ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പ്രഭാവത്തിന് മങ്ങലേൽക്കില്ലെന്ന് ബിഹാർ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ബിഹാറിൽ മുൻ കാലങ്ങളുടേതിന് വ്യത്യസ്തമായി ബിജെപി വൻ കുതിപ്പു നടത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ എല്ലാം പ്രവചിച്ചിരുന്നു. എന്നാൽ, അധികാരത്തിൽ എത്താനുള്ള സീറ്റ് കിട്ടുമോ എന്ന കാര്യത്തിലായിരുന്നു ആശങ്ക. എക്‌സിറ്റ് പോളുകളിൽ ടുഡേസ് ചാണക്യ മാത്രമാണ് നേരത്തെ ബിജെപി അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞ ദിവസം എക്‌സിറ്റ് പോൾ പ്രഖ്യാപിക്കാതെ കരുതലോടെയും സൂക്ഷ്മമായും വിലയിരുത്തൽ നടത്തിയ എൻഡി ടിവിയുടെ എക്‌സിറ്റ് പോളിൽ ബിജെപിക്ക് മുൻതൂക്കം നൽകുന്നു. നാളെയാണ് ബിഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

ബിജെപി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സഖ്യം 243 സീറ്റിൽ 125 എണ്ണം നേടുമെന്നാണ് പ്രവചനം. മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വംനൽകുന്ന മഹാസഖ്യത്തിന് 110 സീറ്റാണ് എൻ.ഡി.ടി.വി.യുടെ സർവേഫലം പറയുന്നത്. ഓരോ ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിലെ സീറ്റുകളുടെ അടക്കം വിവരങ്ങൾ പരിഗണിച്ചാണ് എൻഡി ടിവിയുടെ എക്‌സിറ്റ് പോള് പുറത്തുവിട്ടത്.

കഴിഞ്ഞദിവസം പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങളിൽ ആറെണ്ണത്തിൽ നാലിലും മഹാസഖ്യം വിജയിക്കുമെന്നാണ് പ്രവചനം. എ.ടി.ജി. സിസറോ, ടുഡേസ് ചാണക്യ എന്നീ ഏജൻസികളാണ് എൻ.ഡി.എ. സഖ്യത്തിന് വിജയം പ്രവചിച്ചത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 155 മുതൽ 166 സീറ്റുകൾ വരെ നേടുമെന്നാണ് ചാണക്യയുടെ സർവ്വേ. നിതീഷ് കുമാറിന്റെ ജനതാദളും (യു) കോൺഗ്രസും ലാലു പ്രസാദ് യാദവിന്റെ ആർജെഡിയും ചേർന്നുള്ള മഹാസഖ്യം 83 മുതൽ 92 വരെ സീറ്റുകളും മറ്റുള്ളവർ അഞ്ചു മുതൽ എട്ടുവരെ സീറ്റുകളും നേടും. കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നത് ചാണക്യയാണ്.

ഡൽഹിയിൽ ആംആദ്മി മുൻതൂക്കം നേടി അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലം. എന്നാൽ രണ്ട് സീറ്റിലൊഴികെ എല്ലായിടത്തും അരവിന്ദ് കെജ്രിവാളിന്റെ ആളുകൾ വിജയിച്ചു. ഇതാകും ബീഹാറിലും നടക്കുകയെന്നും ലാലുവും നിതീഷും പറയുന്നു. നിതീഷ് തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്നും ലാലു ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ അവകാശവാദങ്ങളെ ബിജെപി തള്ളിക്കളയുന്നു. ബീഹാറിൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് അമിത് ഷാ ഇപ്പോഴും പറയുന്നത്. നരേന്ദ്ര മോദി ഫാക്ടർ കരുത്താകുമെന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ മറ്റ് നേതാക്കളാരും ഈ ആത്മവിശ്വാസം പങ്കുവയ്ക്കുന്നില്ല.

പ്രചാരണത്തിന്റെ തുടക്കത്തിൽ ബിജെപിയും സഖ്യകക്ഷികളുമായിരുന്നു മുന്നിലെങ്കിൽ, അവസാനഘട്ടമായപ്പോൾ അതായിരുന്നില്ല സ്ഥിതി. നിതീഷ്‌കുമാറിന്റെ ജനതാദളും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോൺഗ്രസും ചേർന്ന 'മഹാസഖ്യം' വ്യക്തമായി മുന്നേറി. ഇത് തന്നെയാണ് എക്‌സിറ്റ് പോളിലും പ്രതിഫിലിക്കുന്നത്. ആദ്യത്തെ ആത്മവിശ്വാസം ബിജെപി നേതാക്കൾ പ്രകടിപ്പിക്കുന്നുമില്ല. ബിഹാറിൽ വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി എന്നു പറയാതെയാണ് ബിജെപി പ്രചാരണം നടത്തിയത്. മഹാരാഷ്ട്രയിലും ഹരിയാനയിലും പയറ്റിയ ഈ തന്ത്രം ബിഹാറിൽ പരാജയപ്പെട്ടു.

ഒപ്പം അസഹിഷ്ണുതാ വാദമയുർത്തിയുള്ള പ്രചരണങ്ങളുമെന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് ബിജെപിക്ക് കൂടുമെന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന. നേരത്തെ നിതീഷ് സഖ്യത്തിന്റെ ഭാഗമായാണ് ബിജെപി മത്സരിച്ചത്. ഇപ്പോൾ ഒറ്റയ്ക്ക് മത്സരിച്ചിട്ടും നൂറിലേറെ സീറ്റ് കിട്ടുമെന്നത് നേട്ടമായും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ ലോക്‌സഭയിൽ ഏകപക്ഷീയമായ ജയം ബിജെപിയെ കൈവിട്ടുപോയി. അന്ന് നിതീഷും ലാലുവും വെവ്വേറെയാണ് മത്സരിച്ചത്. ഇവർ ഒരുമിച്ചത് തന്നെയാണ് ഫലത്തെ സ്വാധിനിക്കുന്നത് എന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന.