കൊല്ലം: ഇടതു മുന്നണിയിലേക്ക് കെബി ഗണേശ് കുമാർ ചേക്കേറിയപ്പോഴുള്ള പ്രതീക്ഷ മന്ത്രിസ്ഥാനം ലഭിക്കുമെന്നായിരുന്നു. എന്നാൽ, പിണറായി സർക്കാർ ഗണേശിനെ മന്ത്രിയാക്കാതെ സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാനായി ആർ ബാലകൃഷ്ണ പിള്ളയെ നിമയിച്ചു. ഒറ്റകക്ഷിയുള്ളതു കൊണ്ട് ഗണേശിന് മന്ത്രിസ്ഥാനം നൽകേണ്ടെന്ന തീരുമാനവും കൈക്കൊണ്ടു. ഇതോടെ ഇടതു മുന്നണിയിൽ വെറും എംഎൽഎയായി തുടരേന്ന അവസ്ഥയിലായി ഗണേശിന്. അച്ഛൻ ബാലകൃഷ്ണ പിള്ളയുടെ അനിഷ്ടം കൂടിയായപ്പോൾ എംഎൽഎ സ്ഥാനത്ത് തുടരുകയും ചെയ്തു. ഇതിനെടയാണ് മന്ത്രിസഭയിലെ ഒരു ഒഴിവ് മുന്നിൽ കണ്ട് പിള്ള കരുക്കൽ നീക്കിയത്. എൻസിപിയിൽ ലയിച്ച് മന്ത്രിസ്ഥാനം സ്വന്തമാക്കാനുള്ള തന്ത്രമാണ് പിള്ള ആവിഷ്‌ക്കരിക്കുന്നത്.

ഇത് സംബന്ധിച്ച വാർത്തകൾ ഗണേശ് നിഷേധിച്ചെങ്കിലും ബാലകൃഷ്ണ പിള്ള ഇനിയും നിഷേധിച്ചിട്ടില്ല. എൻസിപി സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യമില്ലെങ്കിലും ദേശീയ നേതൃത്വം വഴിയാണ് പിള്ളയുടെ കളികൾ. ഇതിന് തോമസ് ചാണ്ടിയുടെ പിന്തുണയുമുണ്ടെന്നാണ് അറിയുന്നത്. അതേസമയം പിള്ളയെ അംഗീകരിക്കില്ലെന്ന കർശന നിലപാടിലാണ് എൻസിപി സംസ്ഥാന നേതാക്കൾ. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട പിള്ളയെ തങ്ങൾക്ക് വേണ്ടെന്ന് ഇവർ ഉറപ്പിച്ചു പറയുന്നു.

ഇടതുമുന്നണിക്ക് പിന്തുണയുമായി കഴിയുന്ന ബാലകൃഷ്ണപിള്ളയ്ക്ക് മുന്നണിയിലേക്ക് പ്രവേശനം അടുത്തെങ്ങും കിട്ടിയേക്കില്ലെന്നതിനാൽ എൻ.സി.പി. വഴി മുന്നണിയുടെ നേതൃനിരയിലേക്ക് എത്താനാണ് നീക്കം. ഇതിനായി എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനും ബാലകൃഷ്ണപിള്ളയും തമ്മിൽ ആശയവിനിമയം നടന്നു. പ്രാഥമിക ചർച്ചയിലെ വിവരങ്ങൾ പീതാംബരൻ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് എൻ.സി.പി.യുടെ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം എറണാകുളത്ത് ചേരും. ഈ യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചയാവും.

ബാലകൃഷ്ണപിള്ളയുടെ വരവ് പാർട്ടിയുടെ ഏക മന്ത്രിസ്ഥാനം ലക്ഷ്യമിട്ടുകൊണ്ടാണെന്നും ഒരു കാരണവശാലും പാർട്ടി പ്രവേശനം അനുവദിക്കില്ലെന്നുമുള്ള ഉറച്ച തീരുമാനത്തിലുമാണ് എൻ.സി.പി.യിലെ ശശീന്ദ്രൻ അനുകൂലികൾ. അഴിമതി നടത്തിയതിന്റെ പേരിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള ഒരാളെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കുമെന്നും ബാലകൃഷ്ണപിള്ള പാർട്ടിയെ തട്ടിയെടുക്കുമെന്നും ഇവർ പറയുന്നു.

ഇക്കാര്യത്തിലുള്ള അതൃപ്തി നേതാക്കൾ പങ്കുവെച്ചു. ശനിയാഴ്ച നടക്കുന്ന നേതൃയോഗത്തിൽ ഇതിനെതിരേ ശക്തമായി പ്രതികരിക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. കെ. മുരളീധരൻ എൻ.സി.പി.യിലേക്ക് വരികയും പിന്നീട് പാർട്ടിവിട്ട് പോവുകയും ചെയ്തപ്പോൾ പാർട്ടിക്കുണ്ടായ ക്ഷീണത്തിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്നാണ് എൻ.സി.പി.യിലെ പാരമ്പര്യവാദികൾ പറയുന്നത്. ആശയാടിത്തറയില്ലാതെ, താത്കാലിക ലാഭത്തിനായി പാർട്ടിയിലേക്ക് വരുന്നവർ പിന്നീട് വലിയ ബാധ്യതയാകുമെന്നും ഇവർ പ്രചരിപ്പിക്കുന്നു.

എൻ.സി.പി.യിൽ ചേരുന്നുവെന്ന ആരോപണം ആർ ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേശ്‌കുമാറും നിഷേധിച്ചു. കേരള കോൺഗ്രസ് എന്ന നിലയിൽത്തന്നെയുള്ള എൽ.ഡി.എഫ്. പ്രവേശനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇരുവരും പ്രതികരിച്ചു. ആരോപണങ്ങളുടെ പേരിൽ മന്ത്രിസ്ഥാനങ്ങളിൽനിന്ന് രാജിവെക്കേണ്ടിവന്ന എ.കെ. ശശീന്ദ്രന്റെയും തോമസ് ചാണ്ടിയുടെയും കേസുകൾ കോടതിയിൽ നിലനിൽക്കുകയാണ്. ശശീന്ദ്രനെതിരേയുള്ള പെൺകെണിക്കേസിൽ പരാതിക്കാരിതന്നെ ഹർജി പിൻവലിക്കാൻ കോടതിയെ സമീപിച്ചു. എന്നാൽ, കൂടുതൽ പേർ കേസിൽ കക്ഷിചേരാൻ തയ്യാറായിവരികയും ഹർജി പിൻവലിക്കുന്നതിലെ സാങ്കേതികത്വത്തെച്ചൊല്ലി കേസ് നീളുകയും ചെയ്യുന്നുണ്ട്.

തോമസ് ചാണ്ടി തനിക്കെതിരേയുള്ള ഭൂമിവിവാദത്തിൽനിന്ന് രക്ഷതേടി സുപ്രീംകോടതിയെ സമീപിച്ചു. ആ കേസും നീളുകയാണ്. എൻ.സി.പി.ക്കുള്ള മന്ത്രിസ്ഥാനം അനിശ്ചിതത്വത്തിൽ നിൽക്കുമ്പോൾ ബാലകൃഷ്ണപിള്ളയുടെ വരവ് സംശയം ജനിപ്പിക്കുന്നതാണെന്ന് നേതാക്കൾ പറയുന്നു. ആർ ബാലകൃഷ്ണപിള്ള എൻ.സി.പി.യിൽ ചേരുമോ എന്നകാര്യത്തിൽ ഇപ്പോഴൊന്നും പറയുന്നില്ലെന്നാണ് എൻസിപി ടി പി പിതാംബരൻ എൻസിപി അധ്യക്ഷൻ പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള വാർത്തകളാണ് കണ്ടതെന്നു അദ്ദേഹം പറഞ്ഞു.