- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സർക്കാരിന്റെ നടപടികൾ ചോദ്യം ചെയ്യുന്നതു രാജ്യദ്രോഹമോ? ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, സംസാരിക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങൾ വേറെന്താണു ചെയ്യേണ്ടത്?' കേന്ദ്രത്തിന്റെ വിലക്കിനെ രൂക്ഷമായി വിമർശിച്ച് എൻഡിടിവി ഷോ; മാർക്കണ്ഡേയ കട്ജു ഉൾപ്പെടെയുള്ളവർ കേന്ദ്ര നടപടിക്കെതിരെ രംഗത്ത്
ന്യൂഡൽഹി: എൻഡിടിവി ചാനൽ സംപ്രേഷണം ഒരു ദിവസം വിലക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കാരിനെ ചോദ്യം ചെയ്യുന്നതു തെറ്റാണോ എന്ന ചോദ്യമുയർത്തി വിവിധ കോണിലുള്ളവർ പ്രതിഷേധമുയർത്തിക്കഴിഞ്ഞു. സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗൺസിൽ ചെയർമാനുമായിരുന്ന മാർക്കണ്ഡേയ കട്ജുവും സർക്കാർ നടപടിക്കെതിരെ രൂക്ഷമായാണു പ്രതികരിച്ചത്. അതിനിടെ, വിലക്കു നേരിടുന്ന എൻഡിടിവി ചാനൽ സർക്കാരിനെയും പ്രധാനമന്ത്രിയെയും കടുത്ത ഭാഷയിൽ വിമർശിക്കുന്ന പ്രത്യേക ഷോയും സംപ്രേഷണം ചെയ്തു. സർക്കാർ നടപടികൾ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, വാ തുറന്നു സംസാരിക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങൾ വേറെന്താണു ചെയ്യേണ്ടത് എന്ന ചോദ്യമാണ് പ്രൈം ടൈം ഷോയിലൂടെ എൻഡിടിവി എഡിറ്റർ രവീഷ് കുമാർ ഉന്നയിച്ചത്. പത്താൻകോട്ട് ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ സംപ്രേഷണം ചെയ്ത എൻഡിടിവിയെ വിലക്കിയ നടപടിക്കു കുറിക്കു കൊള്ളുന്ന മറുപടി രവീഷ് കുമാർ നൽകിയത് പ്രത്യേക മൈം ഷോയും ഉൾപ്പെടുത്തിയാണ്. തങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണോ എന്ന ചോദ്യത്
ന്യൂഡൽഹി: എൻഡിടിവി ചാനൽ സംപ്രേഷണം ഒരു ദിവസം വിലക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കാരിനെ ചോദ്യം ചെയ്യുന്നതു തെറ്റാണോ എന്ന ചോദ്യമുയർത്തി വിവിധ കോണിലുള്ളവർ പ്രതിഷേധമുയർത്തിക്കഴിഞ്ഞു. സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗൺസിൽ ചെയർമാനുമായിരുന്ന മാർക്കണ്ഡേയ കട്ജുവും സർക്കാർ നടപടിക്കെതിരെ രൂക്ഷമായാണു പ്രതികരിച്ചത്.
അതിനിടെ, വിലക്കു നേരിടുന്ന എൻഡിടിവി ചാനൽ സർക്കാരിനെയും പ്രധാനമന്ത്രിയെയും കടുത്ത ഭാഷയിൽ വിമർശിക്കുന്ന പ്രത്യേക ഷോയും സംപ്രേഷണം ചെയ്തു. സർക്കാർ നടപടികൾ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, വാ തുറന്നു സംസാരിക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങൾ വേറെന്താണു ചെയ്യേണ്ടത് എന്ന ചോദ്യമാണ് പ്രൈം ടൈം ഷോയിലൂടെ എൻഡിടിവി എഡിറ്റർ രവീഷ് കുമാർ ഉന്നയിച്ചത്.
പത്താൻകോട്ട് ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ സംപ്രേഷണം ചെയ്ത എൻഡിടിവിയെ വിലക്കിയ നടപടിക്കു കുറിക്കു കൊള്ളുന്ന മറുപടി രവീഷ് കുമാർ നൽകിയത് പ്രത്യേക മൈം ഷോയും ഉൾപ്പെടുത്തിയാണ്. തങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണോ എന്ന ചോദ്യത്തിന് അർഹമായ, ശക്തമായ മറുപടിയാണു മൂകാഭിനയ പരിപാടിയിലൂടെ എൻഡിടിവി നൽകിയത്.
ഡൽഹിയിലെ മലിനീകരണ വിഷയത്തിൽ തുടങ്ങി പ്രധാനമന്ത്രിയിലേക്ക് എത്തിനിൽക്കുന്ന തരത്തിലായിരുന്നു പ്രത്യേക ഷോ. ഡൽഹി മലിനീകരണത്തിനു ഹേതുവാകുന്ന പിഎം 2.5നെ ലോകം തിരിച്ചറിഞ്ഞതു പോലെ പിഎമ്മിനെയും ലോകം തിരിച്ചറിഞ്ഞു തുടങ്ങിയെന്നു പറഞ്ഞാണു ഷോ ആരംഭിച്ചത്. മലിനവായുവിൽ നിന്നു തുടങ്ങി ചോദ്യം ചെയ്യുന്നതിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടിയിലേക്ക് എത്തിച്ച പ്രൈം ടൈം ഷോ രാജ്യത്തിന്റെയാകെ അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു.
ചോദ്യം ചോദിക്കാൻ പറ്റില്ലെങ്കിൽ സംസാരിക്കാൻ കഴിയില്ലെങ്കിൽ ഞങ്ങൾ വേറെന്ത് ചെയ്യണം എന്ന് ജനാധിപത്യ രാജ്യത്തിലെ സർക്കാരിനോട് എൻഡിടിവി ആവർത്തിച്ച് ചോദിക്കുകയായിരുന്നു മൈം ഉൾപ്പെടുത്തിയുള്ള രവീഷ് കുമാർ ഷോയിലൂടെ. ലോകത്തിന് മുന്നിൽ അഭിനയിക്കുകയും അവരെ വഞ്ചിക്കുകയും ചെയ്ത അച്ഛനെ ചോദ്യം ചെയ്ത പഴയ പെൺകുട്ടിയുടെ കഥയിലൂടെയാണു ചോദ്യം ചെയ്യുന്നവർ എന്നും ഓർമിക്കപ്പെടുമെന്നു രവീഷ് കുമാർ പറഞ്ഞത്. ദാനവും സത്കർമ്മവും ചെയ്യുന്നു എന്ന പേരിൽ മറ്റുള്ളവർക്ക് നാശമായത് മാത്രം നൽകി നല്ലവനെന്ന് അഭിനയിക്കുന്ന അച്ഛനെ ചോദ്യം ചെയ്ത പെൺകുട്ടിയെ പിതാവ് കാലന് ദാനം ചെയ്തു. എന്നാൽ ഇന്നും ഈ കഥ പ്രസക്തമാകുന്നതും ആളുകൾ ഓർക്കുന്നതും അച്ഛന്റെ പേരിലല്ല, അച്ഛനെ ചോദ്യം ചെയ്ത മകളുടെ പേരിലാണെന്നും രവീഷ് ഓർമിപ്പിച്ചു.
സിമി പ്രവർത്തകരെ ഏറ്റുമുട്ടലിൽ വെടിവച്ച് കൊന്ന പൊലീസ് നടപടിക്കെതിരായി ചോദ്യമുയർത്തിയ മാദ്ധ്യമ പ്രവർത്തകരോടു നേരത്തെ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ചോദ്യം ചെയ്യൽ നടപടി അവസാനിപ്പിക്കണമെന്നു നിർദ്ദേശിച്ചിരുന്നു. സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുകയും സംശയിക്കുകയും ചെയ്യുന്ന സംസ്‌കാരം ശരിയല്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ, എന്നാണ് അധികൃതരും പൊലീസും ചോദ്യം ചെയ്യലിനും മുകളിലായത്? എന്ന ചോദ്യമുയർത്തിയാണ് രവീഷ് കുമാർ മന്ത്രിയുടെ വാദം ഖണ്ഡിക്കുന്നത്. അധികാരം എന്നാൽ ഉത്തരവാദിത്വം എന്നാണ്. അതില്ലാതെ അധികാരം മറ്റെന്തോ ആണ്. ഞങ്ങൾക്ക് ചോദ്യം ചോദിക്കാൻ കഴിയില്ലെങ്കിൽ, സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ കഴിയില്ലെങ്കിൽ പിന്നെന്താണ് ചെയ്യാൻ കഴിയുകയെന്നു വീണ്ടും വീണ്ടും ഷോയിലൂടെ അധികാരവർഗത്തോടു രവീഷ് കുമാർ ചോദിച്ചു.
മലിനവായു മൂലം വായും മൂക്കും മൂടികെട്ടിയ ഡൽഹി നിവാസികളെ പ്രതീകാത്മകമായി രവീഷ് കുമാർ ചിത്രീകരിക്കുകയും ചെയ്തു. ഡൽഹിയിലെ ജീവന് അപകടകരമായ മലിനീകരണ തോത് പിഎം 2.5 ഉം പ്രധാനമന്ത്രിയും ഒരു പോലെയാണെന്ന് വെട്ടിത്തുറന്നു പറയുകയായിരുന്നു രവീഷ്. ആക്ഷേപഹാസ്യത്തിലൂടെ കേന്ദ്രസർക്കാർ നിലപാടിനെ വിമർശിച്ച രവീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി രൂക്ഷമായി വിമർശിച്ച ഇന്ത്യൻ എക്സ്പ്രസ് ചീഫ് എഡിറ്റർ കമൽ ഝായുടെ മറുപടിയും ഷോയിൽ ആവർത്തിച്ചു. 'റീട്വീറ്റുകളും ലൈക്കുകളും കണ്ട് വളരുന്ന ഒരു പുതിയ തലമുറ മാദ്ധ്യമപ്രവർത്തകർ നമുക്കുണ്ട്. അവർക്ക് അറിയില്ല സർക്കാരിൽനിന്നുള്ള വിമർശനമാണ് മാദ്ധ്യമ പ്രവർത്തനത്തിലെ അംഗീകാരത്തിന്റെ ഏറ്റവും വലിയ മുദ്രയെന്ന്.'
അതിനിടെ, പത്താൻകോട്ട് ഭീകരാക്രമണ റിപ്പോർട്ടുകളുടെ പേരിൽ എൻഡിടിവിയുടെ ഹിന്ദി ചാനലായ എൻഡിടിവി ഇന്ത്യക്ക് വിലക്ക് പ്രഖ്യാപിച്ച നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണു ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു വിമർശിച്ചത്. കേന്ദ്രനടപടി നിയമവിരുദ്ധമാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടു. തത്സമയസംപ്രേഷണത്തിന്റെ പേരിലാണ് ചാനലിനെതിരെ നടപടിയെന്നും റിപ്പോർട്ടിങ്ങിന്റെ പേരിലല്ലെന്നും കട്ജു ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. ഇത് രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ സർക്കാർനടപടി നിയമവിരുദ്ധമാണ് - കട്ജു പറഞ്ഞു.
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നതിന് ഉദാഹരണമായാണു പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾ സർക്കാർ നടപടിയെ വിലയിരുത്തിയത്. എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്‌സ്, ഡൽഹി പ്രസ് ക്ലബ് തുടങ്ങി പത്രാധിപന്മാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും സംഘടനകൾ നടപടിയെ ശക്തമായി അപലപിച്ചു. പത്താൻകോട്ട് ഭീകരാക്രമണം റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ വ്യോമതാവളത്തിലെ ആയുധ വിന്യാസങ്ങളെക്കുറിച്ച് എൻഡിടിവി ഇന്ത്യ റിപ്പോർട്ട് നൽകിയെന്നും ഇത് ഭീകരർക്ക് സഹായമായിട്ടുണ്ടാകുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർനടപടി. ആദ്യമായാണ് വാർത്താ റിപ്പോർട്ടിങ്ങിന്റെ പേരിൽ രാജ്യത്ത് ഒരു ചാനലിനെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നത്.
എൻഡിടിവിക്കെതിരായ വിലക്ക് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് അഭിപ്രായപ്പെട്ടു. മാദ്ധ്യമസ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണിത്. മറ്റു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്തതായി ഒന്നും എൻഡിടിവിയും റിപ്പോർട്ട് ചെയ്തിട്ടില്ല. മാദ്ധ്യമങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് തങ്ങൾക്കുള്ള അധികാരം ഉറപ്പിച്ചുനിർത്താനുള്ള സർക്കാർശ്രമത്തിന്റെ ഭാഗമാണിത്. വിലക്ക് ഉത്തരവ് എത്രയും വേഗം പിൻവലിക്കണമെന്നും ഗിൽഡ് ആവശ്യപ്പെട്ടു.
അങ്ങേയറ്റം ഞെട്ടിക്കുന്നതാണ് നടപടിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. പ്രതിപക്ഷനേതാക്കളെ കസ്റ്റഡിയിൽ എടുക്കുക, ചാനലുകളെ വിലക്കുക ഇതെല്ലാം മോദിയുടെ ഇന്ത്യയിൽ ഒരുദിവസംകൊണ്ട് സംഭവിച്ചതാണ്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് അരങ്ങേറുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.