- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ് പ്രതിയെന്ന് കേട്ടപ്പോൾ ഞെട്ടലുണ്ടാക്കി; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി നവ്യ നായർ; തന്റെ സ്ഥാനത്ത് ആരായാലും അത് ഞെട്ടൽ ഉണ്ടാക്കും; പിന്നിട് ദിലീപുമായി സംസാരിച്ചിട്ടില്ല; ആവശ്യമില്ലാത്ത പ്രശ്‌നങ്ങളിലേക്ക് കടക്കാൻ പറ്റില്ലെന്നും നവ്യ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയാണെന്ന വാർത്ത ഞെട്ടൽ ഉളവാക്കിയെന്ന് നടി നവ്യ നായർ. തന്റെ ആദ്യ സിനിമയിൽ ദിലീപ് ആയിരുന്നു നായകൻ. ആ ചിത്രത്തിൽ തന്നെ തെരഞ്ഞെടുത്തത് ദിലീപും മഞ്ജു വാര്യരും ചേർന്നാണ്. തന്റെ സ്ഥാനത്ത് ആരായാലും അത് ഞെട്ടൽ ഉണ്ടാക്കുമെന്ന് നവ്യ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സിൽ സംസാരിക്കുകയായിരുന്നു നവ്യ.
'തീർച്ചയായും ഞെട്ടൽ ഉണ്ടാക്കി. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ദിലീപേട്ടൻ. എന്റെ ആദ്യത്തെ ചിത്രത്തിലെ നായകനായിരുന്നു. അദ്ദേഹവും മഞ്ജു ചേച്ചിയും ചേർന്ന് തെരഞ്ഞെടുത്തതുകൊണ്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. സിബി അങ്കിൾ എന്നെ കൊണ്ട് മോണോ ആക്ട് ചെയ്യിപ്പിച്ച് അതിന്റെ വീഡിയോ അവർക്ക് അയച്ചു കൊടുത്തു. അവർ രണ്ടുപേരും ഓക്കേ പറഞ്ഞതുകൊണ്ടാണ് എനിക്ക് അങ്ങനെ ഒരു ജന്മം കിട്ടിയത്. എന്റെ സ്ഥാനത്ത് ആരായാലും അത് ഞെട്ടൽ ഉണ്ടാക്കും. എന്നാൽ ദിലീപുമായി സംസാരിച്ചിട്ടില്ല. ഞാനും ഒരു കുടുംബസ്ത്രീയാണ്. ആവശ്യമില്ലാത്ത പ്രശ്‌നങ്ങളിലേക്ക് കടക്കാൻ പറ്റില്ല', നവ്യ പറഞ്ഞു.
അതിജീവിതയായ നടിയുടെ തിരിച്ചുവരവ് നിരവധി സ്ത്രീകൾക്ക് പ്രചോദനം ആണെന്നും നവ്യ പറയുന്നു. 'അവൾ അതിജീവിച്ച് തിരിച്ചുവന്ന് ഒരു അഭിമുഖം നൽകാൻ അഞ്ച് വർഷമെടുത്തു. നമ്മൾ ആരെങ്കിലും ഒരു പോസ്റ്റ് ഇട്ടാൽ അതിൽ ലൈക്ക് ചെയ്യും അല്ലെങ്കിൽ ഷെയർ ചെയ്യും. അതിനപ്പുറത്തേക്ക് നമ്മൾ ഒന്നും അനുഭവിക്കുന്നില്ല. അതിനാൽ അവൾക്കൊപ്പം ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും ആൾക്കൂട്ടത്തിൽ ഒറ്റയ്ക്ക് തന്നെയാണ്. അതിൽ നിന്ന് അതിജീവിച്ച് വരുമ്പോൾ സാധാരണക്കാരായ ഇരകൾക്കും അതിജീവിതരാകാൻ പ്രചോദനം നൽകുമെന്നും നവ്യ തുടർന്നു.
ആക്രമണം നേരിട്ടപ്പോൾ അതിജീവിതയ്ക്ക് പിന്തുണ നൽകിയവരാണ് ഭൂരിഭാഗം പേരും. ചിലർ മാത്രമാണ് അല്ലാതെ പ്രവർത്തിച്ചത്. അത്തരക്കാരുടെ പേരിൽ മുഴുവൻ സിനിമ വ്യവസായത്തെ പഴിക്കേണ്ടതില്ലെന്ന് നടി പറയുന്നു. 'അവൾക്ക് ഭൂരിഭാഗം പേരും പിന്തുണ നൽകിയിരുന്നു. വളരെ ചുരുക്കം പേർ മാത്രമാണ് അല്ലാതെയിരുന്നത്. അതിപ്പോ എന്ത് സംഭവം ഉണ്ടായാലും 80 ശതമാനം പേർ പിന്തുണച്ചാലും 20 ശതമാനം എതിർത്ത് വരും. അതിന് നമുക്ക് സിനിമയെ കുറ്റം പറയാൻ പറ്റില്ല. അത് വ്യക്തി അധിഷ്ടിതമാണ്', നവ്യ വ്യക്തമാക്കി.
താനും വിഷയത്തിൽ നടിക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു. എന്നാൽ തനിക്ക് അറിയാത്ത വിഷയങ്ങളിൽ പ്രതികരണം രേഖപ്പെടുത്തിയില്ല എന്നും നവ്യ പറയുന്നു. 'ഞാനും പിന്തുണയ്ക്കുന്ന വ്യക്തിയാണ്. ഞാൻ ഒരിക്കലും ഡിപ്ലോമാറ്റിക്ക് ആയി നിന്നിട്ടില്ല. എന്നാൽ അറിയാൻ പാടില്ലാത്ത വിഷയങ്ങളിൽ ഒരിക്കലും പ്രതികരിച്ചിട്ടില്ല', നവ്യ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ