- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതീഷ് കുമാറും ജെഡിയുവും എൻഡിഎ വിട്ടാലും 2024 ൽ മോദിക്കും എൻഡിഎക്കും ഒരുചുക്കും സംഭവിക്കില്ല; സീറ്റെണ്ണം കുറഞ്ഞാലും അധികാര കസേരയിൽ ഇരിക്കുക എൻഡിഎ സഖ്യം തന്നെ; ജനപ്രിയ നേതാക്കളിൽ ഒന്നാമൻ മോദി; രാഹുൽ ബഹുദൂരം പിന്നിൽ; ഇന്ത്യ ടുഡേ-സി വോട്ടർ സർവേ ഫലം
ന്യൂഡൽഹി: നിതീഷ് കുമാറും ജെഡിയുവും എൻഡിഎ വിട്ടതുകൊണ്ട് ചില്ലറ പ്രശ്‌നങ്ങൾ ഒക്കെയുണ്ടാവാം. ജെഡിയുവിന്റെ അഞ്ചംഗങ്ങൾ മുന്നണി വിടുന്നതോടെ, രാജ്യസഭയിൽ അംഗബലം ശോഷിക്കുകയും, നിർണായക ബില്ലുകൾ പാസാക്കുന്നതിൽ ബലപരീക്ഷണം വേണ്ടിയും വരാം. എന്നാൽ, 2024 ലും നരേന്ദ്ര മോദി നയിക്കുന്ന എൻഡിഎ തന്നെ ജയിച്ചുകയറുമെന്നാണ് പുതിയ സർവേ ഫലം.
സ്വാഭാവികമാായും സീറ്റെണ്ണം കുറഞ്ഞേക്കാം. 543 അംഗ ലോക്‌സഭയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ, 286 സീറ്റ് ഭരണമുന്നണിക്ക് കിട്ടാം. 301 സീറ്റുകിട്ടുമായിരുന്നിടത്ത് ജെഡിയുവിന്റെ പുറത്തുപോകലോടെ, 21 സീറ്റുകൾ കുറയാം. ഇന്ത്യ ടുഡേ മാഗസിനും പോളിങ് ഏജൻസിയായ സി-വോട്ടറും ചേർന്നാണ് സർവേ നടത്തിയത്. യു പി എ വലിയ മുന്നേറ്റം നടത്തുമെങ്കിലും അത് 146 ൽ ഒതുങ്ങും. അതേസമയം മറ്റുള്ളവർ 111 സീറ്റുകളുമായി കരുത്ത് കാട്ടുമെന്നും സർവ്വേയിൽ പറയുന്നു.
ഫെബ്രുവരിക്കും, ഓഗസ്റ്റിനും മധ്യേയാണ് മൂഡ് ഓഫ് ദി നേഷൻ എന്ന പേരിലുള്ള സർവേ നടത്തിയത്. 1,22,016 പേരിൽ നിന്ന് അഭിപ്രായം തേടി. നിതീഷ് കുമാറും ജെഡിയുവും ബിഹാറിൽ എൻഡിഎ സഖ്യം ഉപേക്ഷിക്കും മുമ്പായിരുന്നു സർവേയുടെ ഭൂരിഭാഗവും നടത്തിയത്. എന്നിരുന്നാലും ഒരുദിവസത്തിന് ശേഷം പെട്ടെന്ന് നടത്തിയ സ്‌നാപ് പോളിൽ നിതീഷിന്റെ പുറത്തുപോകലും പ്രതിഫലിച്ചു.
എട്ടുവർഷം പ്രധാനമന്ത്രി പദത്തിലിരുന്ന മോദി തന്നെയാണ് തന്റെ രാഷ്ട്രീയ എതിരാളികളേക്കാൾ പ്രതിച്ഛായയിൽ മുന്നിട്ടു നിൽക്കുന്നത്. കോവിഡ് ദുരിതവും, തൊഴിലില്ലായ്മയും, ഉയർന്ന പണപ്പെരുപ്പവും വിലക്കയറ്റവും എല്ലാം ഉണ്ടെങ്കിലും, നേതാക്കളിൽ പ്രിയങ്കരൻ മോദി തന്നെ.
53 ശതമാനത്തോളം പേർ മോദി അടുത്ത പ്രധാനമന്ത്രി ആകണമെന്ന് അഭിപ്രായപ്പെട്ടു. മോദിയുടെ അടുത്തെങ്ങും ആരുമില്ലെന്നതാണ് കൗതുകകരം.
9 ശതമാനം പേർ മാത്രമാണ് രാഹുൽ ഗാന്ധിയെ തുണച്ചത്. 7 ശതമാനം പേർ എഎപിയുടെ അരവിന്ദ് കെജ്രിവാളിനെയും.സർവ്വേയിൽ പങ്കെടുത്ത 40 ശതമാനം പേർ കോൺഗ്രസിന്റെ പ്രതിപക്ഷ റോളിനെ 'നല്ലത്' എന്ന് വിലയിരുത്തിയപ്പോൾ 34 ശതമാനം പേർ 'മോശം' എന്ന് പറഞ്ഞു.
സർവേയിൽ പങ്കെടുത്ത 23 ശതമാനം പേർ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ രാഹുൽ ഗാന്ധിയാണെന്ന് വിശ്വസിക്കുമ്പോൾ 16 ശതമാനം പേർ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെയാണ് പിന്തുണക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 14 ശതമാനം പേർ സച്ചിൻ പൈലറ്റിനാണ് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുകയെന്ന് അഭിപ്രായപ്പെട്ടപ്പോൾ 9 ശതമാനം പേർ മാത്രമാണ് പ്രിയങ്ക ഗാന്ധിയെ ഈ സ്ഥാനത്തേക്ക് അനുകൂലിച്ചത്