മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസിന് പരമാവധി അകറ്റി ശിവസേനയുമായി അടുത്ത് കരുത്തു കാട്ടാൻ എൻസിപി. ശരത് പവാറിന്റെ നിർദ്ദേശം അനുസരിച്ചാണ് എൻസിപി ഇത്തരത്തിൽ ഇടപെടൽ നടത്തുന്നത്. കോൺഗ്രസ് തളരുകയാണെന്നും ഈ അവസരം മുതലെടുത്ത് ഭരണ കക്ഷിയിലെ ഒന്നാമനാകാനാണ് ശിവസേനയുടെ ശ്രമം.

ഇതിനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്. താനെയിൽ കണ്ടതും ഇതാണ്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തിൽ താനെ ജില്ലയിലെ ഭിവണ്ടി മുനിസിപ്പൽ കോർപറേഷനിൽ ഡപ്യൂട്ടി മേയർ ഉൾപ്പെടെയുള്ള 18 കോൺഗ്രസ് വിമത കോർപറേറ്റർമാർ എൻസിപിയിൽ ചേർന്നു. കോൺഗ്രസും എൻസിപിയും ശിവസേനയും മഹാ വികാസ് അഘാഡി സർക്കാരിൽ സഖ്യകക്ഷികളായിരിക്കെയാണ് പാർട്ടിമാറ്റം. കൂടുതൽ കോൺഗ്രസുകാരെ അടുപ്പിക്കാനാണ് എൻസിപി നീക്കം.

90 അംഗ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ 47 സീറ്റ് നേടിയ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ, വിമതർ ബിജെപിയെ പിന്തുണച്ചതോടെ മേയർ പദവി കോൺഗ്രസിനു നഷ്ടമായി. തുടർന്ന്, പാർട്ടി കാരണംകാണിക്കൽ നോട്ടിസ് നൽകുകയും അയോഗ്യരാക്കാൻ നീക്കം നടത്തുകയും ചെയ്തിരിക്കെയാണ് എൻസിപിയിലേക്കുള്ള ചേക്കേറൽ. സ്വീകരിച്ചില്ലെങ്കിൽ അവർ എതിർപാളയത്തിലേക്കായിരിക്കും നീങ്ങുകയെന്നതു കണക്കിലെടുത്താണു നീക്കമെന്ന് എൻസിപി പറയുന്നു.

എന്നാൽ എൻസിപിയുടെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസിന് അറിയാം. കോൺഗ്രസിനെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. മഹാരാഷ്ട്രയിൽ ഭരണം നടത്തുന്നത് ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യമാണ്. ശിവസേനയ്ക്ക് 56ഉം എൻസിപിക്ക് 54ഉം കോൺഗ്രസിന് 44ഉം സീറ്റാണുള്ളത്. എൻസിപിയുമായുള്ള സഖ്യത്തിൽ പലപ്പോഴും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത് കോൺഗ്രസാണ്. ദേശീയ തലത്തിൽ കോൺഗ്രസ് ദുർബ്ബലരാണ്. മഹാരാഷ്ട്രയിലും ഇതാണ് സ്ഥിതി. അതുകൊണ്ട് തന്നെ ശിവസേനയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി മുന്നണിയിൽ അതിശക്തരാകാനാണ് എൻസിപിയുടെ നീക്കം.

ശിവസേനയുമായി ദീർഘകാല സഖ്യത്തിനാണ് എൻസിപി ശ്രമം. പ്രാദേശികതലത്തിലുള്ള ഭിന്നതകൾ പരിഹരിച്ച് ശിവസേനയുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ താഴെത്തട്ടിലുള്ള നേതാക്കൾക്കും പ്രവർത്തകർക്കും മുതിർന്ന നേതാവ് അജിത് പവാർ നിർദ്ദേശം നൽകി. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിളിച്ചുചേർത്ത പാർട്ടി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണിത്. ഇത് കോൺഗ്രസിനെ ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ്.

മഹാ വികാസ് അഘാഡിയിലെ മൂന്നാമത്തെ സഖ്യകക്ഷിയായ കോൺഗ്രസിനെക്കുറിച്ച് ഒന്നും പറയാതെയാണ് അജിത് പവാറിന്റെ ആഹ്വാനം. കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് ദുർബലമായിരിക്കെ, അവഗണന നേരിട്ടാലും അഘാഡിയിൽ ഭരണസഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് പിടിച്ചുനിൽക്കുമെന്നാണ് എൻസിപിയുടെ കണക്കുകൂട്ടൽ. എങ്ങനേയും മുന്നണിയിൽ കോൺഗ്രസിനെ ദുർബല്ലപ്പെടുത്താനാണ് എൻസിപിയുടെ ശ്രമം.