കൊച്ചി: കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റുമായ ഇകെ നായനാരുടെ ചരമദിനമാണിന്ന്. ഈ ദിനം പിണറായി വിജയൻ സർക്കാരിനിട്ട് പണികൊടുക്കാൻ തെരഞ്ഞെടുത്തിരിക്കുകയാണ് നയനാരുടെ മകൻ. പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ കടന്നാക്രമണം നടത്തിക്കൊണ്ടാണ് നായനാരുടെ മകൻ രംഗത്തെത്തിയിരിക്കുന്നത്. മനോരമ ദിനപത്രത്തിൽ കെപി കൃഷ്ണകുമാറെഴുതിയ ലേഖനത്തിലാണ് പിണറായി സർക്കാരിനും മുഖ്യമന്ത്രിക്കും മുനകളോടെയുള്ള പരാമർശങ്ങളുള്ളത്. പിണറായി വിജയൻ സർക്കാരിനെതിരെയുള്ള പരോക്ഷ വിമർശനമാണ് ലേഖനം.

നിലവിൽ ശാസ്തമംഗലത്ത് താമസിക്കുന്ന കൃഷ്ണകുമാർ, സിപിഐഎം അംഗമാണ്. ലേഖനം കണ്ണൂർ രാഷ്ട്രീയത്തിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കൃഷ്ണ കുമാർ ആഗ്രഹിച്ചിരുന്നു. എന്നാൽ സിപിഎമ്മിന് മക്കൾ രാഷ്ട്രീയത്തോടുള്ള താൽപ്പര്യക്കുറവ് വിനയായി. നേരത്തെ കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നയനാരുടെ മകൾ മത്സരിച്ചിരുന്നു. എന്നാൽ ജയിക്കാനായില്ല. ഇതു കൂടി പരിഗണിച്ചാണ് കൃഷ്ണ കുമാറിന് സീറ്റ് നൽകാതിരുന്നത്. പിണറായി വിജയനായിരുന്നു കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ ശ്രമിച്ചതെന്നതും ഏറെ ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നയനാരുടെ ഭാര്യയുടെ അനുഗ്രഹം തേടിയ ശേഷമായിരുന്നു പിണറായി പ്രചരണം പോലും തുടങ്ങിയത്. അത്തരത്തിൽ നയനാരുടെ കുടുംബത്തെ എന്നും അംഗീകരിച്ച പിണറായി വിജയന് നേരെയാണ് കൃഷ്ണകുമാറിന്റെ ഒളിയമ്പുകൾ.

'നമുക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു' എന്ന തലക്കെട്ടോടെയാണ് മനോരമയിലെ കൃഷ്ണകുമാറിന്റെ ലേഖനം. ഇന്ന് രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോൾ അത് അച്ഛൻ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നെങ്കിൽ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നാലോചിക്കാറുണ്ടെന്ന് ലേഖനത്തിൽ കൃഷ്ണകുമാർ പറയുന്നു. ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകാറുള്ള പല വിവാദങ്ങളും നായനാർ ഒരൊറ്റദിവസം കൊണ്ട് തീർക്കാറുണ്ടെന്നും കൃഷ്ണകുമാർ ഓർമ്മിപ്പിക്കുന്നു, ആരെയെന്ന് വ്യക്തം. പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് നായനാർക്കുണ്ടായിരുന്നു. സൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങൾ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോൾ അച്ഛനെ ഓർമ്മ വരുമെന്ന് കൃഷ്ണകുമാർ പറയുമ്പോൾ, വിമർശന മുന കൊള്ളുന്നത് പിണറായി സർക്കാരിന് തന്നെയാകും.

സെൻകുമാർ കേസിലെ വിമർശനവും മുന്നോട്ടുവെക്കുന്നത്. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ എൽഡിഎഫിന്റെ ആൾ, യുഡിഎഫിന്റെ ആൾ എന്ന രീതിയിൽ നായനാർ വേർതിരിച്ചുകണ്ടിരുന്നില്ലെന്നും കൃഷ്ണകുമാർ പറയുന്നു. ജോലി കണ്ടാണ് ഓരോരുത്തരെയും നായനാർ അളന്നിരുന്നത്. കഴിഞ്ഞ സർക്കാരിന്റെ അടുപ്പക്കാരനായിരുന്നു എന്നതുകൊണ്ട് ഒരു ഉദ്യോഗസ്ഥനെയും അച്ഛൻ അകറ്റി നിർത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇകെ നായനാരുടെ കാലത്ത് ഐഎഎസ്-ഐപിഎസ് വിവാദങ്ങൾ ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാർ ഓർമ്മിപ്പിക്കുന്നു. ഇതും പിണറായി വിജയനുള്ള വിമർശനമാണ്. നായനാരുടെ വിശ്വസ്തനായിരുന്നു സെൻകുമാർ. സർക്കാരിന്റെ താൽപര്യമില്ലായ്മയുടെ പേരിലാണ് പൊലീസ് ഡിജിപി സ്ഥാനത്ത് നിന്ന് പിണറായി സർക്കാർ സെൻകുമാറിനെ മാറ്റിയിരുന്നത്. ഇതിനെ ശക്തമായ ഭാഷയിൽ നേരിട്ട് തന്നെ വിമർശിക്കുകയാണ് നായനാരുടെ മകൻ.

അപ്രതീക്ഷിതമായി പല രാഷ്ട്രീയനേതാക്കളും പറയുന്ന പല വാക്കുകളും വിവാദമാകാറുണ്ട്. പക്ഷെ, ജനം നായനാർക്ക് ഒരു ആനുകൂല്യം നൽകിയിരുന്നുവെന്നും കൃഷ്ണകുമാർ പറയുന്നു. നായനാർ ഒരു കാര്യം പറഞ്ഞാൽ അതിൽ അദ്ദേഹത്തിന് വ്യക്തിതാൽപര്യങ്ങളുണ്ടാകില്ലെന്ന് ജനങ്ങൾക്കറിയാമായിരുന്നു. അതിനാൽ തന്നെ അദ്ദേഹം പറയുന്നത് ശരിയാകുമെന്ന് ജനം വിലയിരുത്തും. നായനാർ പറഞ്ഞതല്ലെ എന്ന് പറഞ്ഞ് ജനം അത് ലഘൂകരിച്ച് കാണുമെന്നും കൃഷ്ണകുമാർ വിശദീകരിക്കുന്നു. രാഷ്ട്രീയത്തിനപ്പുറമുള്ള നായനാരുടെ സൗഹൃദവും കൃഷ്ണകുമാർ ലേഖനത്തിൽ വിവരിക്കുന്നുണ്ട്.

ഓരോ പദ്ധതി രൂപകൽപ്പന ചെയ്യുമ്പോളും സാധാരണക്കാരന് ഇതുകൊണ്ട് എന്ത് പ്രയോജനം ലഭിക്കുമെന്ന് അച്ഛൻ ഉദ്യോഗസ്ഥരോട് ചോദിക്കാറുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു. പതിനൊന്ന് വർഷം കേരളാ മുഖ്യമന്ത്രിയായിരുന്ന ഒരാൾക്ക് നേരെ ഒരു അഴിമതിയാരോപണം പോലും ഉണ്ടായിട്ടില്ലെന്നത്. ഇക്കാലത്തെ രാഷ്ട്രീയക്കാർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.