കൊച്ചി: പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 6ന് തീയേറ്ററുകളിലെത്തുമെന്ന് സൂചന. 'എപ്പോൾ എന്നുള്ള എല്ലാചാദ്യത്തിനുമുള്ള ഉത്തരമാണ് ജൂലായ് 6' - എന്നാണ് അഞ്ജലി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്നും അവധി എടുത്ത നസ്രിയയുടെ രണ്ടാം വരവിനുള്ള കാത്തിരിപ്പിലാണ് നസ്രിയാ ഫാൻസ്

ഈദ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ജൂലായിലേക്ക് നീളുമ്പോൾ ചിത്രം ഈദിനുണ്ടാകില്ലെന്നാണ് അറിയുന്നത്. അതേസമയം, ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ മാസം തന്നെ പുറത്തുവിടും.

ബാംഗ്ലൂർ ഡെയ്‌സിനു ശേഷം നാലു വർഷത്തെ ഇടവേള കഴിഞ്ഞാണ് ഒരു അഞ്ജലി മേനോൻ ചിത്രമെത്തുന്നത്. നസ്‌റിയയും ബാംഗ്ലൂർ ഡെയ്‌സിനു ശേഷം തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. പൃഥ്വിരാജിന്റെ സഹോദരി വേഷമാണ് ചിത്രത്തിൽ നസ്‌റിയക്കുള്ളത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ഒരു സഹോദരനായും കാമുകനായുമുള്ള കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിത ഘട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മഞ്ചാടിക്കുരുവിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ജലി മേനോൻ ചിത്രം കൂടെയാണിത്. ചിത്രത്തിൽ പൃഥ്വിരാജിന്റേയും നസ്രിയയുടേയും അച്ഛനായി വേഷമിടുന്നത് സംവിധായകൻ രഞ്ജിത്താണ്. ബോളിവുഡ് നടൻ അതുൽ കുൽക്കർണി ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.