ചെന്നൈ: സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആരാണ് എന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം മാത്രമേ ഉണ്ടാകൂ നയൻതാര. ഗ്ലാമർ വേഷത്തിലൂടെ വന്ന് ആദ്യം ഗ്ലാമർ റാണിയായി വാഴുകയായിരുന്ന നയൻതാര പ്രണയ പരാജയങ്ങൾക്ക് ശേഷം തിരിച്ച വന്നത് ഗ്ലാമർ റാണിയായി അല്ല. അഭിനയ റാണിയായി ആയിരുന്നു. നയൻതാര ഉള്ള സിനിമയാണേൽ അത് നല്ല ചിത്രമാകും എന്ന് പറയാൻ ധൈര്യം നൽകാൻ പ്രേക്ഷകന് സാധിക്കുന്ന വിധത്തിലേക്ക് നയൻസ് മാറുകയായിരുന്നു.

സാധാരണ ചിത്രങ്ങളുടെ പ്രമോഷൻ ചടങ്ങുകളിൽ നയൻതാര പങ്കെടുക്കാറില്ല. എന്നാൽ നയൻതാര പ്രധാന വേഷത്തിലെത്തുന്ന അരം എന്ന ചിത്രത്തിലൂടെ നയൻ ആ പതിവ് തെറ്റിച്ചു. ഇതിനിടയിലാണ് തമിഴ് നാട്ടിലെ ഒരേ ഒരു തലൈവിയായ ജയലളിതെയെ വിളിക്കുന്ന തലൈവി വിളി നയൻതാരയെ തേടിയെത്തിയത്.

നയൻതാര പ്രമോഷനെത്തിയ ലുക്ക് കണ്ടാണ് എല്ലാവരും തലൈവി എന്ന് വിളിച്ചത്. സാധാരണ മോഡേൺ ഡ്രസ്സുകളിൽ വരുന്ന നയൻ ഇത്തവണ വന്നത് നീല സാരി ധരിച്ചായിരുന്നു. ഒരു രാഷ്ട്രീയ നേതാവിന് ചേർന്ന ശരീരഭാഷയിലായിരുന്നു തലൈവി നയൻസിന്റെ വരവ്.

തമിഴ്മക്കൾ സ്നേഹത്തോടെ നയൻസിനെ ഉറക്കെവിളിക്കുന്നത് ഏങ്കൾ തലൈവിയെന്നാണ്. 'അറം' എന്ന പുതിയ ചിത്രമാണ് നയൻസിനെ തലൈവിയെന്ന് വിശേഷിപ്പിക്കാനുള്ള കാരണം.

അറമിന്റെ പ്രൊമോഷനായി ചെന്നൈയിലെ കാസി തിയേറ്ററിൽ എത്തിയപ്പോഴായിരുന്നു നയൻതാരയെ തലൈവി നയൻതാര എന്ന് വിളിച്ച് ആരാധകർ വരവേറ്റത്. ജയലളിതയ്ക്ക് ശേഷം ഇത്രയും സ്നേഹത്തോടെ തമിഴ്മക്കൾ തലൈവിയെന്ന് വിളിച്ചത് നയൻസിനെയായിരിക്കും.

ഇനി നയൻതാര രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കമൽഹാസനും രജനീകാന്തുമടക്കമുള്ള സൂപ്പർ താരങ്ങൾ രംഗത്തിറങ്ങുമ്പോൾ ലേഡി സൂപ്പർ സ്റ്റാറിന് രാഷ്ട്രീയം പറ്റില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.