തിരുവനന്തപുരം: കഴിഞ്ഞ തവണ കടന്നപ്പള്ളി രാമചന്ദ്രൻ പിണറായി മന്ത്രിസഭയിൽ അംഗമായിരുന്നു. എന്നാൽ ഇത്തവണ കടന്നപ്പള്ളിയോട് പ്രത്യേക സാഹചര്യം പറഞ്ഞു മനസ്സിലാക്കാനാണ് സിപിഎം നീക്കം. കടന്നപ്പള്ളിക്ക് പകരം മറ്റൊരു ഏകാംഗ പാർട്ടിയിൽ നിന്ന് ജയിച്ചെത്തിയ നേതാവ് മന്ത്രിയാകും. കെബി ഗണേശ് കുമാറിനാണ് സാധ്യത. ഇതിനൊപ്പം ആന്റണി രാജുവെന്ന ജനാധിപത്യ കേരളാ കോൺഗ്രസുകാരനും മന്ത്രിയാകാൻ സാധ്യതയുണ്ടെന്നാണ് ഇടതു കേന്ദ്രങ്ങൾ നൽകുന്ന സൂചന. എൻസിപിയിലെ അടിയാണ് ഇതിന് കാരണം. ഈ അടി തുടർന്നാൽ എൻസിപിയെ മന്ത്രിസഭയ്ക്ക് പുറത്തു നിർത്തും.

നേതാക്കൾ തമ്മിലുള്ള തർക്കം മൂക്കുന്നതിനിടയിൽ എൻ.സി.പി. മന്ത്രിയെ പതിനെട്ടിന് തീരുമാനിക്കും. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽച്ചേരുന്ന ഭാരവാഹിയോഗത്തിൽ മന്ത്രിയെ പ്രഖ്യാപിക്കാനാണ് സാധ്യത. അല്ലെങ്കിൽ ആരേയും മന്ത്രിയാക്കില്ല. സിപിഎമ്മുമായി തിങ്കളാഴ്ച നടത്തിയ ഉഭയകക്ഷി ചർച്ചയിൽ മന്ത്രി ആരെന്ന് മെയ്‌ 18-ന് അറിയിക്കണമെന്ന് എൻ.സി.പി.യോട് നിർദേശിച്ചിരിക്കുകയാണ്. എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസിനുംവേണ്ടി നേതാക്കൾ രണ്ടുതട്ടിലായിനിന്ന് ചരടുവലികൾ നടത്തുകയാണ്. ഇത് തലവേദനയാകുമെന്ന് ഇടതു മുന്നണിക്കും അറിയാം.

എൻസിപി എന്ന പാർട്ടി തെരഞ്ഞെടുപ്പു കാലത്തും സിപിഎമ്മിന് തലവേദനയായിരുന്നു. പാലാ സീറ്റ് കിട്ടാത്തതിന്റെ പേരിൽ മാണി സി കാപ്പൻ മുന്നണി വിട്ടത് സിപിഎം ഗൗരവത്തോടെ കണ്ട കാര്യമാണ്. എൻസിപിയുടെ സംസ്ഥാന നേതൃത്വം ഇപ്പോഴും മാണി സി കാപ്പന് അനുകൂലമാണ്. ശരത് പവാറിന്റെ പിന്തുണയും ഉണ്ട്. ഇതെല്ലാം കൂടി പരിഗണിച്ചാണ് എൻസിപിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎം ആലോചന നടത്തുന്നത്. പാർട്ടിക്കുള്ളിലെ തർക്കം അതിന് നിമിത്തമായേക്കും.

മന്ത്രി എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്ന ജനറൽ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്റിനും എതിരേ നടപടിയെടുക്കാൻ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ തയ്യാറെടുക്കുന്നതാണ് പുതിയ നീക്കം. സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിക്കും എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസിനുമാണ് പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. മാണി സി. കാപ്പൻ രാഷ്ട്രീയമായി പരാജയപ്പെട്ടുവെന്ന എ.കെ. ശശീന്ദ്രന്റെ പ്രസ്താവനയ്ക്കുപിന്നാലെ കാപ്പനെ പിന്തുണച്ച് പീതാംബരൻ മാസ്റ്ററിന്റെ പ്രസ്താവനവന്നു. എൻ.സി.പി.യിലെ ശശീന്ദ്രൻ അനുകൂലികൾ ഇതിനെ എതിർത്ത് രംഗത്തിറങ്ങിയതോടെ നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻതന്നെ പീതാംബരൻ മാസ്റ്ററെ തിരുത്തി. പ്രസിഡന്റിന്റെ നിലപാട് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു രാജന്റെ വിശദീകരണം. ഇതെല്ലാം വലിയ തർക്കമായി. ഇതിനിടെ മാണി സി കാപ്പൻ മുംബൈയിൽ എത്തി പവാറിനെ കണ്ട് ചർച്ച നടത്തുകയും ചെയ്തു. എൻസിപിക്കാരനാണ് താനെന്ന സന്ദേശം മാണി സി കാപ്പൻ പരോക്ഷമായി നൽകുകയും ചെയ്യുന്നു. ഇതിലും പിണറായി പ്രകോപിതനാണഅ. ഈ സാഹചര്യത്തിൽ എൻസിപിയെ മൊത്തമായി ഒഴിവാക്കാനാണ് നീക്കം.

കഴിഞ്ഞ തവണ ശശീന്ദ്രന് ഗതാഗത വകുപ്പാണ് നൽകിയത്. ഇത് ഗണേശിന് കൊടുക്കാൻ സിപിഎമ്മിന് താൽപ്പര്യമുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് എൻസിപിയെ ഒഴിവാക്കാനുള്ള നീക്കം. എൻസിപിയെ അവഗണിച്ചാലും ഇടതുപക്ഷത്തിന് ഒന്നും സംഭവിക്കില്ല. അത്രയേറെ ഭൂരിപക്ഷം മുന്നണിക്കുണ്ട്. അതുകൊണ്ട് തന്നെ തർക്കങ്ങൾ കണക്കിലെടുത്ത് എൻസിപിയെ അവഗണിക്കാനാണ് പിണറായിക്ക് താൽപ്പര്യം. കടന്നപ്പള്ളിയോടെ മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിൽക്കേണ്ടി വരുമെന്നും സൂചന നൽകിയിട്ടുണ്ട്.

അങ്ങനെ വന്നാൽ മന്ത്രിമാരുടെ എണ്ണം കൂട്ടി ഐഎൻഎല്ലിനേയും മന്ത്രിയാക്കാൻ സാധ്യത ഏറെയാണ്. ഇതിനൊപ്പം മന്ത്രിപദം രണ്ടര വർഷമായി വീതം വയ്ക്കുന്ന ഫോർമുലയും പരിഗണനയിലുണ്ടെന്നാണ് സൂചന.