ന്യൂഡൽഹി: ചൊവ്വ കീഴടക്കിയ ഇന്ത് അടുത്തതായി ലക്ഷ്യമിടുന്നത് ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാൻ. ഇന്ത്യ 2021ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ പറഞ്ഞു. പദ്ധതിയുടെ രൂപകൽപ്പനയും വികസന പ്രവർത്തങ്ങളും പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എൻഡി ടിവിക്ക് നൽകി അഭിമുഖത്തിലാണ് ഡോ. കെ. രാധാകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

ബഹിരാകാശ ദൗത്യത്തിനായി മൂന്നംഗ സംഘത്തെയാണ് നിയോഗിക്കുക. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജിഎസ്എൽവി എംകെ3 റോക്കറ്റ് ആണ് ഇതിനു ഉപയോഗിക്കുക. പദ്ധതിയുടെ ആദ്യ മാതൃകയുടെ പരീക്ഷണം വരും ദിവസങ്ങളിൽ ഉണ്ടാകും. ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ നിന്നുമായിരിക്കും ജിഎസ്എൽവി വിക്ഷേപിക്കുകയെന്നും ഡോ.രാധാകൃഷ്ണൻ അറിയിച്ചു.

മംഗൾയാന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു എൻഡി ടിവിയുടെ പരിപാടി. മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പദ്ധതിയിൽ എത്തിച്ചെങ്കിലും പദ്ധതിയുടെ തുടർ ദൗത്യങ്ങൾ ഇനിയുമുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.