- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എൻഡിഎ നിർജീവം; തോൽവിയെക്കുറിച്ച് അവലോകനമില്ല, അന്വേഷണമില്ല; നേതാക്കളെ ഫോണിൽപോലും കിട്ടുന്നില്ലെന്ന് ഘടകകക്ഷികൾ; രാഷ്ട്രീയ കൂട്ടായ്മയിൽ കരിനിഴൽ വീഴ്ത്തുന്നത് ബി.ഡി.ജെ.എസിന്റെ 'പ്രകടനം'; നേതൃത്വത്തിന്റെ പോക്കിൽ ബിജെപിയിലും അമർഷം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തോടെ കേരളത്തിലെ എൻ.ഡി.എ. സംവിധാനത്തിന്റെ പ്രവർത്തനം നിർജീവം. പരാജയം വിലയിരുത്താൻ ഇതുവരെ ഔദ്യോഗികമായി ഒരു യോഗം ചേരാൻപോലും സാധിച്ചിട്ടില്ല. നേതാക്കളെ ഫോണിൽപോലും കിട്ടാനില്ലെന്നാണ് ഘടകകക്ഷി നേതാക്കളുടെ പരാതി. അവലോകനം നടത്താത്തതിൽ ബിജെപി.ക്കുള്ളിലും ശക്തമായ അമർഷമുണ്ട്.
അഞ്ചു സീറ്റെങ്കിലും പ്രതീക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ മുന്നണി ഒടുവിൽ കൈവശമിരുന്ന നേമം മണ്ഡലം പോലും നഷ്ടപ്പെട്ട് സമ്പൂർണ പരാജയം നേരിട്ടതിലുള്ള അതൃപ്തി കേന്ദ്ര നേതൃത്വം തുറന്നുപ്രകടിപ്പിച്ചിരുന്നു. മുന്നണിക്കുള്ളിലും ബിജെപിയിലും നേതാക്കൾക്ക് ഇടയിലുള്ള ഭിന്നതയും തർക്കവും മു്ന്നണിയുടെ വളർച്ച മുരടിപ്പിച്ചെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്.
തിരഞ്ഞെടുപ്പിൽ ദയനീയമായി തകർന്നടിഞ്ഞ ബി.ഡി.ജെ.എസിന്റെ പ്രകടനത്തിലുള്ള പ്രതിഷേധവും അമർഷവും അവരെ ഔദ്യോഗികമായിത്തന്നെ അറിയിക്കണമെന്ന ആവശ്യമാണ് താഴെത്തട്ടിൽ ബിജെപി.യിലുള്ളത്. ബി.ഡി.ജെ.എസിന് നൽകിയ സീറ്റുകളിൽ പലയിടത്തും വോട്ടുകൾ നന്നെ കുറഞ്ഞു. ബിഡിജെഎസിന്റെ മോശം പ്രകടനമാണ് മുന്നണി സംവിധാനത്തെ ഒന്നാകെ പിടിച്ചുലച്ചത്. രാഷ്ട്രീയ കൂട്ടായ്മയുടെ നേതൃത്വത്തിന് ഒന്നാകെ നിരാശയുടെ കരിനിഴലിൽ ആഴ്ത്തുന്നതായിരുന്നു തിരഞ്ഞെടുപ്പു ഫലം.
സ്ഥാനാർത്ഥികൾപോലും പലയിടത്തും വേണ്ടരീതിയിൽ പ്രചാരണത്തിനിറങ്ങിയില്ലെന്ന ആക്ഷേപമുണ്ട്. കോതമംഗലം, കുണ്ടറ, വാമനപുരം മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ്. വളരെ ദുർബലമായി. കുട്ടനാട്, റാന്നി, വൈക്കം, തിരുവല്ല, പറവൂർ, കളമശ്ശേരി, കൈപ്പമംഗലം തുടങ്ങിയ സീറ്റുകളിലും പ്രകടനം വളരെ മോശമായി. ഈ സീറ്റുകളൊന്നും അവർക്ക് വിട്ടുകൊടുക്കേണ്ടതില്ലായിരുന്നുവെന്ന വികാരം ബിജെപി.യിൽ ശക്തമാണ്.
ബി.ഡി.ജെ.എസിന്റെ സ്ഥാനാർത്ഥികളായി പ്രബല ഈഴവസമുദായ നേതാക്കൾ വരാതിരുന്നതും മുന്നണിവോട്ടുകൾ കുറച്ചു. ബി.ഡി.ജെ.എസ്. പിളർന്നിട്ടുപോലും ഇത്രയധികം സീറ്റുകൊടുത്തത് ബിജെപി.യെ ക്ഷീണിപ്പിക്കുന്ന നടപടിയായിപ്പോയെന്നും പാർട്ടിക്കുള്ളിൽ ചർച്ചയുണ്ട്. ബി.ഡി.ജെ.എസ്. മത്സരിച്ച സീറ്റുകളിലെ ബിജെപി. മണ്ഡലം കമ്മിറ്റികളും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.
ബിജെപി. ജില്ലാ തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളിലെല്ലാം ബി.ഡി.ജെ.എസിനുനേരെ രൂക്ഷവിമർശനമുണ്ടായി. ചിലയിടങ്ങളിൽ ബി.ഡി.ജെ.എസ്. ഇടതുപക്ഷത്തിന് വോട്ടുമറിച്ചുവെന്ന ആരോപണവും ഉയർന്നു. ഇത്തരമൊരു മുന്നണിസംവിധാനം പാർട്ടിക്ക് ആവശ്യമില്ലെന്ന വിമർശനവുമുണ്ടായി. സുൽത്താൻ ബത്തേരിയിൽ സി.കെ. ജാനുവിനെയും കോവളത്ത് വിഷ്ണുപുരം ചന്ദ്രശേഖരനെയും താമരചിഹ്നത്തിൽ മത്സരിപ്പിച്ചതടക്കമുള്ള കാര്യങ്ങളിലും പാർട്ടിക്കുള്ളിൽ പ്രതിഷേധമുണ്ട്.
കേരളത്തിലെ മുന്നണിയുടെ പ്രവർത്തനത്തിലും രാഷ്ട്രീയമായ നിലനിൽപ്പിലും കേന്ദ്രനേതൃത്വത്തിന് കനത്ത ആശങ്കയാണ് ഉള്ളത്. അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നിട്ടും പ്രതിക്ഷയ്ക്ക് ഒത്ത് ഉയരാൻ സാധിക്കാത്തതിൽ കടുത്ത അതൃപ്തിയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടി നിരാശപ്പെടുത്തിയെന്ന് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തിയിരുന്നു. പരാജയം വിലയിരുത്താൻ പോലും ശ്രമിക്കാത്ത കേരള നേതാക്കളുടെ സമീപനത്തിലും നേതൃത്വത്തിന് അതൃപ്തി നിലനിൽക്കുന്നുണ്ട്. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ അടക്കം കേരളത്തിലെ നേതൃത്വത്തോട് അകലം പാലിച്ചാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനങ്ങൾ എന്നതും ശ്രദ്ധേയമാണ്.
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കേരളാഘടകം നിലവിൽ വന്ന് അഞ്ച് വർഷം പിന്നിടുമ്പോഴും രൂപീകരിച്ച കാലയളവിലെ അവസ്ഥയിൽനിന്നും ഏറെയൊന്നും മുന്നണിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ല എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കുവയ്ക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ