യൻതാര ബിവറേജസിന് മുന്നിൽ എത്തി ബിയർ വാങ്ങുന്ന വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഏറെ വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു്. നയൻതാര പരസ്യമായി മദ്യം വാങ്ങി എന്ന പേരിൽ ആണ് വീഡിയോ പ്രചരിച്ചതെങ്കിൽ അത്  ഒരു സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയുള്ളതായിരുന്നെന്ന് വ്യക്തമായതാണ്.ബിയർ വാങ്ങുന്ന രംഗം വൈറലായ അന്ന് മുതൽ നടിയെ പിന്തുടർന്ന് വിവാദങ്ങളും എത്തിയിരിക്കുകയാണ്.

ഇപ്പോൾ നടിക്കെതിരെ തമിഴ്‌നാട്ടിലെ മദ്യവിരുദ്ധ സംഘടനകൾ രംഗത്ത് എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് മദ്യനിരോധനം ആവശ്യപ്പെട്ട് സമരം നടക്കുകയാണ്. പൊതുസമൂഹത്തിൽ നിന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ സമരത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ നയൻതാരയെ പോലെ ഒരു നടി ബിവറേജസിൽ പോയി മദ്യം വാങ്ങുന്ന രംഗത്തിൽ അഭിനയിച്ചത് സമരത്തെ അപമാനിക്കുന്ന നടപടിയാണെന്ന് ആരോപിച്ചാണ് സംഘടനകൾ രംഗത്തെത്തിയത്.

തമിഴ്‌നാട്ടിൽ 20 ലക്ഷത്തിലധികം സ്ത്രീകൾ മദ്യത്തിന് അടിമകളാണ്. ഇത്തരം രംഗങ്ങൾ കൂടുതൽ സ്ത്രീകൾക്ക് പ്രചോദനമാകുമെന്ന് സമര രംഗത്തുള്ള സംഘടനകളിലൊന്നായ ഹിന്ദു മക്കൾ കക്ഷിയുടെ ചെന്നൈ സോണൽ സെക്രട്ടറി വീരമാണിക്യം ശിവ പറഞ്ഞു. സിനിമയിൽ നിന്ന് ഈ രംഗം നീക്കം ചെയ്യണമെന്നും. അല്ലെങ്കിൽ സിനിമയ്‌ക്കെതിരെയും നയൻതാരയ്ക്കെതിരെയും സമരം തുടങ്ങുമെന്നും സംഘടന പറഞ്ഞു.

ബിയർ വാങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയും ചർച്ചാവിഷയമാകുകയും ചെയ്തതോടെയാണ് നാനും റൗഡി താൻ' എന്ന സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച രംഗമാണ് പ്രചരിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തുകയായിരുന്നു. വിഗ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് നാനും റൗഡി താൻ. സിനിമയുടെ ചിത്രീകരണം പോണ്ടിച്ചേരിയിൽ പുരോഗമിക്കുന്നു.