ന്യൂഡൽഹി: സത്യസന്ധമായി വാർത്ത കൊടുത്താലും കേസ് കൊടുക്കുന്ന നേതാവാണ് പിസി ചാക്കോ. എൻസിപിയിൽ പിസി ചാക്കോ ചേരുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വാർത്ത നൽകിയത് മറുനാടനാണ്. അന്ന് എല്ലാ ചാനലുകൾക്കും മുമ്പിലെത്തി അത് നിഷേധിച്ചു. പോരാട്ടതിന് രാഷ്ട്രീയ വാർത്തയുടെ പേരിൽ പൊലീസ് മേധാവിക്ക് പരാതിയും കൊടുത്തു. എൻസിപിയിൽ ചേരുമെന്ന വാർത്തയുടെ പേരിലായിരുന്നു ഈ കേസ് കൊടുക്കൽ. കേരളത്തിലെ രാഷ്ട്രീയ-മാധ്യമ ചരിത്രത്തിലെ ആദ്യ കേസ്.

പിസി ചാക്കോ മികച്ച നേതാവാണെന്നും അതുകൊണ്ട് തന്നെ എൻസിപിയുടെ കേരളത്തിലെ അധ്യക്ഷ സ്ഥാനം പിസി ചാക്കോയ്ക്ക് കൊടുക്കുമെന്നുമായിരുന്നു മറുനാടൻ വാർത്തി. എൻസിപിയുടെ കേരളാ ഘടകത്തിലെ നേതൃക്ഷാമം പരിഹരിക്കാനുള്ള ഒറ്റമൂലിയായി ശരദ് പവാർ കണ്ടത് പഴയ ശിഷ്യനായ പിസി ചാക്കോയെ ആയിരുന്നു. ഈ വാർത്ത തെറ്റാണെന്ന് പറഞ്ഞ് കേസു കൊടുത്ത പിസി ചാക്കോ ഇപ്പോൾ എൻസിപിയിൽ ചേർന്നിരിക്കുന്നു.

പാർട്ടി അധ്യക്ഷൻ ശരദ് പവാറിന്റെ ഔദ്യോഗിക വസതിയിൽ, പ്രഫുൽ പട്ടേൽ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ചാക്കോ എൻസിപിയുടെ ഭാഗമായത്. ഇതിനു മുൻപു കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പവാർ വെളിപ്പെടുത്തി. ചാക്കോയുടെ സാന്നിധ്യം കേരളത്തിലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ഗുണം ചെയ്യുമെന്നായിരുന്നു പിണറായിയുടെ പ്രതികരണമെന്നു പവാർ പറഞ്ഞു. ഇന്നു മുതൽ എൽഡിഎഫിനു വേണ്ടി പ്രചാരണത്തിനുണ്ടാകുമെന്നു ചാക്കോയും വ്യക്തമാക്കി.

പാലാ എംഎൽഎയായ മാണി സി കാപ്പൻ, ശരത് പവാറുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു. പാലാ സീറ്റ് നിഷേധിച്ചതോടെ എൻസിപി ഇടതുമുന്നണി വിടുമെന്ന് ഏവരും കരുതി. എന്നാൽ മന്ത്രി എകെ ശശീന്ദ്രൻ നന്നായി ഇടപെട്ടു. ഇതിനൊടുവിൽ പവാർ, മാണി സി കാപ്പനെ തള്ളി. എൻസിപി ഇടതുപക്ഷത്തു നിന്നു. ശശീന്ദ്രന് എലത്തൂർ സീറ്റും നൽകി. ഇതിനെല്ലാം പിന്നിൽ ചരടുവലിച്ചത് പിസി ചാക്കോയായിരുന്നു. ഇടതുപക്ഷത്ത് പവാറിനെ പിടിച്ചു നിർത്തിയത് ചാക്കോയുടെ നീക്കമാണ്. അണിറയ്ക്കുള്ളിൽ നിന്ന് ഈ രാഷ്ട്രീയ ദൗത്യം പൂർത്തിയാക്കിയാണ് പിസി ചാക്കോ ഇപ്പോൾ എൻസിപിയിൽ എത്തുന്നത്.

പാർട്ടിയിൽ ചേരുന്നതിനു മുൻപ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായും ചാക്കോ കൂടിക്കാഴ്ച നടത്തി. ഒരിക്കലും തനിക്കൊരു ബിജെപിക്കാരനാകാൻ കഴിയില്ലെന്ന് ആവർത്തിച്ച ചാക്കോ, കോൺഗ്രസ് സംസ്‌കാരമുള്ള പാർട്ടിയെന്ന നിലയിലാണ് എൻസിപിയുടെ ഭാഗമാകുന്നതെന്നു പറഞ്ഞു. ഇടതുപക്ഷവുമായുള്ള തന്റെ ബന്ധം പുതിയതല്ലെന്നും 1980 ൽ കേരളത്തിൽ ഇടതുപക്ഷ സർക്കാരുണ്ടാക്കുന്നതിൽ മുൻകയ്യെടുത്തവരുടെ കൂട്ടത്തിൽ താനുമുണ്ടായിരുന്നുവെന്നും ചാക്കോ പറഞ്ഞു.

കോൺഗ്രസ് ദയനീയ സ്ഥിതിയിലാണ് ഇപ്പോൾ. രണ്ടോ മൂന്നോ പേരുടെ ആലോചന മാത്രമാണ് പാർട്ടിയിൽ നടക്കുന്നതെന്നും കുറ്റപ്പെടുത്തി. മൂന്നാം മുന്നണിയുടെ ദേശീയ നേതൃത്വം ശരത് പവാർ ലക്ഷ്യമിടുന്നുണ്ട്. ഇതിന് വേണ്ടി കൂടിയാണ് ഇടതുപക്ഷത്ത് എൻസിപി ഉറച്ചു നിൽക്കുന്നത്.