തിരുവനന്തപുരം: ഇകെ നായനാർ സ്മാരകത്തിനായി 20 കോടി ഒറ്റ ദിവസം കൊണ്ട് പിരിച്ചെന്ന കണക്ക് വെറും കളവോ? സിപിഎമ്മിന്റെ അവകാശവാദം സാമാന്യബോധത്തിനു നിരക്കുന്നതല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിപ്പണം വെളുപ്പിക്കാനുള്ള കണക്കാണോ ഇതെന്നു ചെന്നിത്തല ചോദിച്ചു.

'നായനാർക്കു സ്മാരകം നിർമ്മിക്കുന്നതു നല്ലതു തന്നെ. പക്ഷേ, അതിനായി ബക്കറ്റുമായി നടന്ന് ഒരുദിവസം കൊണ്ട് 20 കോടി പിരിച്ചെന്നു പറഞ്ഞാൽ അതു യുക്തിസഹമല്ല. കേരളത്തിലെ ഒരു രാഷ്ട്രീയപ്പാർട്ടിക്കും അതിനു സാധിക്കുമെന്നു തോന്നുന്നില്ല.' - രമേശ് ചെന്നിത്തല

അതേസമയം കോൺഗ്രസുകാർ പിരിക്കാൻ ചെന്നാൽ ബക്കറ്റിൽ കല്ലുകിട്ടുന്നതു കൊണ്ടാണു രമേശ് ചെന്നിത്തലയുടെ ഈ ആരോപണമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎമ്മിന് അതിനുള്ള സംഘടനാശേഷിയും നായനാർക്ക് അത്തരം സ്വീകാര്യതയുമുണ്ടെന്നു മനസ്സിലാക്കണമെന്നും കോടിയേരി 'മനോരമ'യോടു പറഞ്ഞു.

'മുപ്പതിനായിരത്തോളം വരുന്ന ബ്രാഞ്ചുകളുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളാണ് ഇത്രയും പണം പിരിച്ചത്. ലോക്കൽ കമ്മിറ്റികൾ നായനാർ സ്മാരകത്തിനുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു.' - കോടിയേരി ബാലകൃഷ്ണൻ