ന്യൂജഴ്സി : സെപ്റ്റംബർ 26 ന് ന്യൂജഴ്സിയിൽ നിന്നും ഖത്തർ വിമാനത്തിൽ യാത്ര പുറപ്പെട്ടു ഹൈദരബാദ് വിമാനത്താവളത്തിൽ ഇറങ്ങി മിനിറ്റുകൾക്കകം 11 മാസമുള്ള ആൺകുഞ്ഞ് മരിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു.

ന്യുജഴ്സിയിൽ നിന്നും ദോഹ വഴിയായിരുന്നു യാത്ര. ദോഹയിൽ നിന്നും മൂന്നര മണിക്കൂർ നീളുന്ന ഹൈദരബാദിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വച്ചു യാതൊരു അസുഖവും കുട്ടിക്ക് ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഖത്തർ വിമാനക്കമ്പനി വക്താവ് പറഞ്ഞു.

ന്യുജഴ്സിയിൽ നിന്നുമാണു അനിൽ വർമ്മയും പതിനൊന്ന് മാസം പ്രായമുള്ള അർനവ് വർമ്മയും യാത്ര തിരിച്ചത്. ഹൈദരബാദിൽ ഇറങ്ങിയ ഉടനെ അനിൽ വർമ്മ കുട്ടിക്ക് സുഖമില്ലെന്ന് എയർപോർട്ട് സ്റ്റാഫിനെ അറിയിച്ചു. ഉടനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുട്ടിയുടെ നെറ്റിയിൽ ഒരു ചുവന്ന പാടുകണ്ടിരുന്നുവെന്നും മരണ കാരണം വ്യക്തമല്ലെന്നും ഖത്തർ അധികൃതർ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകൂ എന്ന് അവർ പറഞ്ഞു. അർനവിന് അമേരിക്കൻ പാസ്പോർട്ടും, പിതാവ് അനിൽ വർമ്മക്ക് ഇന്ത്യൻ പാസ്പോർട്ടുമാണ് ഉണ്ടായിരുന്നതെന്നും അധികൃതർ പറഞ്ഞു.