ന്യൂഡൽഹി: ടൈംസ് നൗവിൽനിന്ന് രാജിവച്ച അർണബ് ഗോസ്വാമിയുടെ പുതിയ തട്ടകം ഏഷ്യാനെറ്റ് ആകുമെന്നുറപ്പായി. ഏഷ്യാനെറ്റിന്റെ ഉടമ രാജീവ് ചന്ദ്രശേഖരനാണ് അർണബിന്റെ പുതിയ ചാനൽ റിപ്പബ്ലിക്കിന്റെയും പ്രധാന നിക്ഷേപകനെന്ന് സ്ഥിരീകരിച്ചു. 2006 മുതൽ കർണാടകത്തിൽനിന്നുള്ള രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖർ, കേരളത്തിലെ എൻ.ഡി.എയുടെ വൈസ് ചെയർമാൻ കൂടിയാണ്.

നവംബറിലാണ് അർണബ് ടൈംസ് നൗ വിട്ടത്. പുതിയ ചാനലുമായി രംഗത്തുവരുമെന്ന് പ്രഖ്യാപിച്ച അർണബ്, റിപ്പബ്ലിക്ക് എന്നാകും പുതിയ ചാനലിന്റെ പേരെന്നും വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക്കിന് പിന്നിൽ ആരൊക്കെയാണെന്ന കാര്യമാണ് ഇതേവരെ വെളിപ്പെടാതിരുന്നത്. എ.ആർ.ജി. ഔട്ട്‌ലിയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായാണ് റിപ്പബ്ലിക് ചാനൽ വരുന്നത്. അർണബാണ് എ.ആർ.ജിയുടെ മാനേജിങ് ഡയറക്ടർ. നവംബർ 18ന് ടൈംസ് നൗ വിട്ട അർണബ്, പിറ്റേന്ന് എം.ഡി. സ്ഥാനം സ്വീകരിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡും അർണബിന്റെ സാർഗ മീഡിയ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡുമാണ് എ.ആർ.ജി.ഔട്ട്‌ലിയറിലെ പ്രധാന നിക്ഷേപകർ. 30 കോടിയിലേറെ രൂപയാണ് പുതിയ സംരംഭത്തിൽ രാജീവ് നിക്ഷേപിച്ചിരിക്കുന്നത്. അർണബും ഭാര്യ സാമ്യബ്രത റായ് ഗോസ്വാമിയുമാണ് സാർഗിന്റെ ഡയറക്ടർമാർ. 14 നിക്ഷേപകർകൂടി എ.ആർ.ജി. ഔട്ട്‌ലിയറിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്. കമ്പനിയിൽ അർണബിന്റെ വിഹിതം 26 കോടി രൂപയാണ്.

സാർഗിലെ ഏറ്റവും വലിയ നിക്ഷേപം ആരിൻ കാപ്പിറ്റൽസ് പാർട്‌ണേർസിലെ രഞ്ജൻ രാംദാസ് പൈയുടെയും മോഹൻദാസ് പൈയുടെയും പേരിലാണ്. ഏഴരക്കോടി രൂപയാണ് ഇവരുടെ മുതൽമുടക്ക്. മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉടമയായ രമാകാന്ത പാണ്ഡെ അഞ്ചുകോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്. റിപ്പബ്ലിക്കിന്റെ പ്രധാന നിക്ഷേപകനായി മാറുന്നതോടെ, രാജീവ് ചന്ദ്രശേഖറിന്റെ മാദ്ധ്യമ സാമ്രാജ്യം ദേശീയ തലത്തിലേക്ക് ഉയർത്തപ്പെടുകയാണ്. നിലവിൽ ഏഷ്യാനെറ്റ് ന്യൂസും കർണാടകത്തിലെ സുവർണയും കന്നഡ പ്രഭയും രാജീവിന്റേതാണ്.