- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്ന് പണമിടപാട് കേസിൽ ആറാം പ്രതിയായി ബിനീഷ് കോടിയേരി; ലഹരി ഇടപാടിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കേസെടുക്കാനുറച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും; നാല് ദിവസത്തെ ഇഡിയുടെ കസ്റ്റഡി കഴിഞ്ഞാൽ പിന്നെ എൻസിബിയുടെ ഊഴം; കേന്ദ്ര ഏജൻസികളുടെ പത്മവ്യൂഹത്തിൽ കോടിയേരി പുത്രൻ ഇനി ഫുൾബിസി
ബെംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് പണമിടപാട് കേസിൽ ആറാം പ്രതിയാക്കി. ചോദ്യംചെയ്യലിന് ശേഷം ഇഡി കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് വിവരം. ലഹരി ഇടപാടിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ബിനീഷിനെതിരെ എൻസിബിയും കേസെടുക്കും. നാളെ എൻസിബി ഉദ്യോഗസ്ഥർ എൻഫോഴ്സ്മെന്റ് ആസ്ഥാനത്തെത്തി വിവരങ്ങൾ ഔദ്യോഗികമായി വാങ്ങും. നാല് ദിവസത്തേക്കാണ് ബിനീഷിനെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇത് കഴിഞ്ഞാൽ തങ്ങൾക്ക് കസ്റ്റഡിയിൽ വേണം എന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകും.
മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷിനെതിരെ കേസെടുക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ ബിനീഷിനെ വിശദമായി തന്നെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇ.ഡി ചോദ്യം ചെയ്യലിൽ നൽകുന്ന മൊഴി കൂടി പരിശോധിച്ച ശേഷമായിരിക്കും ബിനീഷിനെ എൻ.സി.ബി ചോദ്യം ചെയ്യുക. ബിനീഷിന് സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന് കൂടുതൽ തെളിവ് ലഭിച്ചാൽ എൻസിബി വിശദമായി തന്നെ ബിനീഷിനെ ചോദ്യം ചെയ്യും. മൂന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷ് കോടിയേരിയെ ഇന്ന് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ബിനീഷിനെ സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു. നാലു ദിവസം കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനൊപ്പമിരുത്തി ബിനീഷിനെ തുടർ ചോദ്യംചെയ്യലിന് വിധേയനാക്കുമെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.
ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന അനൂപ് മുഹമ്മദ് എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകളുടെ വിൽപനയിൽ സജീവമായിരുന്നു. അനൂപിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ബിനീഷ് കോടിയേരിയുമായുള്ള ബന്ധം വെളിച്ചത്തുവന്നത്. ബംഗളുരു നഗരത്തിന്റെ ബിസിനസ് സാധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു മുഹമ്മദ് അനൂപ് എന്ന ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് മയക്കുമരുന്നു കച്ചവടം തുടങ്ങിയത്. മയക്കുമരുന്ന് എങ്ങനെ വിൽപ്പന നടത്തണം എന്ന് കൃത്യമായ മാസ്റ്റർപ്ലാൻ തന്നെ ഇവർ തയ്യാറാക്കിയിരുന്നു. സെലബ്രിറ്റികളുടെ സാന്നിധ്യം കൂടി ആയപ്പോൾ എല്ലാം ഉഗ്രനായി തന്നെ നടന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കായി ടെലഗ്രാം ഗ്രൂപ്പുകൾ അടക്കം ബംഗളുരുവിൽ സജീവമായിരുന്നു. അതുകൊണ്ട് തന്നെ കച്ചവടം കൊഴിപ്പിക്കാൻ ഈ സാധ്യതയാണ് മുഹമ്മദ് അനൂപ് ഉപയോഗിച്ചത്.
ടെലഗ്രാമിലൂടെ ഡീലുറപ്പിച്ച് ആവശ്യമുള്ളത്ര ലഹരിമരുന്ന് പാർസലായി താമസ സ്ഥലത്തെത്തിക്കുന്ന ശൈലിയായിരുന്നു ഇവർ പിന്തുടർന്നത്. ബെംഗളൂരു പോലുള്ളയിടങ്ങളിൽ ഹോം ഡെലിവറി സർവ സാധാരണമായതിനാൽ പിടിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത ബിസിനസ് പ്ലാനായിരുന്നു ഇത്. ഹോട്ടൽ കൂടി നടത്തുന്ന വ്യക്തി ആയതോടെ ഇതും മയക്കുമരുന്നു കച്ചവടത്തിന് മറയായി. വാങ്ങുന്നതിനേക്കാൾ ഇരട്ടിയിലധികം വിലയ്ക്ക് വിൽപ്പന നടത്താമെന്നതിനാൽ പൊളിഞ്ഞു പോയ ബിസിനസ് ഒക്കെ തിരിച്ച് പിടിക്കാമെന്ന് കരുതിയിരുന്നു മുഹമ്മദ്.
അനൂപ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക മുമ്പാകെ നൽകിയ മൊഴി ബിനീഷ് കോടിയേരിയെ ശരിക്കും വെട്ടിലാക്കുന്നതായിരുന്നു.സിനിമാ-സീരിയൽ നടി അനിഘയെ കുടുക്കിയതും അനൂപിന്റെ ഈ മൊഴികളാണ്. കണ്ണൂരുകാരനായ സുഹൃത്ത് ജിമ്രീൻ ആഷി വഴിയാണ് ലഹരിമരുന്നിനായി അനിഘയെ ബന്ധപ്പെട്ടത്. തുടർന്ന് അനിഘയുമായി ഫോണിലൂടെ പരിചയപ്പെട്ടതെങ്കിലും ജിമ്രീൻ ആഷിയുടെ സുഹൃത്താണെന്ന് സ്വയം പരിചയപ്പെടുത്തി ടെലഗ്രാമിലൂടെ ഡീലുറപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ 250 എം.ഡി.എം.എ ടാബ്ലെറ്റ് ഒന്നിന് 550 രൂപ നിരക്കിൽ കച്ചവടം ഉറപ്പിക്കുകയും ചെയ്തു.
ബെംഗളൂരുവിലെ റോയൽ സ്യൂട്ട്സ് അപാർട്മെന്റിൽവെച്ച് എൻ.സി.ബി ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തതെങ്കിലും മലയാള സിനിമാ പ്രവർത്തകരടക്കം ഇവരുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നവരുടെ വിശദമായ വിവരങ്ങൾ എൻ.സി.ബി ഉദ്യോഗസ്ഥർക്ക് ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ചിരുന്നു. റോയൽ സ്യൂട്ട്സിലെ സ്ഥിരം സന്ദർശകനായിരുന്നു ബിനീഷ് കോടിയേരിയെന്ന പി.കെ ഫിറോസിന്റെ ആരോപണവും മുഹമ്മദ് അനൂപുമായുള്ള ഫോട്ടോ പുറത്ത് വന്നതും ബിനീഷ് കോടിയേരിക്ക് ശക്തമായ കുരുക്കുകയും ചെയ്തു.
2013 മുതൽക്ക് തന്നെ എം.ഡി.എം.എയുടെ ചെറിയ രീതിയിലുള്ള വിൽപ്പനക്കാരനും ഉപയോക്താവുമായിരുന്നു അനൂപ് . തുടർന്ന് 2015-ൽ ബിനീഷ് കോടിയേരിയുടെ സഹായത്തോടെ കമ്മനഹള്ളിയിൽ ഹോട്ടൽ തുടങ്ങിയെന്ന അനൂപിന്റെ മൊഴിയും ബിനീഷ് കോടിയേരിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പണം കടം കൊടുത്തുവെന്നാണ് ബിനീഷ് കോടിയേരി പറഞ്ഞതെങ്കിലും ബിനീഷിന്റെ സഹായത്തോടെ എന്ന് തന്നെ കൃത്യമായി അനൂപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ മൊഴി നൽകിയിട്ടുണ്ട്. ഇത് തന്നെ റിമാൻഡ് റിപ്പോർട്ടിലും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കമ്മനഹള്ളിയിലെ ഹോട്ടൽ പൂട്ടിയതോടെ അപാർട്മെന്റ് ബിസിനനസ് തുടങ്ങിയെന്നും കോവിഡ് പ്രതിസന്ധി വന്നതോടെ ഇതും മുന്നോട്ട് പോയില്ലെന്നും തുടർന്നാണ് ലഹരിമരുന്ന് ബിസിനസ് സജീവമാക്കിയതെന്നുമാണ് മൊഴി. 2015ലാണ് ബിനീഷ് പണം നൽകിയത്. 2018ൽ അനൂപ് ഹോട്ടൽ ബിസിനസിൽ തകർച്ച നേരിട്ടതോടെ ഹോട്ടൽ നടത്തിപ്പ് മറ്റൊരു ഗ്രൂപ്പിന് നടത്തുന്നതിനായി കൈമാറിയെന്നും പറയുന്നുണ്ട്. എന്നാൽ ഹോട്ടൽ നടത്തിപ്പിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് മൊഴിയിൽ ഇല്ല. കടമാണ് നൽകിയതെന്ന് ബിനീഷ് പറയുമ്പോഴും സാമ്പത്തിക സഹായം എന്നാണ് മുഹമ്മദ് അനൂപ് നൽകുന്ന മൊഴി.
പലതവണകളായി ആറു ലക്ഷം രൂപയോളം കടം നൽകി സഹായിച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരിയും സമ്മതിച്ചിരുന്നു. ഹെന്നൂർ റിങ് റോഡിൽ 2020 ൽ ആദ്യം തന്നെ രണ്ടുപേർക്കൊപ്പം പുതിയ ഹോട്ടൽ തുടങ്ങുന്നതിന് നടപടികൾ ആരംഭിച്ചെങ്കിലും കോവിഡായതിനാൽ പൂർത്തിയാക്കാനായില്ല. അപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഡ്രഗ് ബിസിനസ് പരീക്ഷിക്കുന്നതിന് തീരുമാനിച്ചതെന്ന് എൻ.സി.ബിക്കു മുഹമ്മദ് അനൂപ് നൽകിയ മൊഴിയിൽ പറയുന്നു. റിജേഷ് എന്നയാളുമായി ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയും ഇടപാടുകളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. നാളുകൾക്ക് മുൻപ് ഗോവയിൽ ഒരു മ്യൂസിക് പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള സൗഹൃദമാണ് ഈ ഇടപാടിലേയ്ക്ക് നയിച്ചത്. ഇതിനായി തന്റെ ഹോട്ടലിന്റെ അടുക്കള ഉപകരണങ്ങൾ വിറ്റാണ് പണം കണ്ടെത്തിയത്. ഡ്രഗ് ഇടപാടു സംബന്ധിച്ച വിവരങ്ങൾ ബന്ധുക്കൾക്കൊ വീട്ടുകാർക്കൊ അറിയില്ലെന്നും അനൂപ് മൊഴിയിൽ പറയുന്നുണ്ട്.
ഇതോടെ മുഹമ്മദ് അനൂപിന്റെ ആത്മാർത്ഥ സുഹൃത്ത് ബിനേഷ് കോടിയേരി കൂടുതൽ വെട്ടിലേക്ക് വീഴുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമായി ബിനീഷിന്റെ പേര് പരാമർശിക്കുന്നുണ്ട്. അനൂപിന്റെ ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങൾ അറിയില്ലെന്നാണ് ബിനീഷ് പറഞ്ഞിരിക്കുന്നത്. മുഹമ്മദ് അനൂപിന്റെ വീട്ടുകാരുമായും അടുത്ത ബന്ധമാണുള്ളത്. ഇങ്ങനെ ഒരാളാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു ബന്ധത്തിന് തയാറാകുകയില്ലായിരുന്നെന്നുമാണ് ബിനീഷ് പ്രതികരിച്ചത്.
ഓരോ വാർത്ത വരുമ്പോഴും പ്രതിരോധിച്ച ബിനീഷ് കോടിയേരിക്ക് ഒടുവിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. സെപ്റ്റംബർ ഒമ്പതാം തീയതി കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ 11 മണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടുനിന്നു. കൊച്ചിയിലെ ചോദ്യംചെയ്യൽ കഴിഞ്ഞ് ഒരുമാസം തികയുന്നതിന് മുമ്പാണ് ബിനീഷിനെ ബെംഗളൂരു ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ബെംഗളൂരു ഇ.ഡി. ഉദ്യോഗസ്ഥരുടെ ഈ നീക്കം. അനൂപിനെ വിശദമായി ചോദ്യംചെയ്തതോടെ ബിനീഷിന്റെ പല സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇ.ഡി.ക്ക് വിവരങ്ങൾ ലഭിച്ചിരുന്നു.
ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന പണമിടപാട് സ്ഥാപനത്തെക്കുറിച്ചും ഇവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണവും നടത്തി. ഇതിനെല്ലാം ശേഷമാണ് ബിനീഷിനെ ചോദ്യംചെയ്യലിനായി ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയത്. ഒക്ടോബർ ആദ്യവാരമായിരുന്നു ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലെ ഇ.ഡി. ഓഫീസിൽ ആദ്യമായി ചോദ്യംചെയ്തത്. തുടർന്ന് ബിനീഷിനെ വിട്ടയക്കുകയും ചെയ്തു. ഇതിനുശേഷം അനൂപ് മുഹമ്മദിനെ ഇ.ഡി. വിശദമായി വീണ്ടും ചോദ്യംചെയ്തിരുന്നു. ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യം നിറഞ്ഞുനിന്നതോടെയാണ് ഒക്ടോബർ 29-ന് ബിനീഷ് കോടിയേരിയെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ ബിനീഷിന് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയതോടെയാണ് ഇ.ഡി. ബിനീഷ് കോടിയേരിയുടെ അറസ്റ്റിലേക്ക് നീങ്ങിയത്.
മറുനാടന് ഡെസ്ക്