മുമ്പ് തന്റെ സുഹൃത്തായ നയൻതാരയ്‌ക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ആളാണ് നടി തൃഷ. തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിട്ടും ഇതുവരെ ഒന്നിച്ച് അഭിനയിക്കാൻ പറ്റിയില്ലെന്നായിരുന്നു നടിയുടെ വിഷമം. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത്. തൃഷ നയൻതാര ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ്.

സംവിധായകൻ വിഘ്‌നേഷ് ശിവൻ നയൻതാരയെയും തൃഷയെയും നായികമാരാക്കി പ്ലാൻ ചെയ്ത ചിത്രത്തിൽ നിന്നുമാണ് തൃഷ പിന്മാറിയിരിക്കുന്നത്. തമിഴകത്ത് വൻ വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞു തൃഷയുടെ ഈ പിന്മാറ്റം. തമിഴകത്തെ ഒന്നാം നിര നായികമാരാണ് തൃഷയും നയൻതാരയും. എന്നാൽ ഇരുവരും ഒന്നിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഈഗോ കാരണമാണോ തൃഷ പിന്മാറിയത് എന്നും, വിഘ്‌നേഷാവുമ്പോൾ സ്വാഭാവികമായും കാമുകിയായ നയൻതാരയ്ക്കായിരിക്കാം ചിത്രത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കുക എന്ന ചിന്തയാണ് ചിത്രത്തിൽ നിന്നും പിന്മാറാൻ നടിയെ പ്രേരിപ്പിച്ചതെന്നും പാപ്പരാസികൾ പറയുന്നുണ്ട്.

എന്നാൽ ആവശ്യപ്പെട്ട പ്രതിഫലം ലഭിക്കാത്തതു മൂലമാണ് തൃഷ പിന്മാറിയത് എന്നും പറയപ്പെടുന്നു. എന്തായാലും തൃഷയെയും നയൻസിനെയും ഒന്നിച്ച് സ്‌ക്രീനിൽ കാണാൻ ആഗ്രഹിച്ച ആരാധകർക്ക് കടുത്ത നിരാശയാണ് ബാക്കിയാവുന്നത്. എ.എം.രത്ത്‌നം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതിയെയാണ് നായകനായി തീരുമാനിച്ചിരുന്നത്.