- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐശ്വര്യ കേരള യാത്രയിലേക്ക് ശക്തിപ്രകടന റാലിയോടെ പാലായിൽ എത്തുന്ന കാപ്പനെ സ്വീകരിക്കാൻ യുഡിഎഫും തയ്യാർ; ചെന്നിത്തലയുടെ യാത്രയ്ക്ക് അഭിവാദനം അർപ്പിച്ച് ഇടത് ഘടക കക്ഷിയുടെ പോസ്റ്ററും; പിളരുമെന്ന് വ്യക്തമാക്കി ശശീന്ദ്രന്റെ പരാതിയും; കാപ്പനും എൻസിപിയും യുഡിഎഫിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പ്; ശരത് പവാറിന്റെ മനസ്സ് നിർണ്ണായകമാകും
കോഴിക്കോട്: ജോസ് കെ. മാണിക്ക് വത്തിക്കാനാണെങ്കിൽ അവിടെ പോപ്പ് വേറെയാണ്. ഇടതുപക്ഷം പാലാ സീറ്റ് തന്നില്ലെങ്കിലും അവിടെത്തന്നെ മത്സരിക്കുമെന്നും കാപ്പൻ പറയുന്നു. ഇടതുമുന്നണി നീതി കാണിച്ചില്ല.. പക്ഷേ, പാലായുടെ വികസനത്തെക്കുറിച്ച് തനിക്ക് ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്. അതു പൂർത്തിയാക്കുംവരെ പാലായിൽ ഉണ്ടാവും. മത്സരിക്കും, ജയിക്കും-ഇതാണ് മാണി സി കാപ്പന് പറയാനുള്ളത്, എന്നാൽ ഇത് കടുത്ത പാർട്ടി അച്ചടക്ക ലംഘനമാണെന്നാണ് മന്ത്രി എകെ ശശീന്ദ്രൻ പറയുന്നത്. ഈ തർക്കത്തിനൊടുവിൽ കേരളത്തിൽ എൻ.സി.പി. പിളരും.
മാണി സി. കാപ്പനെതിരെ മന്ത്രി എ.കെ. ശശീന്ദ്രൻ എൻ.സി.പി. ദേശീയ നേതൃത്വത്തിന് പരാതി നൽകി. ഏകപക്ഷീയമായാണ് മുന്നണി മാറ്റമെന്ന തീരുമാനം കാപ്പൻ പ്രഖ്യാപിച്ചത്. പാർട്ടിയിൽ ഒരു തരത്തിലുള്ള കൂടിയാലോചനകളും നടന്നിട്ടില്ല. മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്നും ശശീന്ദ്രൻ പരാതിയിൽ പറഞ്ഞു. അതേസമയം, എൽ.ഡി.എഫ്. വിട്ട് വേറെ ഏതെങ്കിലും മുന്നണിയിൽ പോകുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇതുവരെ ഒരു ചർച്ച പോലും നടത്തിയിട്ടില്ലെന്ന് ശശീന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചു. എന്നാൽ മാണി സി കാപ്പൻ ഉറച്ച നിലപാടിലാണ്.
കേരളത്തിലെ പ്രശ്‌നങ്ങൾ ദേശീയ നേതൃത്വത്തിന്റെ മുന്നിലുണ്ട്. ഇക്കാര്യത്തിൽ അവർ എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കുമെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്ററും അറിയിച്ചു. ശരത് പവാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് മാണി സി കാപ്പൻ ഇന്നും പ്രതികരിച്ചു. എന്റെ വിശ്വാസം ശരത് പവാറിന്റെ തീരുമാനം തനിക്കൊപ്പമാകുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. അതിനിടെ മാണി സി കാപ്പന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു.
ശരത് പവാറിന്റെ മനസ്സാകും നിർണ്ണായകം. പ്രഫുൽ പട്ടേലിന് കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ സമയം നൽകാത്തത് എൻസിപിയെ ചൊടുപ്പിച്ചിട്ടുണ്ട്. എങ്കിലും ദേശീയ രാഷ്ട്രീയ സാഹചര്യം അടക്കം തീരുമാനത്തിൽ നിർണ്ണായകമാകും. കേരളത്തിൽ ഇടതിന് മേൽകോയ്മ ഉണ്ടെന്ന വിലയിരുത്തൽ സജീവമാണ്. ഇതെല്ലാം തീരുമാനത്തെ സ്വാധീനിക്കും. അതിനാൽ എൻസിപി ഇടതുപക്ഷം വിടുമോ എന്ന് ഇനിയും ഉറപ്പില്ല. അങ്ങനെ വന്നാലും മാണി സി കാപ്പൻ ഇടതു മു്ന്നണി വിടുമെന്നാണ് സൂചന.
ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര പാലായിലെത്തും. ശക്തിപ്രകടന റാലിയോടെ ഐശ്വര്യ കേരളയാത്രയുടെ വേദിയിലെത്തുന്ന കാപ്പനെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പി.ജെ. ജോസഫും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചേർന്ന് സ്വീകരിക്കും. കാപ്പന്റെ റാലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. എൻസിപിയുടെ എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ഐശ്വര്യ കേരളയാത്രയ്ക്ക് അഭിവാദനം അർപ്പിച്ച് പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നിലും കാപ്പനാണ്. ഇതോടെയാണ് ശശീന്ദ്രൻ പരസ്യമായി തന്നെ മുന്നണി മാറ്റത്തെ തള്ളി പറയുന്നത്.
കേൾക്കുന്നത് വ്യക്തിപരമായ പ്രതികരണങ്ങളാണ്. വ്യക്തിപരമായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഒരു നിരീക്ഷണത്തിന് താൻ ഇപ്പോൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാണി സി കാപ്പൻ മുന്നണി വിടുമെന്ന് കരുതുന്നില്ല. കാപ്പൻ എൻസിപിയിൽ തന്നെ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വത്തിന് പരാതിയല്ല നൽകിയത് കേരളത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിങ് ആണെന്നും ശശീന്ദ്രൻ പറഞ്ഞു. ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെന്നും അതൊന്ന് മനസ്സിലാക്കിയാൽ തരക്കേടില്ലെന്നും കഴിഞ്ഞ കൂടിക്കാഴ്ചയിൽ പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അരനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തി പാലായിൽ ജയിച്ച മാണി സി. കാപ്പന് ആ സീറ്റിപ്പോൾ തരില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് എൻസിപിയിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്. ഇത്രയും വർഷത്തിനുശേഷം എന്നതല്ല. അതിനപ്പുറം നാല് തിരഞ്ഞെടുപ്പുകളിലായി പാലായിൽ മത്സരിക്കുന്നു. 2006-ൽ മത്സരിക്കാൻ വരുമ്പോൾ പാലാ ആർക്കും വേണ്ടാത്ത സീറ്റായിരുന്നു. ഉഴവൂർ വിജയൻ മത്സരിച്ച് 25,000 വോട്ടിന് തോറ്റ സീറ്റ്. അവിടെ ആദ്യം മത്സരിക്കാൻ നിന്നപ്പോൾ തോറ്റത് 7,500 വോട്ടിന്. രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ തോൽവി 5400 വോട്ടിനായി. മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ മാണി സാറിനെതിരേതന്നെ തോറ്റത് 4200 വോട്ടിന്. മെച്ചപ്പെട്ട പ്രകടനമാണ് അവിടെ കാഴ്ചവെച്ചത്-ഇതാണ് മാണി സി കപ്പന് പറയാനുള്ളത്.
19 പാർലമെന്റ് സീറ്റും നഷ്ടപ്പെട്ടിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിസന്ധിയിലായിരുന്ന സമയത്താണ് പാലാ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്നത്. ആറിടത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്ന സമയം സിപിഎമ്മിന്റെ പ്രമുഖനായ നേതാവ് ചാനലുകളിൽക്കൂടി പറഞ്ഞത്, ഇത് ഇടതുപക്ഷമുന്നണിയെ തകർക്കാനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ ഗൂഢാലോചന എന്നാണ്. അന്നു ഞാൻ വിളിച്ചുപറഞ്ഞത് ഇതു ഭാഗ്യമാണെന്നും നമ്മൾ ജയിക്കും എന്നുമാണ്. മുന്നണിക്ക് തിരിച്ചുവരാനുള്ള സമയമാണിതെന്നും പറഞ്ഞു. അതുപോലെതന്നെ സംഭവിച്ചു. അങ്ങനെ ജയിച്ച പാലായെ വിടാൻ മാണി സി കാപ്പൻ തയ്യാറല്ല.
മറുനാടന് മലയാളി ബ്യൂറോ