- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൻസിപി അടപടലം പോരുമെന്ന് കരുതി കാപ്പനെ കൂട്ടിയത് യുഡിഎഫിന് തലവേദനയാകുമോ? ഒരാളെ പോലും കൂട്ടാതെ എത്തിയ കാപ്പനു വേണ്ടത് മൂന്നു സീറ്റും മുന്നണി പ്രവേശനവും; പാലായ്ക്ക് അപ്പുറത്തേക്ക് മറ്റൊന്നും പ്രതീക്ഷിക്കാതെ കോൺഗ്രസ്
തിരുവനന്തപുരം: ജോസ് കെ മാണി വിട്ടുപോയപ്പോൾ ആശ്വസിച്ചത് കോൺഗ്രസ് നേതാക്കളാണ്. കോട്ടയത്തെ എല്ലാ സീറ്റിലും മത്സരിക്കാമെന്ന് അവർ കരുതി. എന്നാൽ ജോസ് കെ മാണിയെ വിട്ടുവന്ന പിജെ ജോസഫ് ചോദിക്കുന്നത് 13 സീറ്റാണ്. ഇത് കോൺഗ്രസിന് വലിയ തലവേദനയാണ്. ഇതിനൊപ്പമാണ് ഇപ്പോൾ മാണി സി കാപ്പൻ. എൻസിപിയെ ഒന്നാകെ മാണി സി കാപ്പൻ യുഡിഎഫിൽ എത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. കാപ്പനൊപ്പം ശരത് പവാർ നിൽക്കുമെന്നും കരുതി. എന്നാൽ സംഭവിച്ചത് മറിച്ചാണ്. കാപ്പനെ പവാർ പിന്തുണച്ചില്ല. എൻസിപി ഇടതുപക്ഷത്ത് നിൽക്കുകയും ചെയ്തു. ഇതോടെ തനിച്ചായി കാപ്പന്റെ വരവ്. എന്നിട്ടും എൻസിപി മാണി സി. കാപ്പൻ വിഭാഗം യുഡിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത് 3 സീറ്റാണ്. പാലാ കൂടാതെ കായംകുളവും മലബാറിലെ ഒരു സീറ്റുമാണ് ലക്ഷ്യം. പാലാ ഇതിനകം നൽകിക്കഴിഞ്ഞ കോൺഗ്രസ് മറ്റു സീറ്റുകളുടെ കാര്യത്തിൽ മനസ്സ് തുറന്നിട്ടില്ല.
അതിനിടെ തൃണമൂൽ കോൺഗ്രസ്, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് (എസ്) എന്നീ പാർട്ടികളിൽ നിന്നു ചില നേതാക്കൾ കാപ്പന്റെ എൻസിപിയിൽ ചേരുമെന്ന പ്രചരണവും ഉണ്ട്. ഇതിൽ പ്രമുഖ നേതാക്കളുണ്ടാകില്ലെന്നും സൂചനയുണ്ട്. ഇതിനിടെ, കാപ്പനെ എൻസിപിയിൽ നിന്ന് പാർട്ടി അധ്യക്ഷൻ ശരദ് പവാർ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണു നടപടിയെന്നു സെക്രട്ടറി എസ്.ആർ. കോലി അറിയിച്ചു. ഇതോടെ എൻസിപിയുമായി കാപ്പനുള്ള ബന്ധവും തീർന്നു. കാപ്പന്റെ നേതൃത്വത്തിൽ പുതിയ എൻസിപി രൂപീകരിക്കുന്നതിന് ഇന്നലെ പാലായിൽ ചേർന്ന നേതാക്കളുടെ യോഗം തീരുമാനിച്ചു. 22ന് തിരുവനന്തപുരത്ത് അന്തിമ രൂപരേഖ പുറത്തിറക്കും. ചിഹ്നം, കൊടി, ഭരണ ഘടന എന്നിവയും അന്നു നിശ്ചയിക്കും. 28നുള്ളിൽ പാർട്ടി പ്രഖ്യാപനം നടക്കും.
എൻസിപി കേരള എന്ന പേരിനാണ് മുൻഗണന. മാണി സി. കാപ്പനായിരിക്കും പ്രസിഡന്റ്. കാപ്പൻ ചെയർമാനായ പത്തംഗ സമിതിയിൽ ബാബു കാർത്തികേയൻ, സലീം പി. മാത്യു, എം.ആലിക്കോയ, പി.ഗോപിനാഥ്, സുൾഫിക്കർ മയൂരി, ബാബു തോമസ്, കടകംപള്ളി സുകു, പ്രദീപ് പാറപ്പുറം, സാജു എം.ഫിലിപ്പ് എന്നിവരെ ഉൾപ്പെടുത്തി. അതിനിടെ എൻ.സി.പി. വിട്ടുവന്ന മാണി സി. കാപ്പന്റെ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫിൽ ഉൾപ്പെടുത്താനാകില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തുന്നുവെന്നും സൂചനയുണ്ട്. കാപ്പന് മാത്രം പാലായിൽ മത്സരിക്കാം. മുല്ലപ്പള്ളി പറഞ്ഞതിനെ ശരിവെച്ച് ഡൽഹിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. കാപ്പൻ വിഭാഗം വന്നത് മധ്യതിരുവിതാംകൂറിൽ ഗുണംചെയ്യുമെങ്കിലും കൂടുതൽ സീറ്റുനൽകാൻ പരിമിതികളുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.
പാർട്ടിയെന്നനിലയിൽ എൻ.സി.പി. ഇടതുമുന്നണി വിട്ടുവരികയാണെങ്കിൽ യു.ഡി.എഫിൽ ഘടകകക്ഷിയാക്കുന്നതിന് എതിർപ്പുണ്ടായിരുന്നില്ല. മാണി സി. കാപ്പനും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണ് യു.ഡി.എഫിലേക്കെത്തിയത്. അതുകൊണ്ടുതന്നെ പാർട്ടിയെന്നനിലയിൽ മുന്നണിയുടെ ഭാഗമാക്കാൻ കോൺഗ്രസ് മടിക്കുന്നു. കാപ്പന് കോൺഗ്രസ് അംഗത്വംനൽകി പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. അല്ലെങ്കിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പാലായിൽ മത്സരിക്കാം. അതിന് അപ്പുറത്തേക്ക് ഒന്നും പറ്റില്ലെന്നാണ് കോൺഗ്രസ് നിലപാട്.
കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കാൻ ഇനിയും തയ്യാറായിട്ടില്ല. താൻ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഇടതു മുന്നണിയിലേക്ക് പോയപ്പോൾ റോഷി അഗസ്റ്റിനും തോമസ് ചാഴികാടനുമൊന്നും രാജിവെച്ചില്ലെന്ന കാര്യമായിരുന്നു. എന്നാൽ, കാപ്പൻ ചൂണ്ടിക്കാട്ടിയതു പോലെ അത്രയ്ക്ക് സിംപിൾ അല്ല ഇക്കാരമ്യമെന്നാണ് വ്യക്തമാകുന്നത്. നിയമം അനുശാസിക്കുന്ന വിധത്തിലുള്ള കൂറുമാറ്റം എല്ലാ അർത്ഥത്തിലും കാപ്പന്റെ കാര്യത്തിൽ ബാധകമാണ്. കാരണം എൻസിപി എന്ന പാർട്ടി ഇതുവരെ മുന്നണി മാറാൻ തീരുമാനിച്ചിട്ടില്ല. മാത്രവുമല്ല, മറ്റൊരു എംഎൽഎയായ ശശീന്ദ്രനും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചു വിജയിച്ച ജനപ്രതിധികളും ഔദ്യോഗിക പക്ഷത്തിനൊപ്പം ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ കാപ്പനാണ് പാർട്ടിയെ ഉപേക്ഷിച്ച് യുഡിഎഫിൽ പോയത്. ഇതോടെ എംഎൽഎ സ്ഥാനം രാജിവെക്കാതെ പുതിയ പാർട്ടി ഉണ്ടാക്കിയാൽ കാപ്പനെ കാത്തിരിക്കുന്നത് അയോഗ്യതാ ഭീഷണിയാണ്.
എൻസിപിയെ മുഴുവനായി അടർത്തിയെടുക്കാൻ സാധിക്കാത്തതിൽ കോൺഗ്രസിലും അമർഷമുണ്ട്. കാപ്പൻ വന്നതു കൊണ്ട് യുഡിഎഫിന് പാലയിലെ വിജയസാധ്യത വർധിച്ചെന്ന് പറയാൻ പോലും സാധിക്കില്ലെന്നാണ് ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും അടക്കമുള്ളവർ കണക്കു കൂട്ടിയത്. പുതിയ പാർട്ടി ഉണ്ടാക്കി കാപ്പിൻ വന്നാൽ അത് യുഡിഎഫിന് അധികാരത്തിൽ അധികബാധ്യതയാകും എന്നത് ഉറപ്പാണ്. പാലയിൽ കാപ്പൻ ജയിക്കുമെന്ന വിശ്വാസം കോൺഗ്രസ് നേതാക്കൾക്കു പോലുമില്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളാകും അതുകൊണ്ട് തന്നെ കാപ്പൻ ആഗ്രഹിക്കുന്നത്. പാല മണ്ഡലത്തിൽ ഒന്നാമത്തെ കക്ഷി ജോസ് കെ മാണിയും രണ്ടാമത്തെ കക്ഷി സിപിഎമ്മുമാണ്. മുൻപും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വോട്ടുകൾ കാപ്പന് തന്നെയാണ് ലഭിച്ചിരുന്നതും. പാലായിൽ യുഡിഎഫും എൽഡിഎഫും ആയിരുന്നില്ല. മറിച്ച് മാണിയും മാണി വിരുദ്ധരുമായിരുന്നു മത്സരം.
നാളിതുവരെ മാണി സി കാപ്പനെ പിന്തുണച്ചിരുന്ന എൽഡിഎഫിന്റെ 35,000 രാഷ്ട്രീയ വോട്ടുകൾ യുഡിഎഫിന്റെ പാലായിലെ തോൽവി ഉറപ്പാക്കുന്നതാണ്. ഇപ്പോൾ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ തോൽവി സുനിശ്ചിതമെന്ന് കണക്കെടുപ്പ് നടത്തിയ കോൺഗ്രസ് പാലാ മണ്ഡലം മാണി സി കാപ്പന്റെ മേൽ കെട്ടിവെച്ചുവെന്നും വിലയിരുത്തുന്നുണ്ട്. എൻസിപി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ഒറ്റക്കെട്ട്. കാപ്പൻ മാത്രം മറുഭാഗത്താകുമ്പോൾ അത് കൂറുമാറ്റമാകുമെന്നും ഉറപ്പാണ്.
മറുനാടന് മലയാളി ബ്യൂറോ