തലശേരി: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ എൻഡിഎ ചരിത്ര വിജയം നേടുമെന്ന് ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. തലശേരി മുനിസിപ്പാലിറ്റിയിലെ 40-ാം വാർഡായ സീതാർപള്ളി മദ്രസത്തിൽ മുബാറക് യുപി സ്‌കൂളിൽ വോട്ട്‌ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുമുന്നണികളും രണ്ടല്ല ഒന്നാണെന്ന യാഥാർഥ്യം സമീപകാലത്ത് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. കേരളത്തിലെ വോട്ടർമാർ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും. ഇരു മുന്നണികളിലും വോട്ട് ചോർച്ചയുണ്ടാകും. അത് ഗുണകരമായ രാഷ്ട്രീയ മാറ്റത്തിനാകും.

മുഖ്യമന്ത്രി പരാജയഭീതിമൂലം പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ പരന്പരയാണ് നടത്തുന്നത്. നിർമ്മാണത്തിലിരിക്കുന്ന പദ്ധതി സ്ഥലങ്ങൾ സന്ദർശിക്കുകയും സൗജന്യ കോവിഡ് വാക്‌സിൻ നൽകുമെന്ന് പറയുന്നതും തികഞ്ഞ ചട്ടലംഘനമാണെന്നും കൃഷ്ണദാസ് പറഞ്ഞു.