കോട്ടയം: പാർട്ടി വിട്ട് യുഡിഎഫിലേക്ക് പോയിട്ടും പഴയ സഹപ്രവർത്തകനെ തള്ളിപ്പറയാതെ എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ. മാണി സി കാപ്പന്റെ ആവശ്യം ന്യായമാണെന്നാണ് പീതാംബരൻ മാസ്റ്ററുടെ നിലപാട്. കാപ്പൻ പാർട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും യുഡിഎഫിലേക്ക് പോകുന്നത് പാർട്ടിക്ക് നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'പാലാ സീറ്റ് നഷ്ടപ്പെട്ടത് പാർട്ടിക്ക് ക്ഷീണം തന്നെയാണ്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പാല സീറ്റ് ഒരുപോലെ ആവശ്യപ്പെട്ടതാണ്. മാണി സി.കാപ്പൻ പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ്. രണ്ട് എംഎൽഎമാരുണ്ടായിരുന്നവരിൽ ഒരാളാണ്. അതിനാൽതന്നെ കാപ്പൻ പോയാൽ അതിന്റെ ക്ഷീണം പാർട്ടിക്കുണ്ടാകും.' കാപ്പനൊപ്പം പത്ത് ഭാരവാഹികൾ രാജിവെച്ചുവെന്നും കാപ്പൻ പോയാലും പാലായിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് കരുതുന്നതെന്നും പീതാംബരൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

അതേസമയം കാപ്പൻ പോയിട്ടും എൻസിപിയിൽ തർക്കം തുടരുകയാണ്. കാപ്പനൊപ്പം ആളില്ലെന്നും വെറും മൂന്ന് ഭാരവാഹികൾ മാത്രമാണ് രാജിവെച്ചതെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. കാപ്പനെയും ഒപ്പമുള്ളവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ രാജിവെച്ചയാളെ എങ്ങനെ പുറത്താക്കുമെന്നാണ് പീതാംബരൻ മാസ്റ്റർ ഇതിനോട് പ്രതികരിച്ചത്.

ജോസ് കെ മാണിക്ക് പാല സീറ്റ് വിട്ടുകൊടുക്കാനുള്ള എൽഡിഎഫ് തീരുമാനമാണ് കാപ്പനെ യുഡിഎഫ് പാളയത്തിലേക്ക് എത്തിച്ചത്. എൻസിപി എൽഡിഎഫിൽ തുടരും അതിനാൽ തന്നെ കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചാകും യുഡിഎഫിനൊപ്പം ചേരുക. ഞായറാഴ്ച രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളായാത്ര പാലയിലെത്തുമ്പോൾ മാണി സി കാപ്പനും കൂട്ടരും ജാഥയെ സ്വീകരിക്കും. ഞായറാഴ്ച വൈകുന്നേരം കാപ്പനൊപ്പം പോകുന്നവരുടെ ശക്തിപ്രകടനവും പാലയിൽ നടക്കും.