അഹമ്മദാബാദ് : രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ചരിത്രത്തിന്റെ പിച്ചിലേക്കാണ് ഇന്ത്യ ഇന്നിറങ്ങുത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ 1000ാം മത്സരമാണ്.ഏകദിന ക്രിക്കറ്റിൽ നേട്ടം കൈവരിക്കുന്ന ആദ്യ ടീമുകൂടിയാണ് ഇന്ത്യ. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽനിന്നു ജയത്തോടെ തിരിച്ചുകയറി 'രോഹിത് യുഗ'ത്തിനു തുടക്കമിടാൻ ടീം ഇന്ത്യയുടെ ശ്രമം.ഉച്ചയ്ക്ക് ഒന്നരയ്ക്കു തുടങ്ങുന്ന പകൽരാത്രി മത്സരമാണ് ഇന്ന്.

രോഹിത് ശർമ്മ ഏകദിന നായകപദവി ഏറ്റെടുത്തതിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ധവാന്റെയും രാഹുലിന്റെയും അഭാവത്തിൽ തനിക്കൊപ്പം ഇഷാൻ കിഷൻ ഓപ്പൺ ചെയ്യുമെന്ന് രോഹിത് വ്യക്തമാക്കി. ധവാൻ കോവിഡ് മൂലവും രാഹുൽ വ്യക്തിപരമായ കാരണങ്ങളാലാണ് പരമ്പരയിൽ നിന്ന് വിട്ടു നിൽക്കുന്നത്.

വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നിവരാണ് ടീമിലെ മറ്റ് ബാറ്റർമാർ. ഇടവേളയ്ക്കു ശേഷം ചാഹൽ, കുൽദീപ് സ്പിൻ സഖ്യം അന്തിമ ഇലവനിൽ എത്തിയേക്കും. പൊള്ളാർഡ് ആണ് വിൻഡീസ് ടീമിനെ നയിക്കുന്നത്.

പരമ്പരയിൽ ആകെ മൂന്ന് മത്സരങ്ങളാണുള്ളത്. നാട്ടിൽ നടന്ന പരമ്പരയിൽ അയർലൻഡിനോട് എകദിന പരമ്പര(21) കൈവിട്ടതിന്റെ നാണക്കേട് കരുത്തരായ ഇംഗ്ലണ്ടിനെ കീഴടക്കി കഴുകി കളഞ്ഞാണ് വിൻഡീസ് എത്തുന്നത്. ഒഡീൻ സ്മിത്ത്, റൊമാരിയോ ഷെപ്പേർഡ്, കോവിഡ് മാറി തിരിച്ചെത്തുന്ന ഫാബിയൻ അലൻ, ബ്രാണ്ടൻ കിങ് എന്നീ യുവതാരങ്ങളാണ് വിൻഡീസിന് പുതിയ ഊർജ്ജം നൽകുന്നത്.

മറുവശത്ത് മധ്യ ഓവറുകളിൽ വിക്കറ്റ് വരൾച്ചക്ക് തടയിടാൻ കുൽദീപ് യാദവ്-യുസ്വേന്ദ്ര ചാഹൽ സഖ്യം വീണ്ടുമെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പുതുമുഖ രവി ബിഷ്‌ണോയിക്ക് അവസരം ലഭിക്കുമോ എന്നും കണ്ടറിയണം.