കോഴിക്കോട്: എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ടെന്ന ആരോപണം അന്വേഷിക്കാൻ എൻസിപി നേതൃത്വം. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജിനെ ചുമതലപ്പെടുത്തിയെന്ന് നേതൃത്വം അറിയിച്ചു. മാത്യൂസ് ജോർജ് ബുധനാഴ്ച കൊല്ലത്തെത്തി പരാതിക്കാരിയുമായി സംസാരിക്കും. നിയമ നടപടി തുടരട്ടെയെന്നും എൻസിപി നേതൃത്വം അറിയിച്ചു.

പാർട്ടിയിലെ ഏക മന്ത്രിയായ ശശീന്ദ്രന് എതിരെ ഉയർന്ന വിവാദത്തിൽ കടുത്ത പ്രതിരോധത്തിലായതോടെയാണ് എൻസിപി നേതൃത്വം ഇടപെടുന്നത്. വിഷയം ചർച്ച ചെയ്യാനായി പി.സി.ചാക്കോ ബുധനാഴ്ച ശരത് പവാറിനെ കാണും. അതേ സമയം പീഡന പരാതിയെന്ന് അറിയാതെയാണ് ഇടപെട്ടത് എന്നാണ് മന്ത്രി എ.കെ.ശശീന്ദ്രൻ നൽകുന്ന വിശദീകരണം. വിഷയത്തിൽ മുഖ്യമന്ത്രിയോട് എ.കെ.ശശീന്ദ്രൻ കാര്യങ്ങൾ വിശദീകരിച്ചു.

പാർട്ടി പ്രശ്നമാണെന്ന് കരുതിയാണ് ഫോണിൽ സംസാരിച്ചത്. വിഷയം വേറെയാണെന്ന് അറിഞ്ഞതോടെ ഫോൺ വച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം വിഷയത്തിൽ ശശീന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് എതിർ ചേരി രംഗത്ത് വന്നിട്ടുണ്ട്. കുട്ടനാട്ടെ എംഎൽഎയെ കാബിനറ്റിൽ എത്തിക്കാൻ നേരത്തെ ശ്രമിച്ചവരെല്ലാം വിഷയത്തിൽ വീണ്ടും ഒന്നിക്കുകയാണ്. എൻസിപിയുടെ ആഭ്യന്തര പരിശോധനയുടെ തുടർച്ചയായി ഇതിനുള്ള വഴി തുറന്നുകിട്ടുമെന്നാണ് എതിർ ചേരിയിലുള്ള നേതാക്കളുടെ കണക്കുകൂട്ടൽ.

മന്ത്രിയെന്ന അധികാരമുപയോഗിച്ച് നിയമവിരുദ്ധമായ ഒന്നിലും ഇടപെട്ടില്ലെന്നും ശശീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. തോമസ് കെ തോമസ് എംഎൽഎ ശശീന്ദ്രനെ പിന്തുണപ്പോൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു എൽ.ഡി.എഫ് കൺവീനറുടെ പ്രതികരണം. പീഡന പരാതി ഒത്തുതീർക്കാൻ ഇടപെട്ട ഓഡിയോ പുറത്തുവന്നതോടെ രണ്ടാം പിണറായി സർക്കാരിൽ ഗുരുതര ആരോപണം നേരിടുന്ന ആദ്യ മന്ത്രിയായി എ.കെ.ശശീന്ദ്രൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ശശീന്ദ്രൻ വിവാദത്തിൽപ്പെട്ടിരുന്നു.

ഫോൺകെണി കേസിൽപ്പെട്ടതോടെ ശശീന്ദ്രനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടർന്നാണ് മന്ത്രിസഭയിലേക്കു തിരിച്ചെത്തിയത്. കൊല്ലം കുണ്ടറയിൽ പെൺകുട്ടി അപമാനിക്കപ്പെട്ട കേസിനെക്കുറിച്ച് ധാരണയുണ്ടായിട്ടും അട്ടിമറിക്കാൻ കൂട്ടുനിന്നെന്ന ഗുരുതര ആരോപണമാണ് മന്ത്രിക്കെതിരെ നിലവിൽ ഉയരുന്നത്. പീഡന പരാതിയാണെന്ന് അറിഞ്ഞില്ലെന്നും പാർട്ടിക്കാരനെതിരെയുള്ള പരാതിയാണെന്നു കരുതിയാണ് ഇടപെട്ടതെന്നുമുള്ള മന്ത്രിയുടെ വാദങ്ങൾ ഫോൺ സംഭാഷണത്തിൽതന്നെ പൊളിഞ്ഞു.

എൻസിപി നേതാവ് ജി.പത്മാകരൻ കയറിപിടിച്ചെന്ന പരാതി ഒത്തുതീർക്കണമെന്നാണോ മന്ത്രി ആവശ്യപ്പെടുന്നതെന്ന് ഫോണിൽ സംസാരിക്കവേ പെൺകുട്ടിയുടെ അച്ഛൻ ചോദിക്കുന്നുണ്ട്. സംഭവമെല്ലാം അറിഞ്ഞെന്നും നല്ല രീതിയിൽ കേസ് തീർക്കണമെന്നും മന്ത്രി പറയുന്നുണ്ട്. മന്ത്രിക്കു പരാതിയെപറ്റി അറിയില്ലെന്ന വാദം ശരിയല്ലെന്നു പെൺകുട്ടിയും പറയുന്നു. പരാതി പിൻവലിക്കണമെന്ന് എൻസിപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നതായും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. കുണ്ടറയിലെ പ്രാദേശിക എൻസിപി നേതാവാണ് പെൺകുട്ടിയുടെ പിതാവ്. പെൺകുട്ടി യുവമോർച്ചയുടെ പ്രവർത്തകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പിതാവ് എൻസിപി നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞമാസം 28ന് പെൺകുട്ടി കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ, പൊലീസ് ആരോപണവിധേയനു അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നു പെൺകുട്ടി പറയുന്നു. എസ്‌പിക്കു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്റെ പിങ്ക് പ്രൊട്ടക്ഷൻ പദ്ധതിക്കു തുടക്കമായതിന്റെ പിറ്റേന്നുണ്ടായ വിവാദം സർക്കാരിനും നാണക്കേടായി.

മന്ത്രിമന്ദിരത്തിൽ വച്ചു ശശീന്ദ്രൻ തന്നോടു മോശമായി പെരുമാറിയതായി ഓർക്കുന്നില്ലെന്നും ഫോണിൽ നിരന്തരം അശ്ലീല സംഭാഷണം നടത്തിയതു ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നുമുള്ള ചാനൽ പ്രവർത്തകയുടെ മൊഴി മാറ്റത്തെത്തുടർന്നാണ് ഫോൺകെണി കേസിൽ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയത്. ഫോൺ കെണിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി.എസ്.ആന്റണി കമ്മിഷനും ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു.

ശശീന്ദ്രനു പിന്നാലെ മന്ത്രിസ്ഥാനം ഏറ്റെടുത്ത തോമസ് ചാണ്ടി, കായൽ കയ്യേറ്റ ആരോപണത്തിൽ രാജിവച്ചു. ആദ്യം കുറ്റവിമുക്തനാകുന്നയാൾ വീണ്ടും മന്ത്രിയാകും എന്ന ധാരണ അനുസരിച്ചാണ് ശശീന്ദ്രൻ വീണ്ടും മന്ത്രിയായത്.