ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര രഹസ്യവിവാഹത്തിന് ഒരുങ്ങുന്നതായി വിവരം. സംവിധായകനും കാമുകനുമായ വിഘ്നേഷ് ശിവയ്ക്കൊപ്പം രഹസ്യ വിവാഹത്തിന് നയൻസ് ഒരുങ്ങിയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ പുതിയ പ്രേമമായ വിഘ്നേഷിനെപ്പറ്റിയുള്ള ഗോസിപ്പുകൾ ചുറ്റിത്തിരിയാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അതിനിടെയാണ് ഇരുവരും വിവാഹിതരാകാൻ പോവുകയാണെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.

വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുവരവേയാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വിഘ്നേഷ് ട്വിറ്ററിൽ പങ്കുവച്ചു.ഇരുവരും ഒന്നിച്ച് അമേരിക്കയിൽ പിറന്നാൾ ആഘോഷിച്ച ചിത്രങ്ങൾ വൈറലായിരുന്നു. ഈ ചിത്രങ്ങൾ ഉയർത്തിയാണ് മാധ്യ മങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇതിനിടയിൽ നയൻസ് ചെന്നൈയിൽ പുതിയ വീടു വാങ്ങിയതായും കാമുകന് ആഡംബര കാർ സമ്മാനമായി നൽകിയതായും വാർത്തകൾ വന്നിരുന്നു.
മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമ ലോകത്ത് എത്തി ഗ്ലാമർ നായികയായി മാറുകയും പിന്നീട് തെന്ത്യൻ ചലച്ചിത്രമേഖലയിൽ ഒരു അവിഭാജ്യ ഘടകമായി ആരെയും അമ്പരപ്പിക്കുന്ന വിധമായിരുന്നു നയൻതാരയുടെ വളർച്ച. രാജറാണി എന്ന ചിത്രത്തിലൂടെയായിരുന്നു നയൻതാര ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഗ്ലാമർ നായിക എന്ന ലേബലിൽ നിന്ന് മികച്ച നടി നിലയിലേക്കുള്ള നയൻതാരയുടെ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.

ഇതിനിടെ പ്രണയവും പ്രണയ പരാജയങ്ങളും നയൻതാരയുടെ കരിയറിൽ പലതവണ സംഭവിച്ചിരുന്നു. നടനും സംവിധായകനുമായ പ്രഭുദേവയും നയൻതാരയും ഹൈദരാബാദിൽ വച്ച് രഹസ്യവിവാഹം ചെയ്തതായി തമിഴ് പ്രസിദ്ധീകരണങ്ങളിൽ മുമ്പ് വാർത്ത വന്നിരുന്നു.