കൊച്ചി: പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ മരണത്തിനു പിന്നാലെ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എൻസിപിയിൽ പടയൊരുക്കം. അധികാര ദുർവിനിയോഗം നടത്തി സ്വന്തം റിസോർട്ടിലേയ്ക്കുള്ള റോഡ് ടാർ ചെയ്യുകയും കായൽ കൈയേറുകയും ചെയ്തുവെന്ന ആരോപണത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്.

കൊച്ചിയിൽ ഇന്നു ചേർന്ന യോഗത്തിലാണ് ചാണ്ടിയുടെ രാജി ആവശ്യം ഉയർന്നത്. എട്ട് ജില്ലാ പ്രസിഡന്റുമാരാണ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടത്. ചാണ്ടിയുടെ നിയമലംഘനം പാർട്ടിയും സർക്കാരും അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ''അന്വേഷണം നടക്കുമ്പോൾ മന്ത്രിമാർ മാറി നിൽക്കുന്ന കീഴ്‌വഴക്കം മന്ത്രി കാണിക്കണം. നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്നും വിമത നേതാക്കൾ മുന്നറിയിപ്പ് നൽകി.

എ.കെ.ശശീന്ദ്രൻ രാജിവച്ചതോടെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട ഭിന്നതയാണ് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത്. ഇതിന് ശേഷം ചില നേതാക്കളിൽ നിന്നുണ്ടായ മോശം പെരുമാറ്റം സൃഷ്ടിച്ച മാനസിക സമ്മർദ്ദമാണ് സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ അകാലമരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.

പാർട്ടി അധ്യക്ഷൻ ഉഴവൂർ വിജയൻ മരിച്ചിട്ട് സമ്പൂർണ നിർവാഹക സമിതിയോഗം വിളിക്കണമെന്ന ആവശ്യം പോലും ഇതുവരെ നടപ്പായില്ലെന്നും, അനുശോചിക്കാൻ പോലും തോമസ് ചാണ്ടി തയ്യാറായില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.

തോമസ് ചാണ്ടി നടത്തിയ നിയമലംഘനങ്ങൾ പാർട്ടിയും സർക്കാരും പരിശോധിക്കണം എന്നാവശ്യപ്പെടുന്ന വിമതപക്ഷം തോമസ് ചാണ്ടിക്കെതിരെ കർശന നടപടികൾ ഉണ്ടായില്ലെങ്കിൽ തങ്ങൾ സ്വന്തം വഴിക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

തന്റെ റിസോർട്ടിലേക്ക് പോകാൻ രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിർമ്മിച്ചെന്നും കായൽ നികത്തിയെന്നുമുള്ള വാർത്ത ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്. മാർത്താണ്ഡം കായലിൽ മിച്ചഭൂമിയായി കർഷക തൊഴിലാളികൾക്ക് സർക്കാർ പതിച്ചു നൽകിയ ഏക്കർ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോർട്ട് കമ്പനിയായ വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ പേരിൽ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം.

ഇതിനിടെ കായൽ കൈയേറിയെന്നതടക്കം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് തോമസ് ചാണ്ടി ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കും. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതിനുപിന്നിൽ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്നും തോമസ് ചാണ്ടി പ്രതികരിച്ചു.