- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പുതിയ കേരളം മോദിക്കൊപ്പം'; എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു അമിത്ഷാ; മോദിയെ മുഖമാക്കി പ്രചരണം ഊർജ്ജിതമാക്കും; നടൻ ദേവന്റെ പാർട്ടി ബിജെപിയിൽ ലയിച്ചു; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ ബിജെപിയിൽ ചേർന്നു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു. 'പുതിയ കേരളം മോദിക്കൊപ്പം' എന്നതാണ് മുദ്രാവാക്യം. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തിവെച്ച് ആഭ്യന്തര മന്ത്രി അമിത് ഷായാണ് മുദ്രാവാക്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉറപ്പാണ് എൽഡിഎഫ്, നാട് നന്നാക്കാൻ യുഡിഎഫ് എന്നീ പ്രചാരണ വാചകങ്ങൾ നേരത്തെ എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഡിഎയും മുദ്രാവാക്യം പ്രഖ്യാപിച്ചത്.
അതിനിടെ വിജയ് യാത്രയുടെ സമാപന വേളയിൽ നടൻ ദേവൻ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രതാപനും ബിജെപിയിൽ ചേർന്നു. ഇവരെ കൂടാതെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവർ ബിജെപിയിൽ ചേർന്നു.
അമിത് ഷാ ഷാൾ അണിയിച്ച് ബിജെപി അംഗത്വം നൽകിയ കെ.പ്രതാപൻ മുൻ മന്ത്രി പന്തളം സുധാകരന്റെ സഹോദരൻ ആണ്. മുൻ കെ പി സി സി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇത്തവണ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച് സ്ഥാനാർത്ഥികളിൽ ഒരാളാണ്. നടൻ ദേവന്റെ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിക്കുകയാണ് ഉണ്ടായത്. 17 വർഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളർത്തി കൊണ്ടു വന്ന പാർട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിച്ചതെന്ന് ദേവൻ പറഞ്ഞു.
അതേസമയം ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് ബിജെപിയിൽ ചേർന്ന ഡിഎംആർസി മുൻ മേധാവി ഇ. ശ്രീധരൻ വിജയയാത്രയിൽ പ്രതികരിച്ചു. ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
67 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം രാഷ്ട്രീയത്തിലേക്ക് വരാൻ സാധിച്ചതിൽ അത്ഭുതം തോന്നുന്നു. ഇക്കാലത്തിനിടയിൽ പല പദ്ധതികളും രാജ്യത്തിനുവേണ്ടി ചെയ്ത് സമർപ്പിക്കാൻ ഭാഗ്യമുണ്ടായി. ഈ പ്രായത്തിലും കാര്യങ്ങൾ ചെയ്യാൻ ദേഹബലവും ആത്മബലവും ഉണ്ട്. കേരളത്തിനു വേണ്ടി ചെയ്യാൻ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ഏത് ചുമതല തന്നാലും ഇതുവരെ ചെയ്തതുപോലെ ഏറ്റവും ധൈര്യത്തോടെയും പ്രാത്പിയോടെയും ചെയ്യും, ഇ. ശ്രീധരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ