- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയുടെ ധാർഷ്ട്യത്തിൽ പൊട്ടിത്തെറിച്ച് ശരത് പവാറും; മാണി സി കാപ്പനെ ലക്ഷ്യം വച്ചു നീങ്ങിയ യുഡിഎഫിന് എൻസിപിയെ തന്നെ കിട്ടും; ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം; ശശീന്ദ്രൻ കോൺഗ്രസ് എസിൽ ലയിച്ച് എൽഡിഎഫിൽ തുടരും; തോമസ് ചാണ്ടിയുടെ സഹോദരൻ സീറ്റ് നൽകുന്ന മുന്നണിക്കൊപ്പം; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എൽഡിഎിന് ഒരു ഘടകകക്ഷിയെ നഷ്ടമാകും
ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിന് തൊട്ടരികിലെത്തിയ നേതാവാണ് ശരത് പവാർ. ദീർഘകാലം മഹാരാഷ്ട്രാ മുഖ്യമന്ത്രിയായിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഭരണത്തെ നിയന്ത്രിച്ച നേതാവ്. പക്ഷേ സൗമ്യമായി മാത്രമേ ഈ മറാത്താ നേതാവ് ആരുമായും ഇടപെടാറുള്ളൂ. രാഷ്ട്രീയ ശത്രുക്കൾക്ക് പോലും പവാറിന്റെ രാഷ്ട്രീയ മാന്യത അനുഭവിച്ച് ബോധ്യപ്പെട്ടതാണ്. മഹാരാഷ്ട്രയിൽ ബിജെപിയെ അകറ്റാൻ ശിവസേനയെ കൂടെ കൂട്ടിയ രാഷ്ട്രീയ തന്ത്രജ്ഞൻ. കേരളാ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമില്ലെങ്കിൽ രാജ്യമെങ്ങും വേരുകളുള്ള പാർട്ടിയാണ് എൻസിപി. അതുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷത്തിൽ നിന്നുണ്ടായ അപമാനം ശരത് പവാറിനെ വേദനിപ്പിക്കുന്നത്. മുഖ്യന്ത്രി പിണറായിയുടെ ധാർഷ്യം എൻസിപിയെ ഇടതുപക്ഷത്തു നിന്ന് അകറ്റും. എൻസിപി യുഡിഎഫിലും ചേരും.
എൻസിപിയിലെ രണ്ടാമനാണ് പ്രഫുൽ പട്ടേൽ. കേരളത്തിൽ എൻസിപി നേരിടുന്ന പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായിയുമായി ചർച്ച ചെയ്യാൻ നിയോഗിച്ചത് പ്രഫുൽ പട്ടേലിനെയാണ്. എന്നാൽ ഫോണിൽ സംസാരിക്കുന്നതിന് അപ്പുറം കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല. ഒഴുക്കൻ മറുപടിയാണ് നൽകിയത്. പാലായിൽ പ്രതീക്ഷ വേണ്ടെന്നും രാജ്യസഭാ സീറ്റ് തരില്ലെന്നും പറഞ്ഞു. ഇത് എൻസിപിക്ക് മാനക്കേടായെന്ന് ശരത് പവാർ തിരിച്ചറിയുന്നു. കൂട്ടനാട്ടിൽ മാണി സി കാപ്പനെ മത്സരിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ ഉപദേശം എൻസിപിയെ ചൊടുപ്പിച്ചു. ഈ സാഹചര്യത്തിൽ വലതു പക്ഷത്തേക്ക് മാറാനാണ് തീരുമാനം. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ പ്രഖ്യാപനം വരും. അങ്ങനെ മാണി സി കാപ്പനെ മാത്രം ലക്ഷ്യമിട്ട് യുഡിഎഫ് നടത്തിയ നീക്കം പുതിയ തലത്തിലെത്തി. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയിൽ നിന്ന് കിട്ടിയ ഉറപ്പുകളാണ് പിണറായി നിഷേധിച്ചത്. ഈ സാഹചര്യത്തിലാണ് പവാർ കടുത്ത തീരുമാനം എടുക്കുന്നത്.
ഇന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്ററുമായും മാണി കാപ്പനുമായും ശരത് പവാർ മത്സരിച്ചിരുന്നു. മാറ്റം അനിവാര്യതയാണെന്ന് ശരത് പവാർ ഈ നേതാക്കൾക്ക് സൂചന നൽകിയിട്ടുണ്ട്. വിദേശത്തുള്ള പ്രഫുൽ പട്ടേൽ മടങ്ങിയെത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും. എന്തുവന്നാലും താൻ പാലായിൽ മത്സരിക്കുമെന്ന് മാണി സി കാപ്പൻ ഈ ചർച്ചയ്ക്ക് ശേഷവും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ തീരുമാനത്തെ പവാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി. ഇതോടെ എൻസിപിയുടെ മുന്നണി മാറ്റം ഏതാണ്ട് ഉറപ്പാവുകയും ചെയ്തിട്ടുണ്ട്. വലിയ ട്വിസ്റ്റുകൾ ഉണ്ടായില്ലെങ്കിൽ നാളെ തീരുമാനം പ്രഫുൽ പട്ടേൽ പ്രഖ്യാപിക്കും.
എൻസിപിയുടെ കേരള ഘടകം പിളരും എന്നും ഉറപ്പാണ്. മന്ത്രി എകെ ശശീന്ദ്രൻ കോൺഗ്രസ് എസിൽ ലയിച്ച് എൽഡിഎഫിൽ തുടരുമെന്നാണ് സൂചന. ഇടതു പക്ഷത്തു തന്നെ ശശീന്ദ്രൻ ഉറച്ചു നിൽക്കും. ഇടതു പക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് എലത്തൂർ. ഇവിടുത്തെ എംഎൽഎയാണ് ശശീന്ദ്രൻ. ഈ സീറ്റ് ഇനി സിപിഎം ശശീന്ദ്രന് കൊടുക്കില്ല. പകരം കണ്ണൂരിൽ മത്സരിപ്പിക്കും. കണ്ണൂരിൽ കേരളാ കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് എംഎൽഎ. മന്ത്രിയായ കടന്നപ്പള്ളിക്ക് ഇനി മത്സരിക്കാൻ താൽപ്പര്യമില്ല. ഈ സാഹചര്യത്തിലാണ് ശശീന്ദ്രനോട് കണ്ണൂരിൽ മത്സരിക്കാൻ അവസരം വരിക. എന്നാൽ ശശീന്ദ്രൻ കോൺഗ്രസ് എസിൽ ചേർന്നാലും കണ്ണൂരിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല. കുറച്ചു കൂടി ഉറച്ച സീറ്റ് ശശീന്ദ്രൻ സിപിഎമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
കുട്ടനാടും എൻസിപിയുടെ സിറ്റിങ് സീറ്റാണ്. തോമസ് ചാണ്ടിയുടെ മരണത്തോടെ ഈ സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിനെ മത്സരിപ്പിക്കാനായിരുന്നു ധാരണ. എന്നാൽ കോവിഡു കാരണം ഉപതെരഞ്ഞെടു്പപ് വേണ്ടെന്നു വച്ചു. ഇവിടെ കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് ജോസഫാണ് മത്സരിച്ചത്. ജോസഫിന്റെ സ്ഥാനാർത്ഥി വീണ്ടും മണ്ഡലത്തിൽ സജീവമാണ്. അതുകൊണ്ട് തന്നെ ആരാണോ സീറ്റ് നൽകുന്നത് അവർക്കൊപ്പം നിൽക്കാനാണ് തോമസ് ചാണ്ടിയുടെ സഹോദരന്റെ തീരുമാനം. കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ് ഈ സീറ്റ് വിട്ടുകൊടുക്കുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാൽ എൻസിപിയിലെ ബഹഭൂരിപക്ഷവും തോമസ് ചാണ്ടിക്കൊപ്പം യുഡിഎഫിലെത്തും.
പാലാ തർക്കം ക്ലൈമാക്സിലേക്ക് എത്തുന്നതിന് പിന്നിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണിയിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള പൂർണ്ണ വിശ്വാസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ മുൻസിപ്പാലിറ്റ് മാത്രമല്ല, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലാ പഞ്ചായത്തുകളും ഇടതിന് കിട്ടി. ഇത് കേരളാ കോൺഗ്രസിന്റെ കരുത്തിലാണ്. പിജെ ജോസഫ് ഇടതു പക്ഷത്തുള്ളപ്പോൾ പോലും ഇത്രയും വലിയ ജയം എൽഡിഎഫ് മധ്യകേരളത്തിൽ നേടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാലാ സീറ്റ് നൽകില്ലെന്ന് എൻസിപി നേതൃത്വത്തെ പിണറായി അറിയിച്ചതും. പാലായ്ക്ക് പകരം കുട്ടനാട്ടിൽ വേണമെങ്കിൽ മാണി സി കാപ്പന് മത്സരിക്കാമെന്ന നിർദ്ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഇതോടെ എൻസിപിയുടെ സിറ്റിങ് സീറ്റ് കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് നൽകുമെന്ന ഉറപ്പായി.
ഇടതു പക്ഷ രാഷ്ട്രീയത്തിൽ കാപ്പന്റെ ആവശ്യമില്ലെന്നാണ് പിണറായിയുടെ പക്ഷം. എന്നാൽ ലോക്സഭയിൽ 20ൽ 19ലും തോറ്റ ഇടതുപക്ഷത്തിന് രാഷ്ട്രീയ ജീവൻ നൽകിയത് മാണി സി കാപ്പനാണ്. കെ എം മാണിയുടെ മരണമുണ്ടാക്കിയ ഉപതെരഞ്ഞെടുപ്പിൽ പാലായിൽ ജയിച്ച് ഇടതുപക്ഷത്തെ മാണിക്യമായി കാപ്പൻ മാറി. പിന്നീട് ഉപതരെഞ്ഞെടുപ്പിൽ വട്ടിയൂർക്കാവും കോന്നിയും സിപിഎം നേടി. ഇങ്ങനെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ സിപിഎം രാഷ്ട്രീയം തിരിച്ചു വന്നത്. അതിന് കാരണക്കാരനായകുന്ന മാണി സി കാപ്പനെയാണ് പിണറായി കൈവിടുന്നത്. ജോസ് കെ മാണി ഇടതുപക്ഷത്ത് എത്തിയതോടെ കോട്ടയത്ത് എൻസിപി അധികപ്പെറ്റായി.
ഈ സാഹചര്യത്തിലാണ് പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാട് ആവർത്തിച്ച് മാണി സി. കാപ്പൻ രംഗത്തു വരുന്നത്. ശരത് പവാർ എന്തു പറയുന്നോ അത് അനുസരിക്കുമെന്ന് കഴിഞ്ഞ ദിവസം കാപ്പൻ പറഞ്ഞിരുന്നു. ഇതോടെ നിലപാടിൽ കാപ്പൻ അയവ് വരുത്തിയോ എന്നൊരു നിരീക്ഷണം ഉയർന്നിരുന്നു. എന്നാൽ നിലപാടിൽനിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. മാണി സി കാപ്പനെ മുസ്ലിം ലീഗും പിജെ ജോസഫ് പക്ഷവും സ്വാഗതം ചെയ്തിട്ടുണ്ട്. കെ മുരളീധരൻ എംപിയും സ്വാഗതം ചെയ്തു. അടുത്ത ഞായറാഴ്ചയാണ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയിലെത്തുക. ആ വേളയിൽ എൻസിപി പ്രവർത്തകർ യുഡിഎഫ് പരിപാടിയിൽ പങ്കെടുക്കും. മണി സി കാപ്പൻ ഇതുസംബന്ധിച്ച് അനുയായികളെ അറിയിച്ചു എന്നാണ് വിവരം. എൻസിപി ഒറ്റക്കെട്ടായി യുഡിഎഫിലെത്തിയാൽ 5 സീറ്റ് നൽകുമെന്നാണ് കോൺഗ്രസ് വാഗ്ദാനം.
മറുനാടന് മലയാളി ബ്യൂറോ