ആലപ്പുഴ: നിത്യഹരിത നായകൻ പ്രേംനസീറിന്റെ സ്വന്തം നസീറിക്കയാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയ ആലപ്പുഴ ചാത്തനാട് വെളിമ്പറമ്പിൽ എ. കോയ. ഈ പേരിനെക്കാൾ സിനിമാ ലോകത്ത അദ്ദേഹം അറിയപ്പെട്ടത് നസിർ കോയ എന്ന വിളിപ്പേരിലാണ്.പ്രേംസനസിറിന്റെ ഡ്യൂപ്പായി ഒട്ടേറെ സിനിമകളിൽ പ്രവർത്തിച്ചതോടെയാണ് നസീർ കോയ എന്ന പേര് ഇദ്ദേഹത്തിന് സ്വന്തമായത്.

നസിറിന്റെ സാഹസികവേങ്ങളിലൊക്കെത്തന്നെയും പകരമെത്തിയത് കോയ ആയിരുന്നു. പ്രേംനസീറിനു സംഘട്ടനരംഗങ്ങളിൽ പരിക്കേൽക്കാതിരിക്കാൻ കുഞ്ചാക്കോയാണു ജൂനിയർ ആർട്ടിസ്റ്റായിരുന്ന കോയയെ ഡ്യൂപ്പാക്കിയത്. കുഞ്ചാക്കോയുടെ 'പഴശ്ശിരാജ' എന്ന സിനിമയിലാണ് ആദ്യമായി കോയ നസീറിന്റെ ഡ്യൂപ്പായത്. വാൾപ്പയറ്റും സാഹസികരംഗങ്ങളും ഏറെയുള്ള സിനിമയിൽ നസീറിനു പരിക്കുപറ്റുന്നതൊഴിവാക്കാൻ കുഞ്ചാക്കോയും തിരക്കഥാകൃത്ത് ശാരംഗപാണിയും കണ്ടെത്തിയതായിരുന്നു കോയ എന്ന ഡ്യൂപ്പിനെ.

നസീറിന്റെ രൂപസാദൃശ്യവും സൗന്ദര്യവും ഒത്തിണങ്ങിയ ഒരാളെ അക്കാലത്തു കണ്ടെത്തുക പ്രയാസമായിരുന്നു. അങ്ങനെ ഉദയ സ്റ്റുഡിയോയിലെ ജൂനിയർ ആർട്ടിസ്റ്റിൽനിന്ന് നസീറിന്റെ ഡ്യൂപ്പിലേക്കു കോയ കുതിച്ചു. അന്നത്തെ സ്റ്റണ്ട് മാസ്റ്ററായിരുന്ന തലശ്ശേരി സുകുമാരൻ ഗുരുക്കളാണു കോയയെ പരിശീലിപ്പിച്ചത്.പിന്നീടിറങ്ങിയ നസീറിന്റെ എല്ലാ സിനിമകളിലെയും സാഹസിക സീനുകളിൽ കോയയായിരുന്നു പകരക്കാരൻ. ഓരോസീനും കഴിയുമ്പോഴും സാഹസികസീനുകളിൽ അഭിനയിപ്പിക്കാൻ കുഞ്ചാക്കോയും ശാരംഗപാണിയുമൊക്കെ സമ്മതിക്കാത്തതിന്റെ വേദന പ്രേം നസീർ പറഞ്ഞിട്ടുണ്ടെന്നു കോയ പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്.

' സാഹസിക സീനുകൾ അഭിനയിക്കണമെന്ന ആഗ്രഹം എനിക്കുമുണ്ട്. പക്ഷേ, ഇവർ സമ്മതിക്കില്ല. എന്തായാലും നസീറിക്ക സൂക്ഷിക്കണം' - സംഘട്ടനരംഗങ്ങളിൽ തന്റെ ഡ്യൂപ്പായി അഭിനയിക്കുമ്പോൾ എ. കോയ എന്ന നസീർ കോയയോടു നടൻ പ്രേംനസീർ പറയുന്ന വാക്കുകളാണിത്. അങ്ങിനെയാണ് വെളിമ്പറമ്പിൽ എ. കോയ പ്രേംനസീറിന്റെ സ്വന്തം നസീറിക്കയായത്.

നസീർ ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായ നടനെന്ന റെക്കോഡിട്ടപ്പോൾ കോയ ഏറ്റവും കൂടുതൽതവണ ഡ്യൂപ്പായെന്ന റെക്കോഡുമിട്ടു. പക്ഷേ, അതെല്ലാം സിനിമാപ്രവർത്തകർക്കിടയിൽ മാത്രമൊതുങ്ങി.ചെറുപ്പത്തിലേ നാടകത്തോടായിരുന്നു നസീർ കോയയ്ക്കു താത്പര്യം. ക്യാമറാമാൻ കൃഷ്ണൻകുട്ടിവഴി ഉദയയിൽ എത്തിയതോടെയാണു സിനിമാനടനായത്.കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഉമ്മ' എന്ന ചിത്രത്തിലൂടെ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു തുടക്കം.സിനിമാ മോഹം ഉപേക്ഷിക്കാത്ത കോയ നൂറോളം സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തു.മോഹൻലാൽ നായകനായ വിയറ്റ്‌നാം കോളനിയിലാണ് അവസാനമായി വേഷമിട്ടത്.

പ്രേംനസീറിനുശേഷം കോയയെ നസീറിക്ക എന്നുവിളിച്ചതു മമ്മൂട്ടിയാണ്.പി.ജി. വിശ്വംഭരൻ സംവിധാനംചെയ്ത 'സ്ഫോടനം' എന്ന സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് ഇരുവരും പരിചയത്തിലായത്.സിനിമയിൽ നിന്ന് പേരും പ്രശസ്തിയും കിട്ടിയെങ്കിലും ജീവിക്കാനുള്ള വകയൊന്നും കിട്ടിയില്ല. ജീവിത പ്രാരാബ്മധമകറ്റാൻ ഒടുവിൽ ജ്യൂസ് വിൽപ്പനക്കാരനായി. 

പരേതയായ നസീമയാണ് ഭാര്യ.നവാസ്, നദീറ, സിയാദ്, നിഷ, നിയാസ് എന്നിവർ മക്കളാണ്. കോവിഡ് ബാധിച്ചതിനെത്തുടർന്നു ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചേയാണ് അന്ത്യം. കോവിഡ് ബാധിച്ചു ശനിയാഴ്ച മരിക്കുമ്പോഴും അധികമാരുമറിയാതെയായിരുന്നു കോയയുടെ മടക്കം.