കൊച്ചി: മാർത്താണ്ഡം കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരം ഏൽക്കണ്ടി വന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ കൈവിടാൻ പാർട്ടിയും. തോമസ് ചാണ്ടിയുടെ രാജിവേണമെന്ന നിലപാടാണ് ഇന്ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും ഉണ്ടായത്. യോഗത്തിലെ പൊതുവികാരം തോമസ് ചാണ്ടി രാജിവെക്കണം എന്നു തന്നെയാണെങ്കിലും ഇക്കാര്യം വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്താൻ നേതാക്കൾ തയ്യാറായില്ല.

യോഗത്തിലെ പൊതുവികാരം കേന്ദ്ര നേതൃത്വത്തെ എൻസിപി നേതാക്കൾ അറിയിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേലിനെ സംസ്ഥാനത്തെ സ്ഥിതിഗതികൾ അറിയിച്ചതോടെ പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി ചർച്ച നടത്തി രാജി ആവശ്യത്തിൽ തീരുമാനം കൈക്കൊള്ളും. രാജിവെക്കാമെന്ന ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചാൽ മുഖ്യമന്ത്രിയെ അറിയിക്കാനാണ് സംസ്ഥാന നേതാക്കളുടെ നീക്കം. ഇന്ന് രാത്രിയോ നാളെയോ തന്നെ തോമസ് ചാണ്ടിയുടെ രാജി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചന. 

അതേസമയം തോമസ് ചാണ്ടി ആലപ്പുഴയിൽ തന്നെ തങ്ങുകയാണ്. രാജിസന്നദ്ധത ഇതുവരെ തോമസ് ചാണ്ടി അറിയിച്ചിട്ടില്ല. കൊച്ചിയിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും തോമസ് ചാണ്ടി പങ്കെടുത്തിരുന്നില്ല. എന്നാൽ, യോഗത്തിൽ ചാണ്ടിക്കെതിരെ കടുത്ത വിമർശനമാണ് ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചത്. ചാണ്ടിയുടെ രാജി വേണമെന്ന നിലപാടാണ് ഭൂരിരപക്ഷവും സ്വീകരിച്ചത്. മുന്നണി മര്യാദ പാലിക്കണമെന്ന അഭിപ്രായവും യോഗത്തിലുയർന്നു.

ഹൈക്കോടതിയുടെ രൂക്ഷപരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് എൻസിപി നേതൃയോഗം ആരംഭിച്ചത്. ചാണ്ടി പാർട്ടിയെ നാണം കെടുത്തിയെന്നു നേതാക്കൾ അഭിപ്രായപ്പെട്ടു. ചാണ്ടിയുടെ രാജിയെച്ചൊല്ലി പാർട്ടി യോഗം ബഹളത്തിലേക്ക് നീങ്ങി. അനാവശ്യ ചർച്ച വേണ്ടെന്നു സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ നിലപാടെടുത്തു. രാജിയെ കുറിച്ച് ചർച്ച വേണ്ടെന്ന് നിലപാട് അദ്ദേഹം കൈക്കൊണ്ടെങ്കിലും മറ്റ് ഭാരവാഹികൾ അതിന് വഴങ്ങിയില്ല.

നമ്മുക്ക് ദോഷമുണ്ടാകുന്ന കാര്യങ്ങൾ എതിരാളികളും ചാനലുകളും ചെയ്യുന്നുണ്ട്. ഇനി നിങ്ങളുടെ സംഭാവനയും വേണ്ട. രാജി വെയ്ക്കുന്നത് വരെ തോമസ് ചാണ്ടി പാർട്ടി മന്ത്രിയാണു. പാർട്ടിയിൽ നിന്ന് എതിർശബ്ദം ഉണ്ടകരുതെന്നും പീതാംബരൻ മാഷ് പറഞ്ഞു. ആരും വെല്ലുവിളി വേണ്ട. അഭിപ്രായ സ്വാതത്രം ഉണ്ടെന്ന് പറഞ്ഞാണ് നേതാക്കൾ ഇതിനെ വിമർശിച്ചത്. പീതാംബരൻ മാസ്റ്ററോട് യോഗത്തിൽ കയർത്ത് സംസാരിക്കുകയും ചെയ്തു ചിലർ. രാജി വേണമെന്ന പൊതുവികാരം സംസ്ഥാന അധ്യക്ഷൻ അംഗീകരിക്കുകയായിരുന്നു. എന്നാൽ പുറത്തുവന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞില്ല.

ചാണ്ടിയുടെ രാജിക്കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നാണ് പീതാംബരൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പാർട്ടി മന്ത്രിയോടൊപ്പമാണ്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞാൽ രാജിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ് ചാണ്ടി അപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ല. ചർച്ചയ്ക്കിടെ ഉയർന്ന് വന്ന പൊതുവികാരം ദേശീയ നേതൃത്വത്തെ അറിയിക്കും. തുടർന്ന് മാത്രമേ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് കളക്ടർ സമർപ്പിച്ച റിപ്പോർട്ടിനെതിരേ തോമസ് ചാണ്ടി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. തോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉചിതമെന്നും കോടതി അഭിപ്രായപ്പെടുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേർന്നത്. യോഗത്തിൽ ഉചിതമായ തീരുമാനമുണ്ടായെന്നും അത് ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും തങ്ങൾക്ക് മന്ത്രിയെ പുറത്താക്കാനുള്ള അവകാശമില്ലെന്നും വാർത്താ സമ്മേളനത്തിൽ ടി.പി പീതാംബരൻ ചൂണ്ടിക്കാട്ടി.

ചാണ്ടിയുടെ രാജി ഉടൻ വേണ്ടെന്നാണ് എൻസിപി ദേശീയ നേതാവ് പ്രഫുൽ പട്ടേൽ ഇന്നു രാവിലെ വ്യക്തമാക്കിയത്. എന്നാൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ തോമസ് ചാണ്ടി ഉടൻ രാജിവെക്കണമെന്ന വിധത്തിലേക്ക് നിലപാട് മാറ്റേണ്ടി വരും. ഈ ആവശ്യം ചാണ്ടിയെ പിണക്കാതേ കേന്ദ്ര നേതൃത്വം വഴി നടപ്പിലാക്കാനാണ് എൻസിപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ ദേശീയ നേതാവ് ശരദ് പവാർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മന്ത്രിസ്ഥാനം തിരികെ നൽകണമെന്നു പവാർ പിണറായിയോട് ആവശ്യപ്പെട്ടത്. പാർട്ടിക്ക് മന്ത്രിയില്ലാത്ത അവസ്ഥ ഉണ്ടാകരുതെന്നാണ് എൻസിപിയുടെ ആവശ്യം.

അതിനിടെ എൻസിപി സംസ്ഥാന നേതാക്കളോട് തിരുവനന്തപുരത്ത് എത്താൻ സി.പി.എം സംസ്ഥാന അധ്യക്ഷൻ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. രാജിവെക്കുന്നതിന് മുന്നോടിയായുള്ള ചർച്ചകൾക്കായാണ് നേതാക്കളെ വിളിപ്പിച്ചത് എന്നാണ് അറിയുന്നത്. നാളെയോ ഇന്ന് രാത്രിയോ തന്നെ തോമസ് ചാണ്ടിയുടെ രാജിയുണ്ടാകാനാണ് സാധ്യത.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ കുറിച്ച് ഹൈക്കോടതി പരാമർശിച്ചതോടെ പിണറായി വിജയനും ഈ വിഷയത്തിൽ പ്രതിരോധത്തിലാണ്.