തിരുവനന്തപുരം: സിനിമയിൽ നിന്നും തൽക്കാലം വിട്ടു നിൽക്കുന്നുവെങ്കിലും നസ്രിയ നസിം മലയാളം സൈബർ ലോകത്തിന്റെ ഇഷ്ടതാരമാണ്. അതുകൊണ്ട് തന്നെ നസ്രിയയുടെ ഫേസ്‌ബുക്ക് ചിത്രങ്ങളും ആരാധകർ ഏറെ ഇഷ്ടത്തോടെ സ്വീകരിക്കാറുണ്ട്. ഇപ്പോൾ മലയാളം സൈബർലോകത്തെ ചോദ്യവും നസ്രിയയെ കുറിച്ചാണ്. ഫഹദിന്റെ ഭാര്യ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമോ എന്നതാണ് ചോദ്യം. ഇതിന് കാരണം നസ്രിയയുടെ പുതിയ ലുക്കാണ്.

നടി ഭാവനയുടെ വിവാഹത്തിനെത്തിയ താരത്തിന്റെ ക്യൂട്ട് ലുക്കും പ്രേക്ഷക ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നീളൻ മുടിയും നീല നിറത്തിലെ മനോഹരമായ വസ്ത്രവും ആ ക്യൂട്ട് സ്മൈലുമായെത്തിയ നസ്രിയ ശരിക്കും ഭാവനയുടെ വിവാഹ സത്കാരത്തിലെ താരമായിരുന്നു.

ഇപ്പോഴിതാ നീളൻ മുടി കഴുത്തൊപ്പം വെട്ടി കൂൾ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. നസ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളിലാണ് പുതിയ ലുക്ക്. മുടി ഏറെ മുറിച്ചിട്ടുണ്ടെങ്കിലും ക്യൂട്ട് തന്നെയെന്നാണ് ആരാധകരുടെ കമന്റ്. സോഷ്യൽമീഡിയയിൽ ഏറ്റവുമധികം ഫോളോവേഴ്സുമായി തിളങ്ങിയ താരമാണ് നസ്രിയ. ഇത്രയും മോഡേൺ ലുക്കിൽ താരം എത്തിയിട്ടില്ല എന്നതുകൊണ്ട് തന്നെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ പുതിയ സ്റ്റൈലിനെ വരവേറ്റിരിക്കുന്നത്.

തിരിച്ചുവരവിലെ ആദ്യ ചിത്രത്തിനു വേണ്ടിയാണോ അതോ ഇനിയും അഭിനയിക്കാൻ ഒരുങ്ങുന്ന സസ്പെൻസ് കഥാപാത്രത്തിനായാണോ ഈ പുതിയ ലുക്ക് എന്നും ആരാധകർ ചോദിക്കുന്നു.