കോഴിക്കോട് : മാണി സി കാപ്പന്റെ നേതൃത്വത്തിൽ എൻ സി പിയിലെ ഒരു വിഭാഗം എൽ ഡി എഫ് വിട്ടതിന് പിന്നാലെ കോഴിക്കോട്ടും പാർട്ടിയിൽ പിളർപ്പ് . എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി എം ആലിക്കോയയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് പോകുന്നത്.

മന്ത്രി എകെ ശശീന്ദ്രനെതിരെ ആരോപണങ്ങളും ഉയർത്തുന്നുണ്ട് ആലിക്കോയ. മാണി സി കാപ്പനോട് പാർട്ടിയും എൽ ഡി എഫ് മുന്നണിയും ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ കഴിയുന്ന വ്യക്തി എകെ ശശീന്ദ്രനായിരുന്നു. എന്നാൽ അതിന് ശ്രമിക്കാതെ മാണി സി കാപ്പന് തടസ്സമായി നിൽക്കുകയാണ് ശശീന്ദ്രൻ ചെയ്തത്.പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉള്ള ഒരു ശ്രമവും ശശീന്ദ്രൻ നടത്തിയില്ല.

ഏത് സീറ്റ് കിട്ടിയാലും പാല സീറ്റ് പാർട്ടിക്ക് കിട്ടരുതെന്ന് ശശീന്ദ്രന് ആഗ്രഹമുണ്ടായിരുന്നു. കാരണം കാപ്പൻ മാത്രമാണ് പാർട്ടിയിൽ അദ്ദേഹത്തിന് ഭീഷണിയാവുക. അത് തിരിച്ചറിഞ്ഞ് കാപ്പനെ ഒതുക്കാനാണ് ആദ്യം മുതലേ ശശീന്ദ്രൻ ശ്രമിച്ചതെന്നും ആലിക്കോയ പറഞ്ഞു.
അധികാരമുള്ള ആരെല്ലാം കൂടെയുണ്ടെന്നതിനേക്കാൾ നിലപാടാണ് പ്രധാനം. മാണി സി കാപ്പൻ എടുത്തതാണ് ശരിയായ നിലപാട്. എന്നാൽ പാർട്ടി ദേശീയ നേതൃത്വമോ ശരത് പവാറോ ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ദേശീയ നേതൃത്വം തീരുമാനം പറയുമ്പോൾ ശശീന്ദ്രനൊപ്പം ആരെല്ലാം ഉണ്ടാവുമെന്ന് കാണാമെന്നും ആലിക്കോയ വ്യക്തമാക്കി.

നേരത്തെ എലത്തൂർ സീറ്റിൽ ഉൾപ്പെടെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പരിഗണിച്ച നേതാവായിരുന്നു എം ആലിക്കോയ. എന്നാൽ അദ്ദേഹത്തെ ഒഴിവാക്കിയാണ് ശശീന്ദ്രൻ മത്സരിച്ചത്. കക്കോടി സ്വദേശിയായ ആലിക്കോയ മുൻ മന്ത്രി എ സി ഷണ്മുഖദാസിന്റെ വിശ്വസ്തനായ നേതാവായിരുന്നു. മികച്ച സംഘാടകനായ അദ്ദേഹം പാർട്ടിക്ക് പുറത്ത് പോകുന്നത് മുന്നണിക്കും ക്ഷീണമാണ്. കുറച്ചു നാളുകളായി എകെ ശശീന്ദ്രനോട് ഇടഞ്ഞു നിൽക്കുന്ന നേതാവാണ് ആലിക്കോയ. എലത്തൂരിൽ ശശീന്ദ്രൻ മത്സരിക്കുകയാണെങ്കിൽ ആലിക്കോയയെ രംഗത്തിറക്കാമെന്ന തരത്തിൽ യു ഡി എഫിൽ ചർച്ചകളും ഉയരുന്നുണ്ട്. കുറച്ചു നാളുകളായി ആലിക്കോയയുടെ നേതൃത്വത്തിൽ വേർ തിരിഞ്ഞാണ് പാർട്ടി പരിപാടികൾ നടത്തിയിരുന്നത്.