ന്യൂഡൽഹി: ഈ സൈബർ യുഗത്തിൽ തട്ടിപ്പുകൾക്കാണോ കുറവ്. മൊബൈൽ തുറന്നുനോക്കിയാൽ എന്നും കാണാം ഓൺലൈൻ തട്ടിപ്പിന്റെ കഥകൾ. മാധ്യമ പ്രവർത്തക നിധി റസ്ദാൻ വലിയൊരു സൈബർ തട്ടിപ്പിന് ഇരയായി എന്നാണ് ഡൽഹിയിലെ ചൂടുള്ള വാർത്ത. താൻ തട്ടിപ്പിന് ഇരയായതായി നിധിയുടെ ട്വീറ്റും വന്നു. നിധി റസ്ദാൻ 21 വർഷത്തോളമായി എൻഡി ടിവിയിലെ മാധ്യമപ്രവർത്തക ആയിരുന്നു, ജൂൺ13 ന് അവർ രാജി വയ്ക്കുകയാണെന്നും പുതിയ ഒരുജോലിയിൽ പ്രവേശിക്കാൻ പോകുകയാണെന്നും പ്രഖ്യാപിച്ചു. ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോസിയേറ്റ് പ്രൊഫസറായി ചേരാൻ പോവുകയാണെന്നും നിധി പറഞ്ഞിരുന്നു.

2020 സെപ്റ്റംബറിലാണ് ഹാർവാർഡിൽ ചേരേണ്ടത് എന്നായിരുന്നു അറിയിപ്പ്. പിന്നീട് കോവിഡ് കാരണം ക്ലാസുകൾ 2021 ജനുവരിയിൽ തുടങ്ങുമെന്നായി. ഇതിന് ശേഷം നിരവധി ഭരണപരമായ പ്രശ്‌നങ്ങളും ശ്രദ്ധയിൽ പെട്ടു. എന്നാൽ, അതെല്ലാം കോവിഡ് മൂലമുള്ള കുഴപ്പങ്ങൾ എന്നാണ് ആദ്യം കരുതിയത്. പിന്നീട് വ്യക്തതയ്ക്കായി ഹാർവാർഡ് സർവകലാശാല അധികൃതരുമായി ബന്ധപ്പെട്ടു. അപ്പോൾ സർവകലാശാലയുടേതെന്ന് പറഞ്ഞ് കിട്ടിയ മെയിലുകൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, പിന്നീട് നിധിയെ നിരാശപ്പെടുത്തി കൊണ്ട്, അത്തരമൊരു അറിയിപ്പും തങ്ങൾ അയച്ചിട്ടില്ലെന്നായിരുന്നു സ്ഥിരീകരണം വന്നത്.

ജോലിക്കുള്ള വ്യാജ ഓഫർ ലെറ്റർ കിട്ടിയതിനെ തുടർന്ന് തന്റെ സ്വകാര്യ ഇമെയിൽ-സോഷ്യൽ മീഡിയ അക്കൗണ്ടുവിവരങ്ങൾ ചോർത്തിയതായും നിധി പറയുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ കേസ് ഫയൽ ചെയ്തതായും അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും നിധി റിസ്ദാൻ പരാതിയിൽ ആവശ്യപ്പെടുന്നു. ഹാർവാർഡ് സർവ്വകലാശാലയെ കബളിക്കപ്പെട്ട വിവരം അറിയിച്ചിട്ടുണ്ടെന്ന് നിധി റസ്ദാൻ പറഞ്ഞു.

എന്നാൽ, ഇത്രയും മുതിർന്ന ഒരുമാധ്യമ പ്രവർത്തകയ്ക്ക് ഇത്തരമൊരു അബദ്ധം പറ്റുമോയെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അദ്ഭുതം കൂറുന്നത്. ചിലർ ഇന്റർനെറ്റ് തട്ടിപ്പിന്റെ വ്യാപ്തിയെ കുറിച്ച് ആശങ്കപ്പെടുമ്പോൾ, മറ്റുചിലർ നിധി ഹാർവാർഡ് സർവകലാശാലയുടെ പേര്് മനഃപൂർവം ദുരുപയോഗം ചെയ്തതാണെന്നും ആരോപിക്കുന്നുണ്ട്. എൻ.ഡി.ടി.വിയിൽ ജോലിയിലിരിക്കെ തുടക്കത്തിൽ വാർത്താ അവതാരകയായി പ്രവർത്തിച്ച നിധി പിന്നീട് 'ലെഫ്റ്റ്, റൈറ്റ്, സെന്റർ' എന്ന പേരിൽ വാർത്താ പരിപാടി അവതരിപ്പിച്ചാണ് ശ്രദ്ധേയയാകുന്നത്. ലെഫ്റ്റ്, റൈറ്റ്, സെന്റർ: ദി ഐഡിയ ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു പുസ്തകവും നിധി പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, ഈ വിഷയത്തിൽ ജോഷ്വാ ബെൻടൺ എന്ന അമേരിക്കൻ മാധ്യമപ്രവർത്തകന്റെ ട്വീറ്റും ശ്രദ്ധേയമാണ്. ഹാർവാർഡിന് ജേണലിസം സ്‌കൂളോ, ജേണലിസം വകുപ്പോ, ജേണലിസം പ്രൊഫസർമാരോ ഇല്ല. അതേസമയം, സാങ്കേതികമായി പറഞ്ഞാൽ, മാസ്റ്റർ ഓഫ് ലിബറൽ ആർട്‌സിന്റെ അനുബന്ധപഠനമായി ജേണലിസം പഠിക്കാം. എന്നാൽ, അതിന് പ്രത്യേക മുതിർന്ന പഠിതാക്കൾക്കുള്ള കോഴ്‌സും പ്രവേശനവുമാണ്. പൂർണസമയ ജേണലിസം അദ്ധ്യാപകരും അവിടെയില്ല. നിധി റസ്ദാൻ കരുതിയത് താൻ ഹാർവാർഡ് കോളേജ് ആൻഡ് ഗ്രാജ്വേറ്റ് സ്‌കൂളിലെ പ്രധാന ഫാക്കൽറ്റിയായ ആർട്‌സ് ആൻഡ് സയൻസസിൽ ജോലിക്ക് ചേരുന്നുവെന്നായിരുന്നു. എന്നാൽ, എഫ്എഎസിന് ജേണലിസം പ്രൊഫസർമാരില്ല. ജേണലിസം ഡിഗ്രിയും നൽകുന്നില്ല-ജോഷ്വാ ബെൻടണിന്റെ ട്വീറ്റിൽ പറയുന്നു.

അതിനിടെ ഹാർവാർഡിന്റെ പേര് ദുരുപയോഗിച്ചതിന് കേസെടുക്കുമെന്ന് സർവകലാശാല ഭീഷണി മുഴക്കിയാതും അതിൽ നിന്നൊഴിവാകാൻ അറ്റോർണിയുടെ നിർദ്ദേശപ്രകാരം ഉണ്ടാക്കിയതാണ് തട്ടിപ്പ് കഥയെന്നും ആരോപണം ഉയരുന്നുണ്ട്. ഏതായാലും സോഷ്യൽ മീഡിയിൽ നിന്ന് താൻ തത്കാലം ബ്രേക്ക് എടുക്കുകയാണെന്നും പിന്നീട് കൂടുതൽ പ്രതികരിക്കാമെന്നും നിധി റസ്ദാൻ ട്വീറ്റ് ചെയ്തു.

ബിജെപി വക്താവിനെ ഇറക്കി വിട്ട നിധി

ബിജെപി വക്താവ് സംപിത് പത്രയെ എൻഡിടിവി ചാനൽ ചർച്ചയിൽ നിന്നും നിധി ഇറക്കിവിട്ടത് വലിയ വാർത്തയായിരുന്നു. തനിക്കും പാർട്ടിക്കുമെതിരെ ചാനലിന് അജണ്ടയുണ്ടെന്ന സംപിതിന്റെ വാക്കുകളാണ് നിധിയെ പ്രകോപിപ്പിച്ചത്. 2018 മെയ് 24 ന് നടന്ന ചർച്ചയിൽ
ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെയായിരുന്നു സംഭവം. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ചർച്ചയിൽ പങ്കെടുത്ത മറ്റു പാനലിസ്റ്റുകളുടെ അഭിപ്രായപ്രകടനങ്ങൾ തുടർച്ചയായി തടസപ്പെടുത്തിയപ്പോഴാണ് നിധി റസ്ദാൻ അക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇതോടെ എൻഡിടിവിക്ക് ഒരു അജണ്ടയുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് ചർച്ചയിൽ ഇടപെടേണ്ടി വരുന്നതെന്നും തനിക്ക് ഭാഗം വിശദീകരിക്കാൻ സമയം നൽകുന്നില്ലെന്നുമുള്ള ആരോപണം ഉന്നയിക്കുകയാണ് സംപിത് ചെയ്തത്.

ഇതോടെ മാപ്പ് പറഞ്ഞ് ചർച്ചയിൽ തുടരാം അല്ലെങ്കിൽ ഷോയിൽ നിന്നും ഇറങ്ങിപ്പോകാം എന്ന് റസ്ദാൻ നിലപാടെടുക്കുകയായിരുന്നു. ചോദ്യത്തിന് മറുപടിയില്ലെങ്കിൽ ചാനലിനെതിരെ എന്തെങ്കിലും അജണ്ട ആരോപിക്കുന്നത് ശരിയല്ലെന്നും റസ്ദാൻ കൂട്ടിച്ചേർത്തു. എന്നാൽ താൻ ഇറങ്ങിപ്പോകാനോ മാപ്പു പറയാനോ തയ്യാറല്ലെന്നും സംവാദത്തിൽ ഇടപെടുമെന്നും സംപിത് ബത്ര പറഞ്ഞു. ഇതോടെ ഇടവേളയിലേക്ക് പോവുകയാണെന്നും ഇനി ബിജെപി വക്താവിലേക്ക് ചർച്ചയിൽ വരില്ലെന്നും റസ്ദാൻ വ്യക്തമാക്കുകയായിരുന്നു.