- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പവാറിന്റെ അന്തിമ അനുമതിയും ലഭിച്ചു; നാലു സീറ്റുകൾ ഉറപ്പിച്ച് എൻസിപി യുഡിഎഫിലേക്ക്; കുട്ടനാടിന്റെ കാര്യത്തിൽ ജോസഫിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം; ശശീന്ദ്രൻ എൽഡിഎഫിൽ ഉറച്ചു നിൽക്കും; എൻസിപിയിൽ ജയിക്കുന്നത് മാണി സി കാപ്പന്റെ നീക്കങ്ങൾ
കോട്ടയം: എൻസിപി കേരളത്തിൽ യുഡിഎഫ് ഘടക കക്ഷിയാകും. നാലു സീറ്റുകൾ യുഡിഎഫ് എൻസിപിക്ക് നൽകും. പാലായും കുട്ടനാടും ഉറപ്പായി കൊടുക്കും. ഇതു രണ്ടും കേരളാ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളാണ്. ഇതിൽ പാല മാണി സി കാപ്പന് നൽകുമെന്ന് കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട്ടിലും ജോസഫിനെ കൊണ്ട് കോൺഗ്രസ് സമ്മതിപ്പിക്കും.
മുന്നണി മാറ്റത്തിന് എൻസിപി കേരളാ ഘടകത്തിന് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ അനുമതി കിട്ടി കഴിഞ്ഞു. ഇന്നു ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചയ്ക്കു ശേഷം തീരുമാനം പ്രഖ്യാപിക്കും. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും മാണി സി. കാപ്പൻ എംഎൽഎയും ചർച്ചയിൽ പങ്കെടുക്കുമെങ്കിലും എൽഡിഎഫ് അനുകൂല നിലപാട് എടുത്ത മന്ത്രി എ.കെ. ശശീന്ദ്രനെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. പ്രഫുൽ പട്ടേൽ ഇന്ന് ദോഹയിൽ നിന്ന് ഡൽഹിയിലെത്തും. ഇത് കാര്യങ്ങൾ മാണി സി കാപ്പന് അനുകൂലമാണെന്നതിന്റെ വ്യക്തമായ സൂചനയാണ്.
ഈ സാഹചര്യത്തിൽ എകെ ശശീന്ദ്രൻ ഇടതു പക്ഷത്ത് തുടരും. കോൺഗ്രസ് എസിൽ ലയിക്കാനാകും തീരുമാനം. നേരത്തേയും കോൺഗ്രസ് എസിന്റെ ഭാഗമായിരുന്നു ശശീന്ദ്രൻ. കോൺഗ്രസ് എസിലെ ഒരു വിഭാഗം എൻസിപിയിൽ ലയിക്കുകയായിരുന്നു. അന്ന് കടന്നപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് എസിൽ തുടരുന്നു. അതായത് പഴയ പാർട്ടിയിലേക്ക് ശശീന്ദ്രൻ വീണ്ടും പോകും. ശശീന്ദ്രന് മത്സരിക്കാൻ സിപിഎം സീറ്റും നൽകും. സിറ്റിങ് സീറ്റായ എലത്തൂർ കൊടുക്കാനും ഇടയില്ല. കുട്ടനാട് മണ്ഡലത്തിൽ തോമസ് ചാണ്ടിയുടെ സഹോദരനായ തോമസ് കെ തോമസ് യുഡിഎഫിനായി മത്സരിക്കുമെന്നാണ് സൂചന. കുട്ടനാട് സീറ്റ് കിട്ടിയില്ലെങ്കിൽ തോമസ് കെ തോമസും ഇടതുപക്ഷത്ത് നിലയുറപ്പിക്കും.
ഇന്നലെ ശരദ് പവാറുമായി ടി.പി. പീതാംബരനും മാണി സി. കാപ്പനും ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് നിർണായക തീരമാനം ഉണ്ടായത്. പാലാ സീറ്റ് കിട്ടിയില്ലെങ്കിൽ എൽഡിഎഫ് വിട്ടു യുഡിഎഫിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നു കാപ്പൻ പവാറിനെ അറിയിച്ചു. എൽഡിഎഫ് തുടർച്ചയായി അവഗണിക്കുകയാണെന്നും ഇടതു മുന്നണിയിൽ തുടരാൻ സംസ്ഥാനത്തെ നേതാക്കൾക്കും പ്രവർത്തകർക്കും താൽപര്യമില്ലെന്നും ടി.പി. പീതാംബരനും പവാറിനെ അറിയിച്ചു. എൽഡിഎഫ് നൽകുന്നതിലും നല്ല പരിഗണന യുഡിഎഫ് വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് ഇരുവരും പവാറിനെ അറിയിച്ചു.
ചർച്ചയുടെ തുടക്കത്തിൽ എൽഡിഎഫ് വിടാൻ അനുമതി നൽകാൻ പവാർ വിസമ്മതിച്ചു. എൽഡിഎഫിൽനിന്നാൽ രണ്ടു സീറ്റുകൾ (എലത്തൂരും കുട്ടനാടും) ജയിക്കാമല്ലോ, യുഡിഎഫിൽ പോയാൽ കാപ്പനു മാത്രമല്ലേ ജയിക്കാൻ കഴിയൂവെന്നായിരുന്നു പവാറിന്റെ ചോദ്യം. യുഡിഎഫിൽ പോയാൽ കൂടുതൽ സീറ്റുകളിൽ വിജയസാധ്യതയുണ്ടെന്ന് കാപ്പനും പീതാംബരനും പറഞ്ഞു. ഇതോടെ പവാർ അയഞ്ഞു. യുഡിഎഫിൽ ചേരുന്നതാണു പാർട്ടിക്ക് നല്ലതെങ്കിൽ അങ്ങനെ ചെയ്യാമെന്ന് പവാർ അറിയിച്ചു.
പാർട്ടി ദേശീയ നിർവാഹക സമിതി വിളിച്ച് തീരുമാനം എടുക്കാമെന്നും പവാർ പറഞ്ഞു. തീരുമാനം വൈകരുതെന്നും യുഡിഎഫിൽ ചേരുന്നത് സംബന്ധിച്ച് ഞായറാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാപ്പൻ പറഞ്ഞു. ഇതോടെ ഇന്ന് യോഗം ചേർന്ന് നിലപാട് എടുക്കാമെന്നു പവാർ അറിയിച്ചതായി മാണി സി. കാപ്പൻ പറഞ്ഞു. തീരുമാനം മറിച്ചായാലും പാലായിൽ കോൺഗ്രസ് പിന്തുണയോടെ മാണി സി കാപ്പൻ മത്സരിക്കുമെന്ന് ഉറപ്പാണ്.
മാണി സി.കാപ്പൻ ഇനി മുന്നണിയുടെ കൂടെ ഉണ്ടാകില്ലെന്ന് സിപിഎം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. അപ്പോഴും ആ വിഭാഗത്തിനൊപ്പം നിൽക്കുന്ന സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനിലുള്ള പ്രതീക്ഷ വിട്ടിട്ടില്ല. കേരളത്തിലെ സിപിഎം ബന്ധം ഉപേക്ഷിക്കാതിരിക്കാൻ പാർട്ടി ദേശീയ നേതൃത്വവും ശരദ് പവാറിനു മേൽ സമ്മർദം തുടരുന്നുണ്ട്. നാളെ മഞ്ചേശ്വരത്തുനിന്നും മറ്റന്നാൾ കൊച്ചിയിൽനിന്നുമാണ് എൽഡിഎഫ് 'വികസന മുന്നേറ്റ ജാഥകൾ' ആരംഭിക്കുന്നത്. എൻസിപി പ്രതിനിധികളെ രണ്ടു ജാഥകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 1999 ൽ രൂപീകരിച്ചപ്പോൾ മുതൽ എൻസിപി കേരളത്തിൽ ഇടതുമുന്നണിയിലാണ്. ആ ബന്ധം ഒരു സീറ്റിന്റെ പേരിൽ അറുത്തു മാറ്റി പോകില്ലെന്ന പ്രതീക്ഷ ഇപ്പോഴും സിപിഎം നേതാക്കൾ പങ്കുവയ്ക്കുന്നു. അതേസമയം, തങ്ങളുടെ ജാഥ പാതിവഴിയിൽ എത്തുമ്പോൾ ഇടതുമുന്നണി ഘടകകക്ഷി ഒപ്പം വരാൻ ഇടയുണ്ടെന്ന ആവേശം യുഡിഎഫിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ