- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുശാന്തിന്റെ ദുരൂഹ മരണത്തിൽ കാമുകി റിയ ചക്രബർത്തിക്കെതിരെ കുരുക്കുകൾ മുറുകുന്നു; നാല് തുള്ളി ചായയിൽ ഒഴിച്ച് അവന് നൽകൂവെന്ന വാട്സ് ആപ്പ് സന്ദേശം പുറത്തായതോടെ റിയയുടെ ലഹരി മാഫിയാ ബന്ധങ്ങളും പുറത്ത്; പിന്നാലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും റിയക്കെതിരെ കേസെടുത്തു;എൻസിബി അന്വേഷണം വന്നതോടെ ബോളിവുഡിലെ പ്രമുഖർ അങ്കലാപ്പിൽ; സുശാന്തുമായി വഴക്കിട്ട് ഫ്ളാറ്റിൽ നിന്നു താമസം മാറുന്നതിനു മുമ്പ് റിയ ഹാർഡ് ഡ്രൈവുകൾ നശിപ്പിച്ചതായും വെളിപ്പെടുത്തൽ
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ദുരൂഹ മരണം ബോളിവുഡിലെ പ്രമുഖരുടെയും ഉറക്കം കെടുത്തുകയാണ്. ഒരു അപസർപ്പക കഥപോലെ നീളുന്ന കേസിൽ പുറത്തുവരുന്ന വിവരങ്ങൾ മയക്കുമരുന്നു സംഘങ്ങളുമായി കൂടി ബന്ധപ്പെട്ടതാണ്. സുശാന്തിന്റെ കാമുകിയായി ഒപ്പം കൂടിയ റിയ ചക്രബർത്തിയും വില്ലത്തി സ്ഥാനത്തേക്ക് തന്നെയാണ് പോകുന്നത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന വേളയിൽ കാമുകിയും നടിയുമാ റിയ ചക്രവർത്തിയ്ക്കെതിരേ പുതിയ തെളിവുകൾ പുറത്തുവന്നതോടെ അവർ കൂടുതൽ സമ്മർദ്ദത്തിലായി.
റിയയുടെ മൊബൈൽ ഫോണിൽ നിന്ന് ലഹരി മരുന്ന് ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കഞ്ചാവ്, എംഡിഎംഎ, തുടങ്ങിയ ലഹരി മരുന്നുകൾ റിയ ഉപയോഗിക്കുകയും സുശാന്തിന് നൽകുകയും ചെയ്തതായുള്ള വിവരങ്ങളാണ് വാട്സാപ്പ് സന്ദേശങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ടൈംസ് നൗ ആണ് റിയയുടെ സന്ദേശങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
ഗൗരവ്, ജയ ഷാ എന്നീ ഡ്രഗ് ഡീലർമാരുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്..നിങ്ങളുടെ കൈയിൽ എം.ഡി ഉണ്ടോ? റിയ ഗൗരവിനോട് ചോദിക്കുന്നു.ശ്രുതിയുമായി സംസാരിക്കാനും വേണ്ട കാര്യങ്ങൾ ചെയ്യാനും ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. റിയയും ജയയും തമ്മിലുള്ള ചാറ്റ് ആണിത്. സഹായം എത്തിച്ചതിന് ജയയോട് നന്ദി പറയുന്നുമുണ്ട്. മറ്റൊരു ചാറ്റിൽ സുശാന്തിന് ലഹരി നൽകുന്നതിനെക്കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്.
നാല് തുള്ളി ചായയിൽ ഒഴിച്ചു നൽകു അദ്ദേഹം രുചിക്കട്ടെ കിക്ക് ആകാൻ 40 മിനിട്ട് കാത്തുനിൽക്കുവെന്നാണ് ജയ ഷാ റിയയോട് പറയുന്നത്. മിറാൻഡ സുഷി എന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽ നിന്ന് സാധനം തീർന്നു എന്ന സന്ദേശം റിയയ്ക്ക് വന്നിട്ടുണ്ട്. നിങ്ങൾ ഷോവിക്കിന്റെ( റിയയുടെ സഹോദരൻ) സുഹൃത്തിനോട് ചോദിക്കൂ എന്നാണ് റിയ അവരോട് പറയുന്നത്. ഈ സന്ദേശങ്ങൾ പുരത്തായതോടെ റിയയ്ക്കെതിരേയുള്ള പ്രതിഷേധവും ശക്തമാവുകയാണ്. ഇത് ക്രിമിനൽകുറ്റമാണെന്നും റിയയ്ക്കെതിരേ സിബിഐ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത സിങ്ങ് കൃതിയും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം റിയ ലഹരിമരുന്ന് ഇതേവരെ ഉപയോഗിച്ചിട്ടില്ലെന്നും എപ്പോൾ വേണമെങ്കിലും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും വ്യക്തമാക്കി റിയയുടെ അഡ്വക്കേറ്റ് സതീഷ് മനേഷിൻഡെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതോടെ റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും കേസെടുത്തു. റിയയുടെ ചാറ്റിൽ പരാമർശിക്കുന്ന ജയ ഷാ, സുശാന്തിന്റെ മുൻ മാനേജർ ശ്രുതി മോദി, സുശാന്തിന്റെ വീട്ടുജോലിക്കാരൻ ദീപേഷ് സാവന്ത് എന്നിവരെയും ചോദ്യം ചെയ്യും.
റിയയ്ക്കെതിരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉടനെ കേസെടുത്തതോടെ ബോളിവുഡിലെ പ്രമുഖരും അങ്കലാപ്പിലാണ്. പ്രമുഖരിലേക്ക് അന്വേഷണം എത്തുമോ എന്നാണ് ഭയം. അതേസമയം സുശാന്ത് ലഹരിമരുന്ന് കഴിക്കുന്നതു താൻ കണ്ടിട്ടില്ലെന്നു സുഹൃത്ത് അങ്കിത് ആചാര്യ ദേശീയ മാധ്യമത്തോടു പറഞ്ഞു. ഡോക്ടർ കുറിച്ചുനൽകുന്ന മരുന്നല്ലാതെ മയക്കുമരുന്ന് ഉപയോഗം സുശാന്തിന് ഇല്ലെന്നു കരുതുന്നതായി കുടുംബ അഭിഭാഷകൻ വികാസ് സിങ്ങും പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചേരുന്നുവെന്ന വാർത്തകളോടു പ്രതികരിച്ച് നടി കങ്കണ റണൗട്ട് രംഗത്തെത്തി. എൻസിബി ബോളിവുഡിൽ പ്രവേശിച്ചാൽ നിരവധി ഒന്നാം നിരക്കാർ അഴികൾക്ക് അകത്താകും എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
ബോളിവുഡിൽ രക്തപരിശോധന നടത്തിയാൽ ഞെട്ടിക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ നടക്കും. പ്രധാനമന്ത്രിയുടെ ഓഫിസ് ബോളിവുഡിനെ ശുചിയാക്കുമെന്നാണു പ്രതീക്ഷ. ചലച്ചിത്ര മേഖലയിൽ താൻ വിജയിക്കുകയും പ്രശസ്തമായ സിനിമാ പാർട്ടികളിലേക്കു പ്രവേശനം കിട്ടുകയും ചെയ്തപ്പോൾ ഞെട്ടിക്കുന്നതും ദുഷിച്ചതുമായ മയക്കുമരുന്നിന്റെയും മാഫിയയുടെയും ലോകമാണു കാണാനായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനെ ടാഗ് ചെയ്തു കങ്കണ ട്വീറ്റ് ചെയ്തു.
അതിനിടെ സുശാന്ത് സിങ് രാജ്പുത്തിന്റെ ഫ്ളാറ്റിൽനിന്നു താമസം മാറുന്നതിനു മുമ്പ് കാമുകി റിയ ചക്രവർത്തി ഹാർഡ് ഡ്രൈവുകൾ നശിപ്പിച്ചതായി വെളിപ്പെടുത്തൽ. സുശാന്തിന്റെ സുഹൃത്തും ഫ്ളാറ്റ്മേറ്റുമായ സിദ്ധാർഥ് പിത്താനി സിബിഐ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പറഞ്ഞത്. ജൂൺ 8ന് സുശാന്തിന്റെ വസതിയിൽ റിയ 8 ഹാർഡ് ഡ്രൈവുകൾ നശിപ്പിച്ചെന്നാണു മൊഴി. അന്നു സുശാന്തും റിയയും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്നാണു റിയ വീട്ടിൽനിന്നു പോയത്. ജൂൺ 14ന് സുശാന്ത് ആത്മഹത്യ ചെയ്തു. ഡ്രൈവിലെ ഉള്ളടക്കത്തെക്കുറിച്ച് സിദ്ധാർഥിന് അറിയില്ലെന്നാണു സിബിഐ വൃത്തങ്ങൾ പറയുന്നത്. ഹാർഡ് ഡ്രൈവുകൾ നശിപ്പിക്കാനായി ഐടി പ്രഫഷനൽ ഉണ്ടായിരുന്നെന്നും സിദ്ധാർഥിന്റെ മൊഴിയിലുണ്ട്.
ഐടി പ്രഫഷണലിനെ ആരാണു വിളിച്ചതെന്നു വ്യക്തമല്ല. റിയയും സുശാന്തും മുറിയിലിരുന്നു കാര്യങ്ങളെല്ലാം നിരീക്ഷിച്ചു കൊണ്ടിരുന്നു. വീട്ടുസഹായി ദീപേഷ് സാവന്ത്, പാചകക്കാരൻ നീരജ് സിങ് എന്നിവരും ഇതേ മുറിയിലുണ്ടായിരുന്നു എന്നാണു സിദ്ധാർഥ് പറയുന്നത്. ഇദ്ദേഹത്തെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. അതിനിടെ, സുശാന്തിന്റെ മൃതദേഹം കാണാൻ റിയയ്ക്കു മോർച്ചറിയിൽ അനധികൃതമായി പ്രവേശനം അനുവദിച്ചതിന് കൂപ്പർ ആശുപത്രി അധികൃതർക്ക് മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരെ സിബിഐ വിശദമായി ചോദ്യം ചെയ്യും. സുശാന്തിനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പിഥാനിയിൽ നിന്ന് തുടർച്ചയായ ആറാം ദിവസവും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.
മറുനാടന് ഡെസ്ക്