ഇസ്ലാമാബാദ്: ഭീകര സംഘടനയായ അൽ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിൻ ലാദനിൽനിന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് കൈക്കൂലി വാങ്ങിയെന്ന് ആരോപണം. അഫ്ഗാനിസ്ഥാനിലും കശ്മീരിലും ജിഹാദിനു സാമ്പത്തിക സഹായം നൽകാനാണ് ഷെരീഫ് ബിൻ ലാദനിൽനിന്നു കൈക്കൂലി വാങ്ങിയതെന്നാണ് ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) പാർട്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ ഒരുങ്ങുകയാണ്.

വരുന്ന ആഴ്ചയിൽത്തന്നെ ഷെരീഫിനെതിരെ ഹർജി നൽകുമെന്ന് പിടിഐ വക്താവ് ഫവാദ് ചൗധരി അറിയിച്ചതായി പാക്ക് മാധ്യമമായ എക്സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ഖാലിദ് ഖവാജ: ഷഹീദ് ഇ അമാൻ എന്ന പേരിലുള്ള പുസ്തകത്തിൽനിന്നുള്ള വിവരങ്ങളെ ആസ്പദമാക്കിയാണ് ആരോപണങ്ങൾ. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഒരു ചാരനായ ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമ ഖാലിദ് ആണ് പുസ്തകം എഴുതിയിരിക്കുന്നത്. 2010ൽ ഖാലിദ് ഖവാജയെ പാക്ക് താലിബാൻ വധിച്ചിരുന്നു.

കശ്മീരിലും അഫ്ഗാനിസ്ഥാനിലും ജിഹാദിനായി 1.5 ബില്യൺ തുക ഷെരീഫ് ബിൻ ലാദനിൽനിന്നു വാങ്ങിയെന്നു പുസ്തകത്തിൽ പറയുന്നുണ്ട്. പിന്നീട് ഈ പണത്തിൽനിന്ന് 270 മില്യൺ തുക 1989ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ്‌ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ഉപയോഗിച്ചതായും പുസ്തകം വ്യക്തമാക്കുന്നു.

അതേസമയം, ഷെരീഫിനെതിരായ അസ്ഘർ ഖാസ് കേസിലെ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു മറ്റൊരു ഹർജിയും ഫയൽ ചെയ്യുമെന്ന് ചൗധരി അറിയിച്ചു. രണ്ടുകേസുകളം ഈ ആഴ്ചയിൽതന്നെ ഫയൽ ചെയ്യാനാണു പിടിഐയുടെ നീക്കം.