവിനെ പാർട്ടി അധ്യക്ഷനായി കോൺഗ്രസ് ഉടൻ പ്രഖ്യാപിച്ചേക്കും.

നിലവിലെ അധ്യക്ഷൻ സുനിൽ ജാക്കറിനെ മാറ്റിയാകും സിദ്ധുവിന്റെ നിയമനം. ഒപ്പം രണ്ട് വർക്കിങ് പ്രസിഡന്റുമാരേയും നിയമിക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.
2017 തിരഞ്ഞെടുപ്പിന് ശേഷമാണ് അമരീന്ദർ സിങും സിദ്ധുവും തമ്മിലുള്ള തർക്കം രൂക്ഷമായത്.

ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി അമരീന്ദർ സിങ് മന്ത്രിസഭയിൽ അഴിച്ചുപണിക്കുള്ള സാധ്യതയുമുണ്ട്. ചരഞ്ജിത് ചാന്നി, ഗുർപ്രീത് കംഗർ എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടും.നിയമസഭാ സ്പീക്കർ റാണ കെ.പി.സിങ്, എംഎൽഎ രാജ്കുമാർ വെർക, ദളിത് സമുദായത്തിൽ നിന്നുള്ള മറ്റൊരു എംഎൽഎ തുടങ്ങിയ മൂന്നോ നാലോ പേർ പുതുതായി മന്ത്രിസഭയിൽ എത്തുമെന്നാണ് സൂചന.

സോണിയ ഗാന്ധി നിയോഗിച്ച മൂന്നാംഗ സമിതിക്ക് മുമ്പാകെ എംഎൽഎമാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ദളിത് സമുദായത്തിന് മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്നുള്ളത്.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മുഖ്യമന്ത്രി അമരീന്ദർ സിങും നവജ്യോത് സിങ് സിദ്ദുവും കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒത്തുതീർപ്പ് ഫോർമുല പുറത്ത് വരുന്നത്.

കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അമരീന്ദർ സിങ് പറഞ്ഞിരുന്നത്. പഞ്ചാബ് ഉപമുഖ്യമന്ത്രിയായി സിദ്ധു വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അമരീന്ദർ സിങ് ഈ നീക്കം തടയുകയായിരുന്നു. സിദ്ധുവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെങ്കിലും തർക്കത്തെ തുടർന്ന് രാജിവെച്ചിരുന്നു.