കോട്ടയം: എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുന്നതോടെ എൻസിപി മുന്നണി വിടുമെന്ന് മാണി സി കാപ്പൻ. നിലവിൽ ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകളിൽ എൻസിപി നേതൃത്വം അസംതൃപ്തരാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അവർ യുഡിഎഫിലേക്ക് എത്തുമെന്നുമാണ് കാപ്പൻ വ്യക്തമാക്കുന്നത്.

എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ എൻസിപിയുടെ മുന്നണിമാറ്റം യാഥാർഥ്യമാകുമെന്നാണു കാപ്പൻ നൽകുന്ന സൂചന. പാലാ ഉൾപ്പെടെ മൂന്നു സീറ്റുകൾ നൽകുമെന്ന് യുഡിഎഫ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കാപ്പൻ വ്യക്തമാക്കി.പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും പാലായിൽ എൻസിപിയുടെ ഭാഗമായിത്തന്നെ മത്സരിക്കാനാകുമെന്നാണ് കാപ്പന്റെ പ്രതീക്ഷ. എൽഡിഎഫിലെ സീറ്റ് ചർച്ചകളിൽ എൻസിപി നേതൃത്വം അതൃപ്തരാണെന്നാണ് ലഭിക്കുന്ന സൂചനകൾ. സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ എൻസിപിക്ക് നഷ്ടപ്പെടാൻ സാധ്യതകൾ ഏറെയാണ്. ഇത് തിരിച്ചറിഞ്ഞാണു കാപ്പന്റെ പ്രതികരണം.

പാലായ്ക്കു പുറമെ കായംകുളം, വാമനപുരം സീറ്റുകളാണ് യുഡിഎഫിനോട് കാപ്പൻ ആവശ്യപ്പെടുന്നത്. സിറ്റിങ് സീറ്റായ കുട്ടാനാടിനായി പിടിവാശിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് കാപ്പൻ. മാർച്ച് മൂന്ന് മുതൽ മണ്ഡലത്തിൽ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കം കുറിക്കും.