ഡബ്ലിൻ: സാൻട്രി Soccer Dome -ൽ കഴിഞ്ഞ ശനിയാഴ്ച (10 March) നടന്ന നോർത്ത്വുഡ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഐറിഷ് ബ്ലാസ്റ്റേഴ്സ് വൈറ്റ് ജേതാക്കളായി, ഡബ്ലിൻ യുണൈറ്റഡ് എഫ്.സി റണ്ണേഴ്സ് അപ്പ് കിരീടം നേടി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ട്രോഫി ഐറിഷ് ബ്ലാസ്റ്റേഴ്സ് താരം ഷിജു ഡിക്രൂസ് നേടിയപ്പോൾ , മികച്ച ഗോളിക്കുള്ള ട്രോഫി നേടിയത് വാട്ടർഫോർഡ് ടൈഗേഴ്സിലെ സോജൻ ആന്റണിയാണ്.

രാവിലെ 11:30 -ന് ഡബ്ലിൻ നോർത്ത് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗം (TD) നോയൽ റോക്ക് കിക്ക് ഓഫ് നടത്തി മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. വർണ്ണാഭമായ ഉത്ഘാടന ചടങ്ങിൽ ഫിൻഗാൾ കൗണ്ടി കൗൺസിൽ അംഗങ്ങളായ ഡാരാ ബട്ട്‌ലർ , നോർമ്മ സാമ്മൺ എന്നിവർ സന്നിഹിതരായിരുന്നു.

ഒൻപത് ടീമുകൾ പങ്കെടുത്ത വാശിയേറിയ ആദ്യ പാദ മത്സരങ്ങൾക്ക് ശേഷം വാട്ടർഫോർഡ് ടൈഗേഴ്സ്, ഡബ്ലിൻ യുണൈറ്റഡ് എഫ്.സി, ഗാൾവേ ഗ്യാലക്‌സി, ഐറിഷ് ബ്ലാസ്റ്റേഴ്സ് വൈറ്റ് ടീമുകൾ സെമി ഫൈനൽ യോഗ്യത നേടി. തുടർന്ന് നടന്ന വാശിയേറിയ ഫൈനലിൽ ഡബ്ലിൻ യുണൈറ്റഡ് എഫ്.സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഐറിഷ് ബ്ലാസ്റ്റേഴ്സ് വൈറ്റ് ജേതാക്കളായായത്.

സമാപന ചടങ്ങിൽ ഫിൻഗാൾ കൗണ്ടി ഡെപ്യൂട്ടി മേയർ എഡ്രിയൻ ഹെഞ്ചി ജേതാക്കൾക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.ഒപ്പം വിജയികൾക്കുള്ള ചെമ്പ്‌ലാങ്കിൽ ഗ്രേസി ഫിലിപ്പ് മെമോറിയൽ ക്യാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.മത്സരത്തിൽ പങ്കെടുത്ത് വൻവിജയമാക്കി തീർത്ത എല്ലാ ടീമുകൾക്കും കാണികൾക്കും സംഘാടകരായ NCAS Santry നന്ദി അറിയിച്ചു.