- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിയിൽ ശശീന്ദ്രനെ ഒതുക്കിയ ചാക്കോയുടെ അടുത്ത ലക്ഷ്യം തോമസ് കെ തോമസ്; പാർലമെന്ററി പാർട്ടി ലീഡറെ തഴഞ്ഞ് റിസോർട്ട് ഉടമയെ ദേശീയ വർക്കിങ് കമ്മിറ്റി അംഗമാക്കിയതിനെതിരെ എൻസിപിയിൽ കലാപം; തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാനുള്ള നീക്കവും ശക്തം
തിരുവനന്തപുരം: എൻസിപിയിൽ ചാക്കോ പക്ഷം പിടിമുറുക്കുമ്പോൾ കലാപമുയർത്തി മറ്റ് വിഭാഗങ്ങളും. പാർട്ടിയിൽ ശശീന്ദ്രനെ ഒതുക്കിയ ചാക്കോ പാർലമെന്ററി പാർട്ടി ലീഡറായ തോമസ് കെ തോമസിനെയും മൂലയ്ക്കിരുത്താൻ ഇറങ്ങുമ്പോൾ എൻസിപിയിൽ ഭിന്നത മറനീക്കി പുറത്തുവരുകയാണ്. തോമസ് കെ തോമസിനെ തഴഞ്ഞ് മൂന്നുമാസം മുൻപ് പാർട്ടിയിലെത്തിയ റിസോർട്ടുടമയെ ദേശീയ വർക്കിങ് കമ്മിറ്റി അംഗമാക്കിയതാണ് ഇപ്പോൾ പ്രശ്നം രൂക്ഷമായതിന്റെ പ്രത്യക്ഷമായ കാരണം. എകെ ശശീന്ദ്രൻ മന്ത്രിയായപ്പോൾ രണ്ടര കൊല്ലം വീതം ഇരുഎംഎൽഎമാർക്കും ടേം വച്ച് മന്ത്രിയാകാമെന്ന കരാർ അട്ടിമറിക്കാനും ശ്രമം നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ആലപ്പുഴയിലെ റിസോർട്ടുടമയായ റെജി ചെറിയാനെയാണ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത്. പാർട്ടിയിൽ പ്രതിഷേധം ഉയർന്നതോടെ തോമസ് കെ തോമസിനെ സ്ഥിരം ക്ഷണിതാവാക്കി. ഇന്ന് ഡൽഹിയിൽ നടക്കുന്ന ദേശീയ സമിതി യോഗത്തിൽ ഇക്കാര്യം ഉയർന്നു വരാനിടയുണ്ട്. ദേശീയ അധ്യക്ഷൻ ശരദ്പവാറിന് തോമസ് കെ തോമസ് കത്തും നൽകിയതായാണ് അറിയുന്നത്. പ്രവർത്തക സമിതിയിലെത്തിയ പുതിയ അംഗം കുട്ടനാട്ടിൽ നിന്ന് അടുത്തതവണ ജനവിധി തേടാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ദുരിതാശ്വാസ ക്യാംപുകളിൽ ഏതാനും പാർട്ടി നേതാക്കൾക്കൊപ്പം എത്തി നാട്ടുകാരുടെ പരാതികളും സ്വീകരിച്ചു.
രണ്ടരവർഷത്തിനുശേഷം മന്ത്രി ശശീന്ദ്രൻ ഒഴിയുമെന്ന ധാരണ പാർട്ടിക്കുള്ളിലുണ്ട്. ശശീന്ദ്രൻ ഒഴിഞ്ഞാൽ തോമസ് കെ തോമസിന് ലഭിക്കുന്ന അവസരം ഇല്ലാതാക്കാനുള്ള ശ്രമവും എൻസിപിയിലെ ഒരുവിഭാഗം ആരംഭിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശശീന്ദ്രനെ നേരത്തെ രാജിവയ്പ്പിച്ച് എൽഡിഎഫ് സ്വതന്ത്രനായി ജയിച്ച ഒരു എംഎൽഎയെ മന്ത്രിയാക്കാനുള്ള നീക്കമാണ് ഇപ്പോൾ എൻസിപിയിൽ നടക്കുന്നത്. ചില വിവാദങ്ങളിൽപ്പെട്ടിരുന്ന ഈ എംഎൽഎയുമായി ചർച്ചകളും എൻസിപി നേതൃത്വം നടത്തുന്നുണ്ട്. എൻസിപിയുടെ രണ്ട് എംഎൽഎമാരിൽ ഒരാളായ തോമസ് കെ തോമസിനെ പാർട്ടിയിൽ ഒതുക്കാനുള്ള നീക്കം പിസി ചാക്കോയുടെ അറിവോടെ നടക്കുന്നുവെന്നാണ് ഉയരുന്ന പരാതി.
കുട്ടനാട് എംഎൽഎ ആയിരുന്ന തോമസ് ചാണ്ടിയുടെ അനിയനായ തോമസ് കെ തോമസ് ചാണ്ടിയുടെ മരണത്തോടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. എംഎൽഎയുടെ മറ്റൊരു സഹോദരൻ അടുത്തിടെ എൻസിപിയിൽ ചേർന്ന് സംസ്ഥാന ഭാരവാഹിയായിരുന്നു.
തർക്കംമൂലം പാർട്ടി യുവജനവിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റിനെ ഇതുവരെയും തിരഞ്ഞെടുക്കാനായിട്ടില്ല. പിസി ചാക്കോയുടെ നോമിനിയെ നിയമിക്കാനുള്ള നീക്കത്തിനെതിരെ എറണാകുളത്ത് ചേർന്ന യോഗത്തിൽ നിന്ന് 17 പേർ ഇറങ്ങിപ്പോയിരുന്നു. ഇവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് പിസി ചാക്കോ ദേശീയ പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ