തിരുവനന്തപുരം: ഐ എസ് എൽ കലാശപ്പോരിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണയും ആശംസയുമായി നയാഗ്ര വെള്ളച്ചാട്ടം മഞ്ഞയിൽ പ്രദർശിപ്പിക്കും. മാസ് നയാഗ്ര കൂട്ടായ്മ സിറ്റി ഓഫ് നയാഗ്ര ഫാൾസുമായി സഹകരിച്ചാണ് വേറിട്ട ആഘോഷം സംഘടിപ്പിക്കുന്നത്. രാത്രി എട്ടുമണിമുതലാണ് വെള്ളച്ചാട്ടം മഞ്ഞയിൽ ദൃശ്യമാകുക.കേരള ബ്ലാസ്റ്റേഴ്‌സിനോടുള്ള സ്‌നേഹവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായാണ് 'സിറ്റി ഓഫ് നയാഗ്ര ഫാൾസുമായി' സഹകരിച്ച് വേറിട്ട പരിപാടി ഒരുക്കുന്നത്

അതേസമയം കേറിവാടാ മക്കളേ... ഐഎസ്എൽ ഫൈനലിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് വീഡിയോയിലൂടെ മഞ്ഞപ്പട ആരാധകരെ ക്ഷണിച്ചത് ഇങ്ങനെയായിരുന്നു. ആശാന്റെ ക്ഷണം സ്വീകരിച്ച് കലാശപ്പോര് കാണാൻ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ആരാധകർ ഗോവയിലേക്ക് ഒഴുകുന്നതാണ് പിന്നീട് കണ്ടത്. ഹൈദരാബാദിനെതിരായ ഫൈനലിന് മുമ്പ് ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകരും കളത്തിലെത്തിയപ്പോൾ മഞ്ഞപ്പട ആരാധകരെ നേരിൽക്കണ്ട് നന്ദിയറിയിച്ചു ഇവാൻ വുകോമനോവിച്ച്.

ഗോവയിലെ ഫറ്റോർഡയിലാണ് ഹെദരാബാദ് എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിന് വേദിയാവുക. പരിക്കുമാറി ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിലെത്തി എന്നതാണ് പ്രധാന സന്തോഷ വാർത്ത. അതേസമയം പരിക്കിന്റെ പിടിയിലുള്ള മലയാളി താരം സഹൽ അബ്ദുൽ സമദ് സ്‌ക്വാഡിലില്ല. മലയാളി താരം രാഹുൽ കെ പി സ്റ്റാർട്ടിങ് ഇലനിൽ കളിക്കും. ജയിച്ചാൽ ബ്ലാസ്റ്റേഴ്സിനും ഹൈദരാബാദിനും അവരുടെ കന്നിക്കിരീടം ഉയർത്താം.